കൊച്ചി നഗരവാസികളുടെ ആ പരാതി തീരുന്നു; കനാലുകൾ നവീകരിക്കാൻ പദ്ധതി, 2000 കോടി ചിലവിൽ..!
കൊച്ചി: നഗരത്തിൽ ഏറെക്കാലമായി അവഗണിക്കപ്പട്ട കനാൽ ശൃംഖലയ്ക്ക് പുനരുജ്ജീവൻ യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങൾ സജീവമാവുകയാണ്. കൊച്ചി നഗരത്തെ സംബന്ധിച്ച് ഇത് ആശ്വാസ വാർത്തയാണ്. 2000 കോടി രൂപയുടെ പദ്ധതി നിർദ്ദേശവും ഇതിന്റെ നടത്തിപ്പിനായി ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കാനുള്ള തീരുമാനവും അന്താരാഷ്ട്ര പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി സമർപ്പിച്ചിട്ടുണ്ട് എന്നതാണ് ഇതിലെ ഏറ്റവും ഒടുവിലത്തെ ഇടപെടൽ.
കൊച്ചി കോർപ്പറേഷൻ, സി-എച്ച്ഇഡി, ഐസിഎൽഇഐ സൗത്ത് ഏഷ്യ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ശിൽപശാലയിൽ ഉദ്യോഗസ്ഥരും മറ്റ് വിദഗ്‌ധരും ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. പാരിസ്ഥിതികവും എഞ്ചിനീയറിങ് പരവുമായ ഇടപെടലുകൾ സമന്വയിപ്പിച്ചുള്ള ഒരു ബഹുമുഖ പദ്ധതിയുടെ രൂപരേഖ ഇവിടെ അവതരിപ്പിച്ചിരുന്നു.

ഭാവിതലമുറകൾക്കായി ജലപാതകൾ സംരക്ഷിക്കാൻ കനാൽ പുനരുദ്ധാരണ ശ്രമങ്ങൾ സജീവമായി മുന്നോട്ട് കൊണ്ടുപോകുമെന്നാണ് അധികൃതർ അറിയിച്ചത്. ഒരു കാലത്ത് കൊച്ചിയുടെ ഗതാഗതത്തിനും മത്സ്യബന്ധനത്തിനും പ്രധാന ധമനികളായിരുന്ന കനാലുകൾ, വർഷങ്ങളുടെ അവഗണന മൂലം ഇന്ന് മാലിന്യം തള്ളുന്ന ചാലുകളായി മാറിയെന്നതാണ് വെല്ലുവിളിയെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ 'ജനറേഷൻ റീസ്‌റ്റോറേഷൻ' പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട എട്ട് നഗരങ്ങളിൽ ഒന്നാണ് കൊച്ചി. 10 കിലോമീറ്റർ ദൈർഘ്യമുള്ള തേവര-പേരണ്ടൂർ (ടിപി) കനാലാണ് ഇതിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിൽ ഒന്ന്. തുറന്ന മലിനജല ഒഴുക്ക്, പ്ലാസ്‌റ്റി ക് മാലിന്യം, തുടർച്ചയായ മാലിന്യ നിക്ഷേപം എന്നിവ കനാലിന്റെ ഗുരുതരമായ പാരിസ്ഥിതിക തകർച്ചയ്ക്ക് കാരണമായി.
ഈ വെല്ലുവിളികൾ നേരിടാൻ ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കാൻ അധികൃതർ നിർദ്ദേശിച്ചു. മലിനജല ഓഡിറ്റ്, അടിസ്ഥാന സൗകര്യ വിലയിരുത്തൽ, നിരന്തര നിരീക്ഷണം എന്നിവ എസ്‌പിവിയുടെ പ്രധാന ചുമതലകളായിരിക്കും. പ്രാദേശികവാസികൾ, കൗൺസിലർമാർ, എൻജിഒകൾ എന്നിവരുടെ സജീവ പങ്കാളിത്തത്തിനും പദ്ധതി ഊന്നൽ നൽകുന്നു.
കനാൽ ശുചീകരണത്തിനപ്പുറം വികസന പ്രവർത്തനങ്ങൾ കൂടി പദ്ധതി ലക്ഷ്യമിടുന്നു. ഇതിൽ കനാൽ തീരത്ത് കാൽനടപ്പാതകൾ, സൈക്കിൾ ട്രാക്കുകൾ, മൊബിലിറ്റി ഹബ്ബുകൾ എന്നിവ ഉൾപ്പെടും. പരിസ്ഥിതി, നയപരമായ കാര്യങ്ങൾ, ഗതാഗതം, സാമൂഹിക-സാംസ്‌കാരിക ഏകീകരണം, സാമ്പത്തിക സുസ്ഥിരത എന്നിങ്ങനെ അഞ്ച് പ്രധാന മേഖലകളെ അടിസ്ഥാനമാക്കിയാണ് പദ്ധതിയുടെ വിശാലമായ ചട്ടക്കൂട്.
2000 കോടി രൂപയുടെ പദ്ധതി നിർദ്ദേശം യുഎൻഇപിക്ക് സമർപ്പിച്ച് ഫണ്ടിനായുള്ള പിന്തുണ കാത്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കൊച്ചി സ്‌മാർട്ട് കനാൽ പദ്ധതിയുടെ ഭാഗമായി ഫോർട്ട് കൊച്ചിയിലെ പണ്ടാറച്ചാൽ കനാലിന്റെ സാങ്കേതിക, പാരിസ്ഥിതിക, സാമൂഹിക വശങ്ങൾ ഉൾപ്പെടുന്ന ഒരു സാധ്യതാ പഠന റിപ്പോർട്ടും സമാന്തരമായി അവതരിപ്പിച്ചു.
അതിനിടെ കനാൽ പുനരുദ്ധാരണം മാത്രം മതിയാകില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്. വേമ്പനാട് കായൽ, പെരിയാർ നദി തുടങ്ങിയ പരസ്‌പരം ബന്ധിതമായ ജലസംവിധാനങ്ങളെ ബാധിക്കുന്ന വലിയ പാരിസ്ഥിതിക പ്രതിസന്ധിക്ക് സമഗ്രമായ പരിഹാരം കാണേണ്ടത് അനിവാര്യമാണെന്ന് അവർ എടുത്തുപറയുന്നു.
ഒരു കാലത്ത് കൊച്ചിയിൽ ഗതാഗതത്തിനും മറ്റ് ആവശ്യങ്ങൾക്കും ഏറ്റവും അധികം ആശ്രയിച്ചിരുന്നവ ആയിരുന്നു കനാലുകൾ. ഇന്ന് അവ മാലിന്യം കൂമ്പാരം ആയി മാറിയതോടെ സുരക്ഷയുടെ കാര്യത്തിലും നിരന്തരം ആശങ്കകൾ ഉയർന്നിരുന്നു. മഴക്കാലത്ത് ജലജന്യ രോഗങ്ങളുടെ ഉറവിടമായി കനാലുകൾ മാറുന്നു എന്ന ആക്ഷേപവും ശക്തമായിരുന്നു.












Click it and Unblock the Notifications