കൊച്ചിക്കാരുടെ ആ മോഹം പൂവണിയുന്നു; വൈപ്പിൻ ബീച്ച് ഇടനാഴി യാഥാർഥ്യമാവും, 2.97 കോടി രൂപ അനുവദിച്ചു
കൊച്ചി: എറണാകുളം ജില്ലക്കാർ ഏറെ നാളായി കാത്തിരിക്കുന്ന വൈപ്പിൻ ബീച്ച് ഇടനാഴി പദ്ധതി യാഥാർത്ഥ്യമാകുന്നു. 2017-ൽ വിഭാവനം ചെയ്‌ത പദ്ധതി എട്ടു വർഷത്തോളം നിലച്ച രീതിയിലായിരുന്നു. 2025 ജൂലൈയിൽ പുതുക്കിയ നിർദ്ദേശത്തിന് ഭരണാനുമതി ലഭിച്ചതോടെയാണ് പദ്ധതിക്ക് പുനരുജ്ജീവൻ ലഭിച്ചത്. പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ, ചെറായി ബീച്ചിൽ കഴിഞ്ഞ ദിവസം മുതൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
പദ്ധതിയിൽ ഉൾപ്പെടുന്ന പ്രധാന ബീച്ചുകൾ ചെറായി, കുഴുപ്പിള്ളി, മുനമ്പം എന്നിവയാണ്. ജില്ലയിലെ പ്രധാനപ്പെട്ടതും ഫോർട്ട് കൊച്ചിക്ക് ശേഷം കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതുമായ സ്ഥലമാണ് ചെറായി. അറിയപ്പെടാത്ത മറ്റ് ബീച്ചുകൾക്ക് പ്രചാരം നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ ജോസിനെ ഉദ്ധരിച്ച് ദി ന്യൂ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പദ്ധതിക്ക് 2.97 കോടി രൂപയുടെ ഭരണാനുമതി സർക്കാരിൽ നിന്നും ലഭിച്ചു കഴിഞ്ഞു. പദ്ധതി നിർദ്ദേശമനുസരിച്ച്, വിനോദസഞ്ചാരികൾക്ക് മികച്ച അനുഭവം നൽകുന്നതിനായി ബീച്ചുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. നിലവിലുള്ള സൗകര്യങ്ങൾ നവീകരിക്കുകയും ലഘുഭക്ഷണ ശാലകൾ, ശുചിമുറികൾ, മഴവെള്ള സംഭരണികൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ നിർമ്മിക്കുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകൾക്ക് പേരുകേട്ട ജില്ലയാണ് എറണാകുളം. അറബിക്കടലിനും കായലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന വൈപ്പിൻ ദ്വീപിലെ ബീച്ചുകൾ ധാരാളം സന്ദർശകരെ ആകർഷിക്കുന്ന ഒരിടമാണ്. നിലവിൽ ചെറായി ബീച്ചിൽ നിന്ന് അഞ്ചു മിനിറ്റിൽ താഴെ ദൂരെയുള്ള കുഴുപ്പിള്ളി ബീച്ചിലാണ് ജില്ലയിലെ ഏക ഫ്ലോട്ടിങ് പാലമുള്ളത്.
കുഴുപ്പിള്ളിയിലെ കാറ്റാടി മരങ്ങളും ഒരു പ്രധാന ആകർഷണമാണ്. ചെറായിയുടെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന മുനമ്പം ബീച്ച് ഇതുവരെ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത ഒരു ആകർഷകമായ കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷ. ഇവിടെ കൂടുതലായി സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും ആവശ്യത്തിന് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല.
മുനമ്പം ബീച്ചിൽ നടപ്പാതകൾ, പുലിമുട്ടുകൾ കുട്ടികളുടെ കളിസ്ഥലങ്ങൾ, ജല കായിക വിനോദങ്ങൾക്കുള്ള ഇടം, ശുചിമുറികൾ, കിയോസ്‌കുകൾ എന്നിവ നിർമ്മിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.ഇതോടെ ജില്ലയിലെ ബീച്ചുകളിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇത് ഏറെ ഗുണകരമാവും. പദ്ധതി പൂർത്തിയാവുന്നതോടെ സഞ്ചാരികളുടെ എണ്ണവും ഉയരുമെന്നാണ് കണക്കാക്കുന്നത്.
2017-ൽ അവതരിപ്പിച്ച ആദ്യ നിർദ്ദേശത്തിൽ വൈപ്പിനും ചെറായിക്കുമിടയിലുള്ള ഏകദേശം 25 കിലോമീറ്റർ ദൂരത്തിലെ ഒമ്പത് ബീച്ചുകളെ ബന്ധിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്‌തിരുന്നത്. എന്നാൽ പിന്നാലെ തീരദേശ പരിപാലന അതോറിറ്റി ഉന്നയിച്ച എതിർപ്പുകൾ കാരണമാണ് പദ്ധതിക്ക് കാലതാമസം നേരിട്ടതെന്ന് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. എങ്കിലും ഇപ്പോൾ ആ തടസങ്ങൾ എല്ലാം നീങ്ങുകയാണ്.












Click it and Unblock the Notifications