കൊച്ചി തുറമുഖത്തിന്റെ വികസനം അടുത്ത തലത്തിലേക്ക്; കായലിന് ആഴം കൂട്ടും, ആശങ്ക അറിയിച്ച് ജനങ്ങൾ
കൊച്ചി: നഗരത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് കുതിപ്പേകുന്ന പ്രവർത്തികൾ പലതും അണിയറയിൽ നടക്കുന്നുണ്ട്. ഇപ്പോഴിതാ കൊച്ചി തുറമുഖത്തിന്റെ വികസനത്തിന് വഴിയൊരുക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി വമ്പൻ ജോലികളാണ് ഇവിടെ നടക്കാനിരിക്കുന്നത്. കൊച്ചി കായലിന്റെ ആഴം വർധിപ്പിക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
ഇതിനായി 800 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതിന് ഡ്രെജ്ജിങ് കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവച്ചു. നിലവിൽ കൊച്ചി തുറമുഖത്തെ കായലിന്റെ ആഴം ഏതാണ്ട് 14.5 മീറ്ററാണ്. ഇത് 16 മീറ്ററായി വർധിപ്പിക്കാനാണ് തീരുമാനം. 16 മീറ്റർ ആഴം നിലനിർത്തണമെങ്കിൽ 17.5 മീറ്ററെങ്കിലും താഴ്ത്തണമെന്നാണ് കരുതുന്നത്. ഇതിനാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

ഇനിയും വൈകിയാൽ തിരിച്ചടി വല്ലാർപാടത്തിന്
കൂടുതൽ ഡ്രാഫ്റ്റുള്ള കപ്പലുകൾ വല്ലാർപാടത്തേക്ക് സുഗമമായി എത്തിക്കാനാണ് കായലിന് ആഴം കൂട്ടുന്നതെന്നാണ് വിശദീകരണം. വല്ലാർപാടം ടെർമിനലിലേക്ക് വലിയ ഡ്രാഫ്റ്റുള്ള കണ്ടെയ്‌നർ കപ്പലുകൾ ഇപ്പോഴും എത്തുന്നില്ല എന്നതാണ് ഇതിന്റെ കാരണം. തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖം പ്രവർത്തിച്ചു തുടങ്ങിയതോടെ, അവിടേക്ക് കൂറ്റൻ കപ്പലുകൾ ധാരാളമായി വരുന്നുണ്ട്.
അതിന് സമാനമായി കൊച്ചിയിലും ആഴം കൂട്ടിയില്ലെങ്കിൽ വല്ലാർപാടം പിന്നിലാവുമെന്ന ആശങ്കയാണ് പ്രധാനമായും വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. വിഴിഞ്ഞത്ത് 20 മീറ്റർ വരെയാണ് പലയിടത്തും ആഴം. എന്നാൽ കൊച്ചിയിൽ ആഴം കൂട്ടിയാലും അത് നിലനിർത്തുന്നതിന് ദിവസവും ഡ്രെജ്ജിങ് നടത്തേണ്ടി വരുമെന്നതാണ് വെല്ലുവിളി. വളരെ പെട്ടെന്ന് തന്നെ ചെളി വന്നടിയുന്ന സ്ഥലമായതിനാൽ ആണിത്.
നിലവിൽ തുടർച്ചയായ ഡ്രെജ്ജിങ് വഴിയാണ് കൊച്ചിയിൽ കായലിന്റെ ആഴം നിലനിർത്തി പോരുന്നത്. ഇപ്പോഴത്തെ ആഴം നിലനിർത്തുന്നതിന് പ്രതിവർഷം 150 കോടിയിലധികം രൂപ കൊച്ചി തുറമുഖം ചെലവഴിക്കുന്നുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ ആഴം വീണ്ടും കൂട്ടിയാൽ, അത് നിലനിർത്താനുള്ള മെയിന്റനൻസ് ചെലവ് തുറമുഖത്തിന്റെ ബാധ്യത വർധിപ്പിക്കും.
വർഷത്തിൽ ഇതിനായി 50 കോടി രൂപ കൂടി അധികമായി കാണേണ്ടി വരുമെന്നാണ് കരുതുന്നത്. ഇതോടെയാണ് എതിർപ്പുമായി തൊഴിലാളി സംഘടനകൾ ഉൾപ്പെടെ രംഗത്ത് വന്നത്. ഇത് കൊച്ചി തുറമുഖത്തെ സാമ്പത്തികമായി തളർത്തുമെന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ നിലവിൽ പദ്ധതിയുമായി മുന്നോട്ട് പോവാൻ തന്നെയാണ് കേന്ദ്രത്തിന്റെ നീക്കം.
നാട്ടുകാരുടെ ആശങ്ക മറ്റൊന്ന്
ആഴം ഇനിയും കൂടിയാൽ വെള്ളപ്പൊക്കം പതിവാകുമെന്നും കര നഷ്‌ടപ്പെടുമെന്നുമാണ് നാട്ടുകാർ പ്രധാനമായും പങ്കുവയ്ക്കുന്ന ആശങ്ക. കായലിന് ആഴം കൂടിയതിനെ തുടർന്നാണ് ചെല്ലാനം പോലെയുള്ള മേഖലകളിൽ കടലേറ്റം രൂക്ഷമായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വേലിയേറ്റം രൂക്ഷമാകുമെന്ന് നാട്ടുകാർ പറയുന്നു. ഇതാണ് തുറമുഖ വികസനത്തിന് തടസമായി നിൽക്കുന്ന മറ്റൊരു കാര്യം.
കേരളത്തിലെ ഏക പൊതുമേഖലാ മേജർ തുറമുഖമായ കൊച്ചിയിലെ ഐസിടിടിയുടെ നിയന്ത്രണ ചുമതല നിർവഹിക്കുന്നത് ഡിപി വേൾഡ് എന്ന കമ്പനിയാണ്. ഇന്ത്യയിലെ ആദ്യ രാജ്യാന്തര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലായ വല്ലാർപാടത്ത് ആഴം നിലവിൽ 14.5 മീറ്ററും ബെർത്ത് 600 മീറ്ററുമാണ്. അധികമായി 350 മീറ്റർ ബെർത്ത് കൂടി കൊച്ചിയിൽ ചേർക്കാനും പദ്ധതിയിടുന്നുണ്ട്.












Click it and Unblock the Notifications