കൊച്ചി വിമാനത്താവളത്തിൽ ഇനി കാര്യങ്ങൾ വേഗത്തിലാവും; ഫുൾ ബോഡി സ്‌കാനറുകൾ പ്രവർത്തനം തുടങ്ങി
കൊച്ചി: കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) കൂടുതൽ പരിഷ്‌കാരങ്ങൾ. യാത്രക്കാരുടെ സുരക്ഷാ പരിശോധന വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഫുൾ ബോഡി സ്‌കാനറിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിച്ചു. ഏറെക്കാലമായി വിമാനത്താവളം കാത്തിരിക്കുന്ന ഈ അപ്‌ഡേറ്റ് അടുത്തിടെയാണ് അവിടേക്ക് കൊണ്ട് വന്നത്.
ആദ്യഘത്തിൽ ഇത് പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. ഇതിന്റെ പുരോഗതി അനുസരിച്ചായിരിക്കും തുടർ നടപടികൾ. ഫുൾ ബോഡി സ്‌കാനറുകൾക്ക് പുറമേ സുരക്ഷാ പരിശോധനയ്ക്കിടെ ക്യാബിൻ ബാഗേജുകൾ വേഗത്തിൽ നീക്കം ചെയ്യാനായി ഒരു ഓട്ടോമേറ്റഡ് ട്രേ റിട്രീവൽ സിസ്‌റ്റം (എടിആർഎസ്) കൂടി കൊച്ചി വിമാനത്താവളത്തിൽ അധികൃതർ അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

ആഭ്യന്തര ടെർമിനലിലെ സുരക്ഷാ പരിശോധനാ മേഖലയിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സിയാൽ മാനേജിംഗ് ഡയറക്‌ടർ എസ് സുഹാസ് ഫുൾ ബോഡി സ്‌കാനർ ഉദ്ഘാടനം ചെയ്‌തു. എയർപോർട്ട് ഡയറ്കടർ ജി മനു, ചീഫ് ടെക്നോളജി ഓഫീസർ എസ് സന്തോഷ്, ചീഫ് എയറോഡ്രോം സെക്യൂരിറ്റി ഓഫീസർ നാഗേന്ദ്ര ദേവ്റാരി, സിയാലിലെ വിവിധ വകുപ്പുകളുടെ തലവൻമാർ എന്നിവർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.
നിലവിൽ, രണ്ട് ടെർമിനലുകളിലുമായി 32 ഡിഎഫ്എംഡി പോയിന്റുകളാണ് പരിശോധനയ്ക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതുവഴി കടന്നുപോകുന്ന യാത്രക്കാർ പിന്നീട് ശാരീരിക പരിശോധനകൾക്ക് വിധേയരാകുന്നു. എന്നാൽ ഇപ്പോൾ അവതരിപ്പിച്ച ഫുൾ ബോഡി സ്‌കാനറുകൾ പൂർണ്ണമായി പ്രവർത്തനക്ഷമമാകുന്നതോടെ, സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്ന ശാരീരിക പരിശോധനകൾ ഒഴിവാക്കാൻ സാധിക്കും.
രണ്ട് ടെർമിനലുകളിലും ഓരോ ഫുൾ ബോഡി സ്‌കാനറുകൾ വീതമാണ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) അംഗീകാരം ലഭിച്ചതിന് ശേഷം എല്ലാ സുരക്ഷാ പോയിന്റുകളിലും ഫുൾ ബോഡി സ്‌കാനറുകൾ സ്ഥാപിക്കാനാണ് തീരുമാനം. അങ്ങനെ വരുമ്പോൾ യാത്രക്കാർക്ക് അധിക സമയം ഇതിനായി ചിലവഴിക്കേണ്ടി വരില്ല.
അതിനിടെ വിമാനത്താവളത്തിലെ രണ്ടാം റൺവേയും ടാക്‌സി ബേ, അനുബന്ധ വ്യോമ ഭാഗത്തെ വികസന പ്രവർത്തനങ്ങൾ, പുതിയ പാസഞ്ചർ ടെർമിനലുകളും കാർഗോ കോംപ്ലക്‌സും, വിമാനത്താവളത്തിലേയ്ക്കുള്ള മൾട്ടി മോഡൽ കണക്റ്റിവിറ്റി, സിയാലിന്റെ കൈവശമുള്ള ഭൂമിയുടെ പരമാവധി വികസന സാധ്യതകൾ എന്നിവ ഉൾപ്പെടുന്ന മാസ്‌റ്റർ പ്ലാനും തയ്യാറാവുന്നുണ്ട്.
10 മാസമാണ് പ്ലാൻ തയാറാക്കാൻ അനുവദിച്ചിരിക്കുന്ന സമയം. ടെൻഡറുകൾ അടുത്ത ദിവസങ്ങളിൽ തന്നെ തുറന്ന് കൺസൽറ്റൻസിയെ കണ്ടെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിലെ രീതിയിൽ കാര്യങ്ങൾ പുരോഗമിച്ചാൽ ഈ വർഷം അവസാനത്തോടെ മാസ്‌റ്റർ പ്ലാൻ തയ്യാറാവുമെന്നാണ് ലഭ്യമായ വിവരം. കൂടാതെ മറ്റ് പല മാറ്റങ്ങളും വിമാനത്താവളത്തിൽ അധികൃതർ പടിപടിയായി നടപ്പാക്കുന്നുണ്ട്.












Click it and Unblock the Notifications