കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടുമോ? സർവേ പുരോഗമിക്കുന്നു, അനുമതി ലഭിച്ചാൽ ഉടൻ ഭൂമിയേറ്റെടുക്കും
കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും കാര്യക്ഷമമായ മെട്രോ സംവിധാനം ഉള്ള ഇടങ്ങളിൽ ഒന്നാണ് കൊച്ചി. അതുകൊണ്ട് തന്നെ നിലവിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് മെട്രോ സർവീസുകൾ. ഒന്നാംഘട്ടം നടപ്പിലായത് കൊണ്ട് മാത്രം അവർ നിർത്തിയിട്ടില്ല. രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും ഒക്കെ പുരോഗമിക്കുകയാണ്. എന്നാൽ ഇപ്പോഴിതാ കൊച്ചി മെട്രോ അങ്കമാലിയിലേക്ക് കൂടി നീട്ടാൻ അണിയറയിൽ പദ്ധതി ഒരുങ്ങുകയാണ്.
മൂന്നാംഘട്ട വികസനത്തോട് അനുബന്ധിച്ചാണ് അങ്കമാലിയിലേക്ക് കൂടി സർവീസ് നീട്ടുന്നത് പരിഗണിക്കുന്നത്. ഇതിനായുള്ള വിശദ പദ്ധതി രേഖ തയ്യാറാക്കുകയാണ് അധികൃതർ ഇപ്പോൾ. ആലുവയിൽ നിന്ന് അങ്കമാലിയിലേക്കു സർവീസ് നീട്ടുന്നതിനായി സർവേ നടത്തി പലയിടങ്ങളിലും കല്ലുകൾ സ്ഥാപിക്കുകയാണ് ഇപ്പോൾ. ആലുവ മുതൽ അങ്കമാലിയിൽ തൃശൂർ റൂട്ടിൽ കരയാംപറമ്പ് വരെയാണ് സർവേ പുരോഗമിക്കുന്നത്.

വിവിധ അലൈൻമെന്റുകളെ കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. അതിൽ തന്നെ പ്രായോഗികവും സാമ്പത്തികപരമായും അനുയോജ്യമാകുന്ന അലൈൻമെന്റ് സർക്കാരിന് സമർപ്പിക്കും. അനുമതി ലഭ്യമായാൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടി തുടങ്ങാനാവുമെന്നാണ് കൊച്ചി മെട്രോ റെയിൽ അധികൃതരുടെ പ്രതീക്ഷ. ഇക്കാര്യത്തിൽ അധികം വൈകാതെ തന്നെ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്.
കൊച്ചി വിമാനത്താവളം, അങ്കമാലി റെയിൽവേ സ്‌റ്റേഷൻ, കെഎസ്ആർടിസി, മുനിസിപ്പൽ ബസ് സ്‌റ്റാൻഡ്, നിർദ്ദിഷ്‌ട നെടുമ്പാശേരി റെയിൽവേ സ്‌റ്റേഷൻ എന്നിവയുമായി ബന്ധപ്പെടുത്തി മെട്രോയെ ഒരൊറ്റ ശൃംഖലയായി മാറ്റണം എന്നത് കാലങ്ങളായി ഉയരുന്ന ആവശ്യമാണ്. അതിന്റെ ഭാഗമായാണ് ഈ നീക്കം. നിലവിലെ സാഹചര്യത്തിൽ ജനവാസമേഖലകളെയും സ്ഥാപനങ്ങളെയും വീടുകളെയും പരമാവധി ഒഴിവാക്കി വേണം അലൈൻമെന്റ് സമർപ്പിക്കാൻ എന്നാണ് ഉയരുന്ന പ്രധാന ആവശ്യം.
അതേസമയം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തായതുകൊണ്ട് ശബ്‌ദമലിനീകരണം, ഉയര പരിധി തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. വിമാനത്താവളത്തിന് സമീപത്ത് ഭൂഗർഭ പാത വേണമെന്ന നിർദ്ദേശവും വന്നിട്ടുണ്ട്. ഭൂഗർഭ പാതയ്ക്ക് ചെലവ് ഏറുമെങ്കിലും സ്ഥലം ഏറ്റെടുക്കലിന്റെ കാലതാമസം ഉണ്ടാകില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
പ്രാഥമിക അലൈൻമെന്റ് തയ്യാറായി
ആലുവയിൽ നിന്നു വിമാനത്താവളത്തിലേക്കും അവിടെ നിന്നു നായത്തോട് വഴി അങ്കമാലി ടൗണിലും കോതകുളങ്ങര വരെയുമുള്ള പ്രാഥമിക അലൈൻമെന്റ് നിലവിൽ തയാറാക്കിയിട്ടുണ്ട്. ഇതിൽ ആലുവ മുതൽ കോതകുളങ്ങര വരെ 14 സ്‌റ്റേഷനുകളാണുള്ളത്. മേഖലയിലെ പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം സ്‌റ്റേഷനുകൾ നൽകുന്ന തരത്തിൽ തന്നെയാണ് പ്രാഥമിക അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് പ്രധാന കാര്യം.
ഈ സ്‌റ്റേഷനുകൾ തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശേരി,അത്താണി, കരിയാട്, എയർപോർട്ട് റെയിൽവേ സ്‌റ്റേഷൻ, വിമാനത്താവളം, നായത്തോട്, കവരപ്പറമ്പ്,എംസി റോഡിൽ അരീക്കൽ ജംഗ്‌ഷൻ, എൽഎഫ് ആശുപത്രി, അങ്കമാലി ടൗൺ, കോതകുളങ്ങര എന്നിങ്ങനെ ആയിരിക്കും. ഇത് യാത്രക്കാർക്ക് വലിയ രീതിയിൽ ഗുണകരമാവും. മാത്രമല്ല പദ്ധതിയുടെ ഭാഗമായി പൊതുജന അഭിപ്രായം കൂടി സ്വീകരിക്കുന്നുണ്ട്.












Click it and Unblock the Notifications