കൊച്ചി കണ്ടെയ്‌നർ റോഡിന് ഒടുവിൽ ശാപമോക്ഷം; ഒരു മാസത്തിനുള്ളിൽ തെരുവ് വിളക്കുകൾ തെളിയും!
കൊച്ചി: നഗരത്തിലെ യാത്രക്കാരും കാൽനടക്കാരും അനുഭവിക്കുന്ന ദുരിതങ്ങൾ ഏറെയാണ്. അത്തരത്തിൽ ഏറെ പരാതി ഉയർന്ന റോഡുകളിൽ ഒന്നായിരുന്നു കണ്ടെയ്‌നർ റോഡ്.ഇരുട്ടിലായിരുന്ന ഈ പാത അപകടങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ ഏകദേശം രണ്ട് വർഷത്തോളം നീണ്ട ഇരുട്ടിന് വിരാമമിട്ട് ഇവിടുത്തെ തെരുവുവിളക്കുകൾ പ്രകാശിക്കാനൊരുങ്ങുന്നു. റോഡിലെ വിളക്കുകൾ ഒരു മാസത്തിനുള്ളിൽ വൈദ്യുതീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ചതോടെയാണ് പ്രതീക്ഷ കൈവരുന്നത്.
ഇതുവരെയും വൈദ്യുതീകരണം വൈകാനുള്ള പ്രധാന കാരണം ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിലെ തടസങ്ങളായിരുന്നു. അടുത്തിടെ ഈ പ്രവൃത്തികൾ ആരംഭിച്ചതോടെയാണ് പ്രകാശമെന്ന പ്രതീക്ഷ സജീവമായത്. 'ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്, ഇത് ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കരാറുകാരൻ അറിയിച്ചിട്ടുണ്ട്' എന്നാണ് ദേശീയപാത അതോറിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലിനെ നഗരവുമായി ബന്ധിപ്പിക്കുന്ന 17 കിലോമീറ്റർ ദൂരമുള്ള പാതയാണിത്. വാണിജ്യ ആവശ്യങ്ങൾക്കായി കണ്ടെയ്‌നർ ലോറികൾ ഉൾപ്പെടെ പ്രതിദിനം നാൽപ്പതിനായിരത്തോളം വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തെരുവുവിളക്കുകളില്ലാത്തത് സന്ധ്യമയങ്ങിയാൽ ഈ പാതയെ അപകടമേഖലയാക്കി മാറ്റിയിരുന്നു.
ദേശീയപാത അതോറിറ്റിയും കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും തമ്മിൽ ട്രാൻസ്ഫോർമറുകളുടെ ആവശ്യകതകളെയും ചിലവുകളെയും ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതകളായിരുന്നു ഈ അനിശ്ചിതാവസ്ഥയ്ക്ക് കാരണം. റോഡിലെ 1100-ൽ അധികം തെരുവുവിളക്കുകൾക്ക് വൈദ്യുതി നൽകാൻ സാധിക്കുന്നില്ലെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു. രണ്ട് ട്രാൻസ്ഫോർമറുകൾക്ക് ഒൻപത് ലക്ഷം രൂപ വീതം നിരക്കിൽ 18 ലക്ഷം രൂപയുടെ ഡിമാൻഡ് നോട്ട് കെഎസ്ഇബി ആദ്യം ദേശീയപാത അതോറിറ്റിക്ക് നൽകിയിരുന്നു.
എന്നാൽ, അവർ പിന്നീട് ഈ ആവശ്യം തിരുത്തി, നാല് ട്രാൻസ്ഫോർമറുകൾക്ക് ഒരു കോടി രൂപയിലധികം വരുന്ന എസ്‌റ്റിമേറ്റ് സമർപ്പിച്ചു. നിസാരമെന്ന് എൻഎച്ച്എഐ വിശേഷിപ്പിച്ച ഈ എസ്‌റ്റിമേറ്റിനെ പിന്തുണയ്ക്കാൻ കെഎസ്ഇബിക്ക് മതിയായ രേഖകളോ ന്യായീകരണങ്ങളോ ഉണ്ടായിരുന്നില്ല, അതിനാൽ കാര്യമായ പുനഃപരിശോധന വേണമെന്ന് എൻഎച്ച്എഐ ആവശ്യപ്പെട്ടു. എന്നിട്ടും ഇരു ഏജൻസികളും പരസ്‌പരം നിലപാട് മാറ്റാനായി കാത്തിരുന്നുവെന്നും പ്രദേശവാസികൾ തന്നെ ആക്ഷേപിക്കുന്നു.
തുടക്കത്തിൽ, ഒരു പുതിയ 100 kVA ട്രാൻസ്ഫോർമർ സ്ഥാപിക്കാനും നിലവിലുള്ള 100 kVA ട്രാൻസ്ഫോർമർ 160 kVA ആയി ഉയർത്താനും ദേശീയപാത അതോറിറ്റി സമ്മതിച്ചു. എന്നാൽ, ഈ നടപടി മാത്രം ഈ മേഖലയിലെ വൈദ്യുതി ആവശ്യകതകൾ നിറവേറ്റാൻ പര്യാപ്‌തമല്ലെന്ന് കെഎസ്ഇബി നിലപാടെടുത്തതോടെയാണ് ഇത് കീറാമുട്ടിയായത്.
വെളിച്ചക്കുറവ് കാരണം ഈ പാതയിൽ അനധികൃതമായി മാലിന്യം തള്ളൽ, തെരുവ് നായ ശല്യം, ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവ സാരമായി വർധിച്ചിട്ടുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാണിച്ചിരുന്നു. 100 കോടി ചിലവഴിച്ച് നിർമ്മിച്ച പാതയിലാണ് ഈ ദുർഗതി. അധിക ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചില്ലെങ്കിൽ, റോഡിനോട് ചേർന്നുള്ള പഞ്ചായത്തുകളിലെ ഏകദേശം 4000 വീടുകൾക്ക് വൈദ്യുതി പ്രതിസന്ധി ഉണ്ടാവുമെന്ന കെഎസ്ഇബിയുടെ മുന്നറിയിപ്പ് കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ നടപടികൾ.












Click it and Unblock the Notifications