കൊച്ചി മെട്രോ പിങ്ക് ലൈൻ; പ്രതിമാസ യാത്രക്കാരുടെ എണ്ണം 50 ലക്ഷം കടക്കുമോ? കാത്തിരിപ്പ് അധികം നീളില്ല
കൊച്ചി: നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ച പദ്ധതിയായിരുന്നു മെട്രോ. ഒരിക്കൽ പലരും എഴുതി തള്ളിയ, കൊച്ചിയിൽ വിജയിക്കില്ലെന്ന് പലകുറി ആവർത്തിച്ച പദ്ധതി ഇന്ന് എത്തി നിൽക്കുന്നത് ലാഭത്തിന്റെ ഉയരങ്ങളിലാണ്. രാജ്യത്തെ തന്നെ ഏറ്റവും ആസൂത്രണമുള്ളതും മികച്ച സർവീസ് നടത്തുന്നതുമായ മെട്രോ എന്ന നിലയിലേക്ക് കൊച്ചി മെട്രോ മാറി കഴിഞ്ഞു. അന്നത്തെ വിമർശനങ്ങളെ എല്ലാം കാറ്റിൽ പറത്തിയാണ് അങ്ങനെ നടന്നത്.
വളർച്ചയുടെ പടവുകൾ കയറുമ്പോൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുക എന്നത് ഏതൊരു സ്ഥാപനത്തെയും സംബന്ധിച്ചുള്ള പ്രഥമ പരിഗണനയുള്ള കാര്യങ്ങളിൽ ഒന്നാണ്. അത്തരത്തിൽ കൊച്ചി മെട്രോയുടെ ഭാഗത്ത് നിന്നുള്ള നീക്കമാണ് രണ്ടാംഘട്ടം നടപ്പിലാക്കുക എന്നത്. ഇപ്പോഴിതാ കൊച്ചി മെട്രോ രണ്ടാംഘട്ടമായ പിങ്ക് ലൈൻ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്.

കലൂർ മുതൽ കാക്കനാട് വരെയാണ് രണ്ടാംഘട്ടം. കൃത്യമായി പറഞ്ഞാൽ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം മുതൽ കാക്കനാട്ടെ ഐടി കേന്ദ്രമായ ഇൻഫോപാർക്ക് വരെ നീളുന്ന 11.2 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് കൊച്ചി മെട്രോ രണ്ടാം ഘട്ടമായ പിങ്ക് ലൈൻ സർവീസ്. കൊച്ചി മെട്രോ ആദ്യ ഘട്ടം ആലുവ മുതൽ തൃപ്പൂണിത്തറ വരെയുള്ള 28.125 കിലോമീറ്ററായിരുന്നെങ്കിൽ രണ്ടാംഘട്ടം കൂടി വരുന്നതോടെ അകെ ദൈർഘ്യം 40 കിലോമീറ്റർ കടക്കും.
പിങ്ക് ലൈൻ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ് എന്നതാണ് പ്രധാന കാര്യം. പാടമുഗൾ വരെയുള്ള ഭാഗം അടുത്തവർഷം ജൂണിൽ തുറക്കാനുള്ള ശ്രമത്തിലാണ്. പിങ്ക് ലൈനിലെ ശേഷിക്കുന്ന ഭാഗങ്ങളും 2026 ഡിസംബറോടെ പൂർണമായും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമായി അഞ്ച് സ്‌റ്റേഷനുകൾ അടുത്ത വർഷം ജൂണിൽ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇൻഫോപാർക്ക് ഭാഗത്തേക്കുള്ള മെട്രോ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ അവസാനിക്കുമോ അതോ തൃപ്പൂണിത്തറ പോലുള്ള മറ്റ് സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുമോയെന്ന കാര്യത്തിൽ അധികം വൈകാതെ തീരുമാനമെടുക്കും. ജെഎൽഎൻ സ്‌റ്റേഡിയം സ്‌റ്റേഷനിൽ ബ്ലൂ ലൈനുമായി സംയോജിക്കുന്നതിന് ശേഷം ഇൻഫോപാർക്ക് ലൈൻ ട്രെയിനുകൾ മറ്റ് സ്‌റ്റേഷനുകളിലേക്ക് നീട്ടണമോ എന്ന് തീരുമാനിക്കാൻ കെഎംആർഎൽ അധിക പഠനം നടത്തും.
നിർമ്മാണത്തിന് വെല്ലുവിളികൾ
ഇത്രയൊക്കെ ആണെങ്കിലും ഈ പദ്ധതിക്ക് വെല്ലുവിളികൾ ചിലതുണ്ട്. ദേശീയപാത 66 പാലാരിവട്ടം ഫ്ലൈഓവറിന് മുകളിലൂടെയുള്ള കടന്നുപോകലും മറ്റൊന്ന് ആലുവ മെട്രോ ലൈനിന് മുകളിലൂടെയുള്ള പുതിയ ലൈൻ ഉണ്ടാക്കലുമാണ്. ഇതിന് പുറമെ നിർദ്ദിഷ്‌ട എടപ്പള്ളി-അരൂർ എലിവേറ്റഡ് ഹൈവേ പാലാരിവട്ടം ഫ്ലൈഓവറിനും പുതിയ മെട്രോ ലൈനിനും മുകളിലായി 32 മീറ്റർ ഉയരത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
യാത്രക്കാരുടെ എണ്ണം 50 ലക്ഷം കടക്കുമോ?
പിങ്ക് ലൈൻ വരുന്നതോടെ കൊച്ചി മെട്രോയിലെ പ്രതിമാസ യാത്രക്കാരുടെ എണ്ണം 50 ലക്ഷമായി ഉയരുമെന്ന പ്രതീക്ഷയിലാണ് കെഎംആർഎൽ അധികൃതർ. ആലുവ മുതൽ തൃപ്പൂണിത്തറ വരെയുള്ള ആദ്യഘട്ട റൂട്ട് പ്രതിമാസം ശരാശരി 30 ലക്ഷം യാത്രക്കാരാണ് ഉപയോഗിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്‌റ്റിൽ മെട്രോയുടെ യാത്രാ നിരക്ക് റെക്കോഡ് ഭേദിച്ച് 34,10,250 ആയി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഇനി 50 ലക്ഷം എന്ന ദൂരം അധികമല്ലെന്നാണ് കണക്കുകൂട്ടൽ.
ഇതുവരെയുള്ള പുരോഗതി
പിങ്ക് ലൈൻ പദ്ധതിയുടെ ഭാഗമായി ഇതുവരെ 65 തൂണുകൾ നിർമിക്കുകയും വയഡക്റ്റുകൾക്കും സ്‌റ്റേഷനുകൾക്കുമായി ആയിരത്തിലധികം പൈലുകൾ പൂർത്തിയാക്കുകയും ചെയ്‌തു. കാസ്‌റ്റിങ് യാർഡും സജീവമായി പ്രവർത്തിക്കുന്നുണ്ട്. അവിടെ 100 യു-ഗാർഡറുകൾ, 72 എ -ഗാർഡറുകൾ, 100 പിയർ ക്യാപ്പുകൾ എന്നിവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. എന്തായാലും നിലവിൽ പണികൾ എല്ലാം വേഗത്തിൽ തന്നെ പുരോഗമിക്കുന്നുണ്ട്.












Click it and Unblock the Notifications