കൊച്ചിക്കാർ കാത്തിരിക്കുന്ന ഔട്ടർ റിംഗ് എപ്പോൾ വരും? ഗതാഗത കുരുക്ക് അഴിയും, നടപടികൾ ഇഴയുന്നു
കൊച്ചി: നഗരവാസികൾ ഏറെക്കാലമായി കാത്തിരിക്കുന്ന കൊച്ചി ഔട്ടർ റിംഗ് റോഡ് നടപടികൾ ഇഴയുന്നു. കൊച്ചി പോലെയുള്ള ഒരു മെട്രോ നഗരത്തിന്റെ വികസനത്തിൽ സുപ്രധാന നാഴികകല്ല് ആവാൻ സാധ്യതയുള്ള പദ്ധതിയാണ് മെല്ലെപോക്കിലൂടെ വൈകുന്നത്. എത്രയും പെട്ടെന്ന് തന്നെ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും അതിന് ആവശ്യമായ ഇടപെടലുകൾ ബന്ധപ്പെട്ടവരിൽ നിന്ന് ഉണ്ടാവണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
2026 മാർച്ച് മാസത്തിലെ റിപ്പോർട്ടുകൾ അനുസരിച്ച് പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വിശാലമായ പ്രാദേശിക ഹൈവേ ശൃംഖലയിലേക്ക് ഈ പാതയെ സംയോജിപ്പിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാക്കി വരികയാണ്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് ഡിപിആർ തയ്യാറാക്കാനുള്ള നടപടികൾ ദേശീയപാത അതോറിറ്റി ആരംഭിച്ചത് എന്നതാണ് പ്രത്യേകത.

കഴിഞ്ഞ ഓഗസ്‌റ്റിൽ കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയം ഒരു പുതിയ ഹൈവേയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ ദേശീയപാത അതോറിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ദേശീയപാത 66-ലെ കൊടുങ്ങല്ലൂരിനെയും ദേശീയപാത 544-ലെ അങ്കമാലിയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ ഹൈവേ.
ദേശീയപാത അതോറിറ്റി അധികൃതർ നൽകുന്ന വിവരമനുസരിച്ച്, നിർദ്ദിഷ്‌ട 20 കിലോമീറ്റർ പാത ഒരു ഗ്രീൻഫീൽഡ് ഹൈവേയായിട്ടാണ് വികസിപ്പിക്കുന്നത്. വരാനിരിക്കുന്ന 44.7 കിലോമീറ്റർ കുണ്ടന്നൂർ-അങ്കമാലി കൊച്ചി ബൈപാസിന്റെ ഒരു തുടർച്ചയായിട്ടാണ് ഈ പുതിയ ഭാഗം രൂപകൽപ്പന ചെയ്‌തിരിക്കുന്നത് എന്നതാണ് പ്രത്യേകത. എന്നാൽ അതിലും പുരോഗതി ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല.
ഡിപിആർ തയ്യാറാക്കാൻ ചുമതല നൽകി ഏഴ് മാസത്തിന് ശേഷവും അതിൽ പുരോഗതി ഉണ്ടായതായി വിവരങ്ങളൊന്നും വന്നിട്ടില്ല. ഇതോടെയാണ് പ്രദേശവാസികളും യാത്രക്കാരും ഒരുപോലെ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്ത് വരുന്നത്. പദ്ധതിയുടെ പുരോഗതി എന്തെന്നും ഇതുവരെ ദേശീയപാത അതോറിറ്റി അറിയിച്ചിട്ടില്ല എന്നതാണ് മറ്റൊരു ന്യൂനത.
കൊച്ചി ഔട്ടർ റിംഗ് റോഡ്
കൊച്ചി നഗരത്തിലെ തിരക്ക് കുറയ്ക്കാനും ദീർഘദൂര യാത്രകൾക്ക് വേഗതയേറിയ പാത ഒരുക്കാനുമായി വിഭാവനം ചെയ്‌ത പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് കൊച്ചി ഔട്ടർ റിംഗ് റോഡ് (ഒആർആർ). കൊച്ചിയിലെ പുതിയ ബൈപ്പാസ് എന്നും ഇത് അറിയപ്പെടുന്നു. എന്നാൽ വർഷങ്ങളായി ഇതിന്റെ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പ്രവർത്തിയിലേക്ക് ഇതുവരെയും ഇത് കടന്നിട്ടില്ലെന്നതാണ് ആളുകളെ നിരാശരാക്കുന്നത്.
2006-ൽ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (ജിസിഡിഎ) 64 കിലോമീറ്റർ ദൈർഘ്യമുള്ള ഔട്ടർ റിംഗ് റോഡ് നിർദ്ദേശിച്ചത്. എന്നാൽ, 20 വർഷങ്ങൾ കടന്നുപോയെങ്കിലും, ഏറെ ആവശ്യമുള്ള ഈ പദ്ധതി ഇപ്പോഴും പ്രാരംഭഘട്ടത്തിൽ തന്നെ തുടരുന്നു. ഇതാണ് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ആശങ്കയിലാക്കുന്നത്.
വടക്കൻ പറവൂർ, പുത്തൻവേലിക്കര പോലുള്ള നിരവധി വടക്കൻ പട്ടണങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾക്ക് പുറമെ, ഈ ഗ്രീൻഫീൽഡ് ഹൈവേ അങ്കമാലി മേഖലയിലെ വലിയ വികസനത്തിന് ഒരു കുതിപ്പ് നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉടൻ തന്നെ ഡിപിആർ പ്രസിദ്ധീകരിച്ച് സ്ഥലം ഏറ്റെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കണമെന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം.












Click it and Unblock the Notifications