കൊച്ചി നഗരവാസികളുടെ പ്രാർത്ഥന ഫലം കണ്ടു; വടുതല റെയിൽവേ മേൽപ്പാലം വൈകില്ല, ഭാര പരിശോധന തുടങ്ങി
കൊച്ചി: നഗരനിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പല പദ്ധതികളും പാതി വഴിയിൽ നിലച്ചു പോവുകയോ പൂർണമായും ഇല്ലാതാവുകയോ ചെയ്‌ത ചരിത്രം ഒരുപാടുണ്ട്. വലിയ മെട്രോ നഗരമായി പരിണമിക്കുന്ന കൊച്ചിയ്ക്കും അതിനോട് ചേർന്നുള്ള ഇടങ്ങൾക്കും ഇന്ന് ഏറ്റവും ആവശ്യം മുടക്കമില്ലാത്ത ഗതാഗതമാണ്. അത്തരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയായി കണക്കാക്കിയിരുന്ന ഒന്നായിരുന്നു വടുതല റെയിൽവേ മേൽപ്പാലം.
ഇപ്പോഴിതാ വടുതല റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ ടെൻഡർ ക്ഷണിച്ചിട്ട് ഒരു വർഷത്തോളമാവുകയാണ്. എന്നാൽ റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരള (ആർബിഡിസികെ) പദ്ധതിക്ക് പുതിയ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇപ്പോൾ. ഇവിടെ നിർമ്മാണം തുടങ്ങുന്നതിന് മുന്നോടിയായി ഭൂമിയുടെ സ്ഥിരത പരിശോധിക്കാനുള്ള ലോഡ് ടെസ്റ്റിംഗ് നടപടികൾക്ക് തുടക്കമായി.

'ലോഡ് ടെസ്റ്റിംഗിനായുള്ള ഉപകരണങ്ങൾ സ്ഥലത്തെത്തിച്ചു കഴിഞ്ഞു. പരീക്ഷണ പില്ലർ നിർമ്മിച്ച് അതിൽ ഭാരം കയറ്റി ഘടനയുടെ സ്ഥിരത പഠിക്കും. ഫലങ്ങൾ തൃപ്‌തികരമായാൽ, അവിടെ നിന്ന് അംഗീകാരം ലഭിച്ചാലുടൻ നിർമ്മാണം തുടങ്ങും' എന്നാണ് ഒരു റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷൻ. ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
ലോഡ് ടെസ്റ്റിംഗ് ഒരാഴ്‌ചയിൽ കൂടുതൽ സമയമെടുക്കില്ലെന്നും ഈ മാസം അവസാനത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭാഗം നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടികളും പൂർത്തിയായി. എന്നാൽ കഴിഞ്ഞ കുറച്ചധികം കാലങ്ങളായി പദ്ധതി ഇഴഞ്ഞുനീങ്ങുന്നതിൽ പ്രദേശവാസികൾ അത്ര തൃപ്‌തരല്ലെന്നതാണ് വാസ്‌തവം.
മേൽപ്പാലം നിർമ്മിക്കുന്ന പ്രദേശത്തിന് അടുത്തായി താമസിക്കുന്ന ഭൂരിഭാഗം പേരുടെയും അഭിപ്രായം പദ്ധതിക്ക് ഒട്ടും വേഗത ഇല്ലെന്ന് തന്നെയാണ്. ഭൂമി ഏറ്റെടുക്കൽ വൈകിയതാണ് പദ്ധതി വൈകാൻ ഒരു കാരണമെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ആ തടസങ്ങളെല്ലാം ഇപ്പോൾ നീങ്ങിയിരിക്കുകയാണ്. എന്നിട്ടും റെയിൽവേ ബ്രിഡ്‌ജിന്റെ നിർമ്മാണം എന്തുകൊണ്ടാണ് തുടങ്ങാത്തതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
പദ്ധതിയുടെ കരാറുകാരൻ ഉപകരണങ്ങളെല്ലാം സ്ഥലത്ത് കൂട്ടിയിട്ടതിനാൽ, നേരത്തേ രൂക്ഷമായിരുന്ന ഗതാഗതക്കുരുക്ക് നിലവിൽ കൂടുതൽ വഷളായിരിക്കുകയാണ് എന്നാണ് നാട്ടുകാരുടെ ആരോപണം. മേൽപ്പാലത്തിന്റെ പ്രധാന ഭാഗമായ അപ്രോച്ച് റോഡ് നിർമ്മിക്കാത്തതിലും കാര്യമായ ചോദ്യങ്ങളാണ് ഉയരുന്നത്. പാലത്തിന്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി ഗതാഗത പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, കഴിഞ്ഞ വർഷങ്ങൾക്കിടയിൽ മേൽപ്പാലത്തിന്റെ എസ്‌റ്റിമേറ്റ് ചെലവ് മൂന്നു തവണയാണ് പരിഷ്‌കരിച്ചത്. 2016-ൽ 35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്ന പദ്ധതിക്ക്, 2017ൽ ഇത് 47.72 കോടി രൂപ മതിപ്പ് ചെലവിൽ 51.81 കോടി രൂപയായി ഉയർത്തി. ഏറ്റവും പുതിയ മാറ്റമനുസരിച്ച്, പദ്ധതിച്ചെലവ് 91.9 കോടി രൂപയായി വീണ്ടും വർധിച്ച നിലയിലാണ്.
33.39 മീറ്റർ റെയിൽവേ സ്‌പാൻ ഉൾപ്പെടെ ആകെ 458 മീറ്റർ നീളമാണ് വടുതലയിലെ റെയിൽവേയുടെ മേൽപ്പാലത്തിനുള്ളത്. പച്ചാളം ഭാഗത്ത് 5 സ്‌പാനുകളും വടുതല ഭാഗത്ത് 7 സ്‌പാനുകളും വരുന്ന രീതിയിലാണ് പാലത്തിന്റെ ഘടന. കൊച്ചി നഗരത്തിലെ പ്രധാന മേഖലകളായ ചിറ്റൂർ-വടുതല-പച്ചാളം പ്രദേശങ്ങളിലെ ജനങ്ങൾ ദീർഘകാലമായി അനുഭവിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം നൽകുന്ന പദ്ധതിയാണ് ഈ മേൽപ്പാലം.












Click it and Unblock the Notifications