കൊച്ചി മെട്രോ രണ്ടാം ഘട്ടം; പടമുകളിലും പാലാരിവട്ടത്തും ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കും

കൊച്ചി: കാക്കനാട് ഇൻഫോപാർക്ക് മുതൽ കലൂർ വരെയുള്ള മെട്രോ റെയിൽ പാതയ്ക്കായി പടമുകളിലും പാലാരിവട്ടത്തും ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കും. എറണാകുളം കളക്‌ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഭൂവുടമകൾക്ക് നഷ്‌ടപരിഹാരം നൽകി ഒരു മാസത്തിനകം സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പടമുകളിലും പാലാരിവട്ടത്തും മെട്രോ സ്‌റ്റേഷനുകൾ നിർമ്മിക്കാൻ ആവശ്യമായ ഭൂമിയുടെ ചെറിയ ഭാഗങ്ങളാണ് ഇനി ഏറ്റെടുക്കാനുള്ളത്. സ്ഥലമേറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് ഡെപ്യൂട്ടി കളക്‌ടർ എസ് ഷാജഹാൻ യോഗത്തിൽ അറിയിച്ചു. ഈ രണ്ട് സ്ഥലങ്ങളിലും ഭൂമി ലഭിക്കുന്നതോടെ മെട്രോ റെയിലിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാകും.

kochi metro

പാലാരിവട്ടത്ത് ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് കുറവാണെങ്കിലും നഷ്‌ടപരിഹാരം നൽകേണ്ടവരുടെ എണ്ണം കൂടുതലാണ്. ഭൂവുടമകൾക്ക് പുറമേ കെട്ടിടങ്ങളിലെ മുറികൾ വാടകയ്ക്കെടുത്തവർ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്കും നഷ്‌ടപരിഹാരം നൽകേണ്ടതുണ്ട്. ഇവരുടെ അവകാശവാദങ്ങൾ കേൾക്കുന്ന നടപടികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.

ഇൻഫോപാർക്ക് മേഖലയിലാണ് ഇനി ഭൂമിയേറ്റെടുക്കൽ നടപടി പൂർത്തിയാക്കാനുള്ളത്. ഇവിടെ മെട്രോ റെയിലിന്റെ നിർമ്മാണം ആരംഭിച്ചുകഴിഞ്ഞു. അതിനാൽ ശേഷിക്കുന്ന സ്ഥലമേറ്റെടുക്കൽ നടപടികൾ നിർമ്മാണത്തെ ബാധിക്കുന്നില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പടമുകളിലും പാലാരിവട്ടത്തും ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ഇൻഫോപാർക്ക്-കലൂർ മെട്രോ പാതയിലെ സ്വകാര്യ ഭൂമിയുമായി ബന്ധപ്പെട്ട പ്രധാന നടപടികൾക്ക് കൂടുതൽ വ്യക്തത ലഭിക്കും.

സ്‌റ്റേഷനുകളുടെ നിർമ്മാണത്തിനാവശ്യമായ ഭൂമി ലഭ്യമാക്കുന്നത് പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്ക് സഹായകരമാകും. അതേസമയം, റൂട്ടിലെ പതിനൊന്ന് മെട്രോ സ്‌റ്റേഷനുകളിൽ ഒൻപത് ഇടങ്ങളിൽ നിർമ്മാണം പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിൽ മാത്രമായതിനാൽ പടമുകളിൽ സ്‌റ്റേഷൻ നിർമ്മാണം വൈകുകയായിരുന്നു. കൊച്ചിയിലെ പ്രധാന കേന്ദ്രമായ സ്‌മാർട്ട് സിറ്റിക്ക് സമീപത്തുയരേണ്ട പതിനൊന്നാമത്തെ മെട്രോ സ്‌റ്റേഷൻ നിർമ്മാണവും തുടങ്ങിയിരുന്നില്ല.

കലൂർ നെഹ്‌റു സ്‌റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള 11.2 കിലോമീറ്ററാണ് കൊച്ചി മെട്രോ രണ്ടാം ഘട്ടം. കാക്കനാട് ഇൻഫോപാർക്ക്, സ്‌മാർട്ട് സിറ്റി എന്നിവയെ എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന ഗുണം. 2027 ഓഗസ്‌റ്റിൽ ഈ പാത പൂർണമായും കമ്മീഷൻ ചെയ്യാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ലക്ഷ്യമിടുന്നത്. ഏകദേശം 1957 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചിലവ് പ്രതീക്ഷിക്കുന്നത്.

11 സ്‌റ്റേഷനുകൾ ഈ റൂട്ടിലുണ്ടാവും. പാലാരിവട്ടം ജംഗ്‌ഷൻ, പാലാരിവട്ടം ബൈപാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, കാക്കനാട് ജംഗ്‌ഷ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക്, സ്‌മാർട്ട് സിറ്റി എന്നിവയാണ് സ്‌റ്റേഷനുകൾ. പദ്ധതി പൂർത്തിയാവുന്നതോടെ ആയിരക്കണക്കിന് യാത്രക്കാർക്ക് ഗുണം ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma