കൊച്ചി ഔട്ടർ റിംഗ് റോഡ് വൈകുന്നു; അവസാന ഭാഗത്തെ അലൈൻമെന്റിൽ അനിശ്ചിതത്വം, വിജ്ഞാപനം നീളും
കൊച്ചി: എട്ട് വരി ഔട്ടർ റിംഗ് റോഡായ കൊച്ചി ഔട്ടർ റിംഗ് റോഡിന്റെ അലൈൻമെന്റിൽ അവസാന ഭാഗത്തെ അനിശ്ചിതത്വം തുടരുന്നു. കുണ്ടന്നൂർ ബൈപാസ് ഉൾപ്പെടുന്ന പദ്ധതിയുടെ അലൈൻമെന്റ് സംബന്ധിച്ച പ്രശ്‌നം പരിഹരിച്ച ശേഷമായിരിക്കും ഭൂമി ഏറ്റെടുക്കലിനുള്ള അടുത്ത വിജ്ഞാപനം പുറപ്പെടുവിക്കുക. ഇതോടെ പദ്ധതിയുടെ തുടർനടപടികൾ വൈകുകയാണ്.
ബൈപാസിന്റെ പ്രാഥമിക വിജ്ഞാപനമായ 3എ കഴിഞ്ഞ മാസമായിരുന്നു പ്രസിദ്ധീകരിച്ചത്. റോഡ് ഏതൊക്കെ വില്ലേജുകളിലൂടെയാണ് കടന്നുപോകുന്നതെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നും വ്യക്തമാക്കുന്നതായിരുന്നു വിജ്ഞാപനം. ചില പ്രദേശങ്ങളിൽ സാറ്റലൈറ്റ് പരിശോധന ഉൾപ്പെടെയുള്ള പുനഃപരിശോധനകൾ നടത്തിയിരുന്നു.

ഈ പരിശോധനകളുടെ റിപ്പോർട്ടുകൾ കൂടി അംഗീകരിച്ച ശേഷം ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുമെന്നായിരുന്നു ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ നൽകിയ സൂചന. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും തുടർ വിജ്ഞാപനം പുറത്തിറങ്ങിയില്ല. ഇതിനിടെയാണ് അലൈൻമെന്റുമായി ബന്ധപ്പെട്ട പുതിയ പ്രശ്‌നം ഉയർന്നത്.
ഇതിന് മുമ്പും പദ്ധതിക്കായി 3എ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ അതിന്റെ കാലാവധി കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ അവസാനിച്ചതോടെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് തിരിച്ചടിയായി. 2025 ഓഗസ്‌റ്റ് 29നകം 3ഡി വിജ്ഞാപനം പുറത്തിറക്കേണ്ടതായിരുന്നു. ഇത് സാധിക്കാതെ വന്നതോടെയാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ വീണ്ടും ആദ്യം മുതൽ ആരംഭിക്കേണ്ട സാഹചര്യമുണ്ടായത്.
പുതിയ 3എ വിജ്ഞാപനത്തിലെ ഭൂരിഭാഗം നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് വീണ്ടും ട്രാഫിക് സർവേ നടത്തിയത്. ഇതിന് പിന്നാലെ റോഡിന്റെ വീതി ആറുവരിയിൽ നിന്ന് എട്ടുവരിയായി ഉയർത്താനും തീരുമാനിച്ചു. ഇതും അലൈൻമെന്റുമായി ബന്ധപ്പെട്ട പരിശോധനകൾക്കും തുടർനടപടികൾക്കും കൂടുതൽ സമയം ആവശ്യമായി വരാൻ കാരണമായി.
ദേശീയപാത 544ൽ അങ്കമാലി കരയാംപറമ്പ് മുതൽ അരൂർ വരെയാണ് ഏകദേശം 49.487 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമ്മിക്കുന്നത്. കൊച്ചി നഗരത്തെയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പദ്ധതികളിലൊന്നായതിനാൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണം എന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം.
അങ്കമാലിയെയും തമ്മിൽ കുണ്ടന്നൂരിനെയും ബന്ധിപ്പിക്കുന്ന കൊച്ചി ന്യൂ ബൈപാസ് പദ്ധതിക്ക് 2017 ജനുവരിയിലാണ് ദേശീയപാത അതോറിറ്റി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ താൽപര്യപത്രം ക്ഷണിച്ചത്. എന്നാൽ അലൈന്മെന്റിനെ ച്ചൊല്ലിയുള്ള തർക്കങ്ങളും സീപോർട്ട്-എയർപോർട്ട് റോഡ് നീട്ടുന്ന ബദൽ നിർദ്ദേശവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ പദ്ധതി വർഷങ്ങളായി വൈകുകയായിരുന്നു.


Click it and Unblock the Notifications
