കൊച്ചി ഇൻഫോപാർക്ക് മൂന്നാംഘട്ടം; നടക്കുന്നത് ചെറിയ കളിയല്ല, 500 ഏക്കറിൽ ഒരുങ്ങുന്നു, വമ്പൻ നഗരം!
കൊച്ചി: നഗരത്തിലെ പലവിധത്തിലുള്ള വികസന, നവീകരണ വാർത്തകൾ ഇടയ്ക്കിടെ പുറത്ത് വരാറുണ്ട്. റോഡുകൾ, പാലങ്ങൾ, മെട്രോ, വാട്ടർ മെട്രോ എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഒരുപോലെ ഉള്ള കൊച്ചി നഗരത്തിന് ലോക ഭൂപടത്തിൽ സ്ഥാനം നൽകിയതിൽ ഇൻഫോപാർക്ക് വഹിച്ചിരിക്കുന്ന പങ്ക് ചെറുതല്ല. അന്യനാടുകളിൽ നിന്ന് പോലും ആളുകൾ എത്തുന്ന ഒരു ഇടം കൂടിയാണ് ഇൻഫോപാർക്ക് എന്നതാണ് പ്രത്യേകത.
അത്തരത്തിൽ കഴിഞ്ഞ കുറച്ച് കാലമായി ഇൻഫോപാർക്കിൽ തകൃതിയായി ജോലികൾ നടന്നുവരുന്നുണ്ട്. രണ്ടാംഘട്ട വികസനത്തിന് ഒപ്പം തന്നെ ഇൻഫോപാർക്ക് കാത്തിരിക്കുന്ന മൂന്നാംഘട്ട വികസനവും ഇവിടെ നടന്നുവരുന്നുണ്ട്. കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളിൽ ഒന്നാണ് ഇൻഫോപാർക്ക് മൂന്നാംഘട്ടമെന്ന് നിസംശയം പറയാം. അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ എല്ലാവരും ആകാംഷയിലാണ്.

ഇപ്പോഴിതാ നിർണായകമായ ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. കൊച്ചി ഇൻഫോപാർക്ക് വികസനത്തെ കുറിച്ചുള്ള വിവരമാണ് പുറത്തുവരുന്നത്. നിലവിൽ രണ്ടും മൂന്നും ഘട്ടങ്ങളുടെ വികസന പ്രവർത്തനങ്ങൾ അതിവേഗമാണ് പുരോഗമിക്കുന്നത്. ഓഫീസ് ആവശ്യത്തിനായി നിരവധി വൻകിട കമ്പനികൾ എത്തിയതോടെയാണ് ടൗൺഷിപ്പ് മാതൃകയിൽ ഇൻഫോപാർക്ക് വികസനം നടത്താൻ തീരുമാനിച്ചത്.
ഇപ്പോഴിതാ പദ്ധതിയുടെ ഭൂമി സംഭരണ പ്രക്രിയയുടെ നോഡൽ ഓഫീസറായി ഷാജി വി നായരെ സംസ്ഥാന സർക്കാർ നിയമിച്ചിരിക്കുകയാണ്. കൊച്ചി സ്‌മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) നിലവിലെ സിഇഒ ആയ ഷാജി വി നായരുടെ നിയമനം ഭൂമി സംഭരണ നടപടികൾ വേഗത്തിലാക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി (ജിസിഡിഎ) ഭൂമി സംഭരണത്തിനായി നോഡൽ ഓഫീസറെ നിയമിക്കണമെന്ന് സർക്കാരിനോട് പലപ്പോഴായി ആവശ്യപ്പെട്ടിരുന്നു. ഇൻഫോപാർക്ക് മൂന്നാം ഘട്ടത്തിനായി ഭൂമി സംഭരിക്കേണ്ടതിന്റെ വിശദാംശങ്ങൾ അതോറിറ്റി ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഷാജി വി നായർ കൂടി എത്തിയതോടെ ഇനി നടപടികൾ അതിവേഗത്തിലാവും.
നിലവിൽ ജിസിഡിഎയും ഇൻഫോപാർക്കും തമ്മിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇൻഫോപാർക്ക് മൂന്നാം ഘട്ട പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി അനുയോജ്യമായ ഭൂമി കണ്ടെത്തേണ്ട ചുമതല ജിസിഡിഎക്കാണ്. ഭൂമി സംഭരണം എന്നാൽ ഒരു കൂട്ടം ഭൂവുടമകൾ പൊതു പദ്ധതികൾക്കോ അടിസ്ഥാന സൗകര്യ വികസനത്തിനോ വേണ്ടി അവരുടെ ഭൂമി കൂട്ടായി കൈമാറുന്ന നടപടിയാണ്.
കിഴക്കമ്പലം വില്ലേജിൽ 300 ഏക്കറിലാണ് ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനം ലക്ഷ്യമിടുന്നത്. ഇത്രയും വിപുലമായ സജ്ജീകരണത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക മേഖലയും ഇത് തന്നെയായിരിക്കും എന്നാണ് വിലയിരുത്തൽ. ആകെ 500 ഏക്കറിലധികം വികസനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തിയായാൽ 25000 കോടിയോളം രൂപയുടെ നിക്ഷേപം ഇവിടേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
പദ്ധതിയുടെ ഭാഗമായി 200,000 നേരിട്ടുള്ള തൊഴിലവസരങ്ങളും 400,000 പരോക്ഷ തൊഴിലവസരങ്ങളും ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. കൂടാതെ നാലാംഘട്ട വികസന മാതൃകയെ കുറിച്ചും സർക്കാർ നേരത്തെ വിവരങ്ങൾ പങ്കുവച്ചിരുന്നു. അത്യാധുനിക ഐടി സമുച്ചയങ്ങൾ, ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ ഉൾപ്പെടുന്ന മാതൃകയുടെ വിവരങ്ങളാണ് സർക്കാർ പങ്കുവച്ചത്.












Click it and Unblock the Notifications