കൊച്ചി മെട്രോ മൂന്നാം ഘട്ടം; മാർക്കിംഗ് ആരംഭിച്ചു, വിമാനത്താവളം വഴി കടന്നുപോകും! അങ്കമാലി വരെ നീളും
കൊച്ചി: നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ പദ്ധതികളിൽ ഒന്നായിരുന്നു മെട്രോയുടെ കടന്നുവരവ്. കേരളത്തിലെയും പുറത്തുനിന്നുള്ള ആയിരക്കണക്കിന് പേരുടെയും ആശ്രയമായ നഗരത്തിലെ തിരക്ക്, പ്രത്യേകിച്ച് ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ കൊച്ചി മെട്രോ വഹിക്കുന്ന പങ്ക് ചെറുതല്ല. അതിന്റെ കൃതജ്ഞതയെന്നോണം വർഷംതോറും മെട്രോ ഉപയോഗിച്ച് വരുന്ന ആളുകളുടെ എണ്ണം ഗണ്യമായി വർധിച്ചു വരികയാണ്.
അതിന്റെ ചുവടുപിടിച്ച് മെട്രോ വികസിക്കുകയും ചെയ്യുന്നുണ്ട്. പ്രാരംഭഘട്ടത്തിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾക്ക് അപ്പുറം കൂടുതൽ മേഖലകളിലേക്ക് മെട്രോ വിപുലീകരിക്കുകയാണ്. മെട്രോയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ അഥവാ പിങ്ക് ലൈന്റെ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. അതിനിടയിലാണ് കൂടുതൽ ദീർഘദൃഷ്‌ടിയോടെ മെട്രോ മൂന്നാം ഘട്ടത്തിന് കൂടി ഇപ്പോൾ ആരംഭമായിരിക്കുന്നത്.

ആലുവയിൽ നിന്നു കൊച്ചി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് മെട്രോ സർവീസ് നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള മാർക്കിംഗ് ആണിപ്പോൾ തുടങ്ങിയിരിക്കുന്നത്. മൂന്നാംഘട്ട പാതയുടെ വിശദ പദ്ധതി രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി അങ്കമാലി പഴയ പൊലീസ് ക്വാർട്ടേഴ്‌സിന് സമീപം ദേശീയപാതയോരത്താണ് മാർക്കിംഗ് നടത്തിയിരിക്കുന്നത്.
ഹരിയാന ആസ്ഥാനമായുള്ള കമ്പനിയാണ് മേഖലയിൽ മാർക്കിംഗ് നടത്തുന്നത്. വിശദ പദ്ധതിരേഖ 6 മാസത്തിനുള്ളിൽ തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് കൂടി പ്രയോജനം ലഭിക്കുന്നതിനാണ് കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടമെന്ന നിലയിൽ അങ്കമാലിയിലേക്ക് നീട്ടുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന സിയാൽ എയർപോർട്ടിലേക്ക് കൂടുതൽ എളുപ്പത്തിൽ ഇത് വഴി എത്താം.
18 കിലോമീറ്റർ നീളമുള്ള പാതയാണ് ഇവിടെ ലക്ഷ്യമിടുന്നത്. കൊച്ചി വിമാനത്താവളത്തിലേക്കുള്ള 3 കിലോമീറ്ററിലേറെ ദൂരം ഭൂഗർഭ പാതയായാണ് വിഭാവനം ചെയ്യുന്നത്. കൊച്ചി വിമാനത്താവളം, അങ്കമാലി എന്നിവിടങ്ങളിലേക്ക് മെട്രോ നീട്ടുകയാണെങ്കിൽ ജില്ലയുടെ വടക്കൻ മേഖലയിൽ വൻ വികസന കുതിപ്പ് തന്നെ ഉണ്ടാവുമെന്നാണ് കരുതുന്നത്.
അങ്കമാലി പ്രദേശത്ത് നിന്ന് പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാരാണ് ആലുവ, എറണാകുളം ഉൾപ്പെടെയുള്ള നഗര പ്രദേശങ്ങളിൽ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോകുന്നത്. നിലവിൽ ഈ യാത്രക്കാരിൽ ഭൂരിഭാഗവും കെഎസ്ആർടിസി, ട്രെയിൻ എന്നിവയെയാണ് ആശ്രയിക്കുന്നത്. കൂടുതൽ ട്രെയിനുകൾക്ക് സ്‌റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേക്ക് ഒട്ടേറെ നിവേദനങ്ങൾ നൽകിയെങ്കിലും ഇക്കാലം വരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിൽ മെട്രോയുടെ അടുത്ത ഘട്ടത്തില്‍ അങ്കമാലിയെ ബന്ധിപ്പിക്കുമ്പോള്‍ നിരവധി യാത്രക്കാര്‍ക്ക് ഗുണം കിട്ടുമെന്നാണ് പ്രതീക്ഷ. മാത്രമല്ല വിശാലകൊച്ചിയുടെ പരിധിയിലുള്ള കറുകുറ്റി വരെ മെട്രോ നീട്ടണമെന്നാണ് അങ്കമാലിക്കാർ ഉന്നയിക്കുന്ന ആവശ്യം. ഇത് നടന്നാൽ മേഖലയുടെ വളർച്ച ത്വരിതഗതിയിൽ ആവും.
മെട്രോ രണ്ടാംഘട്ടം പുരോഗമിക്കുന്നു
മെട്രോ രണ്ടാംഘട്ടം അഥവാ പിങ്ക് ലൈനിന്റെ പ്രവർത്തികൾ പുരോഗമിക്കുകയാണ് അതിവേഗത്തിൽ. കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നിന്ന് കാക്കനാട്ടേക്കുള്ള മെട്രോ രണ്ടാംഘട്ടത്തിൽ ഉപ്പെടുന്ന 5 സ്‌റ്റേഷനുകളിലേക്ക് അടുത്തവർഷം ജൂണിൽ സർവീസ് തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ശേഷിക്കുന്ന സ്‌റ്റേഷനുകളിലേക്ക് അടുത്ത വർഷം ഡിസംബറിനകവും സർവീസ് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.
പാലാരിവട്ടം ജംഗ്‌ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ എന്നീ സ്‌റ്റേഷനുകളിലേക്കാണ് ആദ്യം സർവീസ് തുടങ്ങുക. സിവിൽ സ്‌റ്റേഷൻ ജംഗ്‌ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് എന്നിവ രണ്ടാം ഭാഗമായി പൂർത്തിയാക്കും. 11.2 കിലോമീറ്റർ ദൈർഘ്യമുള്ള കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് ഏകദേശം രണ്ടായിരം കോടി രൂപയുടെ അടുത്ത് ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.












Click it and Unblock the Notifications