കൊച്ചി മെട്രോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കുതിക്കുക ഭൂമിക്കടിയിലൂടെ? 4 റൂട്ടുകൾ പരിഗണനയിൽ
കൊച്ചി: നഗരത്തിലെ യാത്രാ സൗകര്യങ്ങൾ ഫലപ്രദമായി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങൾ എല്ലാം തകൃതിയായി നടക്കുന്നുണ്ട്. മാത്രമല്ല സുപ്രധാന മേഖലകൾ പലതിനെയും തമ്മിൽ ബന്ധിപ്പിക്കാനും നടപടികൾ പുരോഗമിക്കുന്നുണ്ട്. കൊച്ചി നഗരത്തെ സംബന്ധിച്ചിടത്തോളം കേരളത്തിൽ മറ്റെവിടെയും ഇല്ലാത്ത രണ്ട് പ്രത്യേകതകളുണ്ട്, അവയാണ് മെട്രോയും വാട്ടർ മെട്രോയും. അവ കൊച്ചിക്ക് മാത്രം അവകാശപ്പെടാൻ ആവാത്തതാണ്.
ഇപ്പോഴിതാ കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തിന്റെ നടപടികളിലേക്ക് കടക്കുകയാണ് അധികൃതർ. എന്നാൽ വെറുമൊരു മൂന്നാംഘട്ടം എന്നതല്ല ഇതിന്റെ പ്രത്യേകത, മറിച്ച് വിമാനത്താവളം ഉൾപ്പെടെയുള്ള തന്ത്ര പ്രധാന ഇടങ്ങളിലേക്ക് മെട്രോ വ്യാപിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ആലുവയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള പദ്ധതി രൂപരേഖ ഏപ്രിൽ മാസം തയാറാകുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മാത്രമല്ല ഇതിനോടൊപ്പം അങ്കമാലിയിലേക്കുള്ള മെട്രോ പാതയുടെ വിശദമായ രൂപരേഖയും മറ്റ് വിശദാംശങ്ങളും തയ്യാറാകും. പദ്ധതിയുമായി ബന്ധപ്പെട്ട് നാല് അലൈൻമെന്റുകളാണ് പരിഗണനയിലുള്ളതെങ്കിലും പദ്ധതി ചെലവും ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള ഘടകങ്ങളും കൂടി പരിശോധിച്ച ശേഷമാണ് അലൈൻമെന്റ് അന്തിമമാക്കുകയെന്നാണ് വിവരം.
ആലുവയിൽ നിന്ന് ആരംഭിച്ച് ആരംഭിച്ച് ദേശീയപാതയിലൂടെ കരിയാട് വരെ റോഡിന് മുകളിലൂടെ കടന്നുപോകുന്നതാണ് പരിഗണനയിലുള്ള പാത. തുടർന്ന് വിമാനത്താവള ഭാഗത്തേക്ക് ഭൂമിക്കടിയിലൂടെയാകും പാത കടന്നുപോവുക. വിമാനത്താവളത്തിന് ശേഷം വീണ്ടും റോഡിന് മുകളിലൂടെ മെട്രോ കടന്നുപോകുകയും അങ്കമാലി കരയാംപറമ്പിൽ അവസാനിക്കുകയും ചെയ്യുന്നത് പോലെയാവും ഡിസൈൻ.
ദേശീയപാതയിലൂടെ റോഡിന് മുകളിലൂടെ വിമാനത്താവളത്തെ ബന്ധിപ്പിക്കാതെയുള്ള മറ്റൊരു അലൈൻമെന്റ് പരിഗണനയിൽ ഉണ്ടെങ്കിലും നെടുമ്പാശ്ശേരി എയർപോർട്ട് ഒഴിവാക്കിയുള്ള നിർദ്ദേശമായതിനാൽ സാധ്യമാകാനുള്ള സാധ്യത കുറവാണ്. ഏറെ തിരക്കുള്ള ആലുവ മുതൽ വിമാനത്താവളം വഴി അങ്കമാലി വരെയുള്ളതാണ് മറ്റൊരു റൂട്ട്.
അങ്കമാലി റൂട്ടിന്റെ കാര്യത്തിൽ തീരുമാനം വൈകില്ല
അങ്കമാലി റൂട്ടുമായി ബന്ധപ്പെട്ട് മുൻപ് ഗതാഗത പഠനം ഉൾപ്പെടെയുള്ള നടപടികൾ നടന്നിരുന്നു. ആദ്യം തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ആലുവയിൽ നിന്ന് അങ്കമാലി കോതകുളങ്ങര വരെ 11 സ്‌റ്റേഷനുകൾ ഉള്ള നിലയിൽ ആയിരുന്നു ഡിസൈൻ രൂപ കൽപ്പന ചെയ്‌തത്. 3115 കോടി രൂപയായിരുന്നു അന്ന് ചെലവ് ആയി കണക്കാക്കിയിരുന്നത്.
അതേസമയം, 2031ൽ അങ്കമാലി റൂട്ടിൽ 1.12 ലക്ഷം യാത്രക്കാരുണ്ടാകുമെന്നാണ് വിലയിരുത്തിയത്. മൂന്നാം ഘട്ടത്തിന് 8000 കോടി രൂപയിലേറെ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുക. അലൈൻമെന്റ് അനുസരിച്ച് വ്യത്യാസം വരുമെന്നാണ് വിവരം. പൂർണമായും ഭൂമിക്കടിയിലൂടെയാണ് പാതയെങ്കിൽ ചെലവ് പ്രതീക്ഷിക്കുന്നതിലും വർധിക്കുകയും നിർമ്മാണം വൈകുകയും ചെയ്യുമെന്നത് പക്ഷേ ഇതിനുള്ള തിരിച്ചടിയാണ്.
രണ്ടാംഘട്ടം പുരോഗമിക്കുന്നു
അതിനിടെ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ട നിർമ്മാണ ചർച്ചകളും അലൈന്മെന്റും കെഎംആർഎൽ പരിഗണിക്കുന്നത്. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1016.24 കോടി രൂപ വായ്‌പ എടുക്കാൻ അടുത്തിടെ അനുമതി ലഭിച്ചിരുന്നു. കലൂരിലെ ജവഹർ ലാൽ നെഹ്‌റു സ്‌റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെ നീളുന്നതാണ് രണ്ടാം ഘട്ടം.












Click it and Unblock the Notifications