കൊച്ചിയിൽ ഇത് കവരിന്റെ കാലം; സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി കുമ്പളങ്ങിയും, കാണാം നീല രാത്രി..!
കൊച്ചി: കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചലച്ചിത്രമാണ് ലോകത്തിന് മുൻപിൽ കൊച്ചിയിലെ കവര് എന്ന അത്ഭുതം വരച്ചു കാട്ടിയത്. ഇപ്പോഴിതാ കൊച്ചിയിലെ കായൽപരപ്പുകളിൽ, ചെല്ലാനം, കുമ്പളങ്ങി, എടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളം, പനങ്ങാട്, ചെപ്പനം എന്നിവിടങ്ങളിൽ കവര് തിരിച്ചെത്തിയിരിക്കുകയാണ്. ഇത്തവണ ഇത് അൽപ്പം വൈകിയാണെത്തിയതെങ്കിലും, സാമൂഹിക മാധ്യമങ്ങളിലെ റീലുകളിലൂടെയും സന്ദർശകരുടെ തിരക്കിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്.
ഇതിന് പിന്നാലെ കുമ്പളങ്ങി പഞ്ചായത്ത് ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ഈ കാഴ്‌ച കാണാൻ എത്തുന്നുണ്ട്. വിനോദസഞ്ചാരികളെ ആകർഷിക്കാൻ കവര് ദൃശ്യമാകുന്ന ഇടങ്ങളിൽ മേളകളും മറ്റ് പരിപാടികളും സംഘടിപ്പിക്കാൻ കുമ്പളങ്ങി പഞ്ചായത്ത് തീരുമാനിച്ചു. സന്ദർശകരുടെ സുരക്ഷക്കും ക്രമസമാധാനത്തിനുമായി വിവിധ ഏജൻസികളെ സമീപിച്ചിട്ടുമുണ്ട്.

സാധാരണയായി ജനുവരി അവസാനമാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. കാലാവസ്ഥാ മാറ്റങ്ങളും കുറഞ്ഞ അന്തരീക്ഷ താപനിലയും കായലിലെ ലവണാംശം കുറച്ചതാണ് കാലതാമസത്തിന് കാരണം. ഈ പ്രതിഭാസത്തിന് പഴക്കംചെന്ന ചരിത്രമുണ്ട്. മുൻപ് വെള്ളിയുടെ തിളക്കമായിരുന്നെങ്കിൽ, കഴിഞ്ഞ രണ്ടോ മൂന്നോ വർഷങ്ങളായി നീല നിറമാണ് ഇതിന്. ചില ബാക്റ്റീരിയകളുടെ സാന്നിധ്യമാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്.
ഉയർന്ന ലവണാംശം മൂലം വെള്ളം തിളക്കമുള്ള വൈദ്യുത നീല അല്ലെങ്കിൽ നിയോൺ പച്ച വെളിച്ചം പുറപ്പെടുവിക്കുന്ന പ്രതിഭാസമാണ് 'കവര്' അഥവാ ബയോലൂമിനസെന്‍സ് എന്ന പേരിൽ അറിയപ്പെടുന്നത്. സൂക്ഷ്‌മമായ ബാക്റ്റീരിയകൾ, ആൽഗകൾ, പ്ലാങ്ക്ടൺ, ഫംഗസുകൾ എന്നിവ വെള്ളത്തിലെ ഉയർന്ന ലവണാംശം മൂലം നീല വെളിച്ചം പുറപ്പെടുവിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
രാത്രിയിൽ ഈ കാഴ്‌ച ദൃശ്യ വിസ്‌മയമാണ് ഒരുക്കാറുള്ളത്. തെളിഞ്ഞ ആകാശത്തിലും ഭൂമിയിലും ഇരുട്ടും ചേരുമ്പോൾ ഈ നീലനിറത്തിന് പ്രത്യേകതമായ ഒരു ഭംഗിയാണ് കൈവരുന്നത്. പലരും കവര് കാണാമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ മാസം ഉൾപ്പെടെ കൊച്ചിയിലും കുമ്പളങ്ങിയിലും ഒക്കെ തമ്പടിച്ചിരുന്നുവെങ്കിലും ഇക്കുറി അത് വൈകിയാണ് എത്തിയിരിക്കുന്നത്. എന്നാൽ അതിന്റെ ദൃശ്യ ഭംഗിക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല.
ഫെബ്രുവരി മുതൽ ഏപ്രിൽ, മെയ് വരെയുള്ള കാലയളവിൽ കായലിലെ താഴ്ന്ന നീരൊഴുക്ക് ഉള്ള പ്രദേശങ്ങളിൽ ഇത് നന്നായി കാണാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്. കാരണം ഈ സമയത്ത് വേനൽ കഠിനമാവുകയും ജലത്തിലെ ഉപ്പിന്റെ അളവ് വർധിക്കുകയും ചെയ്യും. സമൂഹ മാധ്യമ റീലുകളിൽ വീണ്ടും കുമ്പളങ്ങിയിലെയും സമീപ പ്രദേശങ്ങളിലെയും കവരിന്റെ റീലുകൾ വരുമ്പോൾ കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications