കൊച്ചി വാട്ടർ മെട്രോ വിമാനത്താവളത്തിലേക്ക് നീട്ടാൻ നടപടി ആരംഭിച്ചു; 8 കി.മീ പാത പരിഗണനയിൽ
കൊച്ചി: രാജ്യത്തിന് ഒന്നാകെ മാതൃകയാവുന്ന പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ. നിലവിൽ ഇത് പലയിടത്തേക്കും നീട്ടുകയും കേരളത്തിന് പുറത്തേക്ക് പോലും വ്യാപിപ്പിക്കാൻ ഒരുങ്ങുകയും ചെയ്യുകയാണ്. കൊച്ചിക്കാരെ സംബന്ധിച്ച് മെട്രോ പോലെ തന്നെ ഇപ്പോൾ ഏറ്റവുമധികം പേർ പ്രയോജനപ്പെടുത്തുന്ന ഒന്നായി വാട്ടർ മെട്രോയും മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കൂടുതൽ മേഖലകളിലേക്ക് സർവീസ് നീട്ടുന്നത് അധികൃതർ പരിഗണിക്കുന്നത്.
ഇപ്പോഴിതാ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ സർവീസ് നീട്ടണമെന്ന ദീർഘകാല ആവശ്യത്തിന് പരിഹാരം കാണാനുള്ള നടപടികൾ തുടങ്ങിയിരിക്കുകയാണ്. സമഗ്ര സാധ്യതാ പഠനത്തിന്റെ ഭാഗമായാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) നേതൃത്വത്തിൽ ട്രാഫിക് സ്‌റ്റഡി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് സർവീസ് നടത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ഈ പാതയായിരിക്കും പരിഗണിക്കുക. നിലവിൽ പ്രാഥമിക നടപടികൾ മാത്രമാണ് ഈ വിഷയത്തിൽ കൈകൊണ്ടിട്ടുള്ളൂ. ട്രാഫിക് പഠനത്തിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തി വിശദമായ സാധ്യതാ റിപ്പോർട്ട് തയ്യാറാക്കിയാൽ മാത്രമേ തുടർ നടപടികൾ വ്യക്തമാവൂ. റിപ്പോർട്ട് വിലയിരുത്തിയ ശേഷമേ ആലുവ- നെടുമ്പാശ്ശേരി എയർപോർട്ട് റൂട്ടിനെക്കുറിച്ച് അന്തിമ തീരുമാനം അധികൃതർ സ്വീകരിക്കുകയുള്ളൂ.
ബോട്ട് സർവീസ് നടത്താൻ അനുയോജ്യമായ സാഹചര്യങ്ങളുണ്ടോ, യാത്രക്കാരുടെ പ്രതീക്ഷിത എണ്ണം എത്ര എന്നത് ഉൾപ്പെടെ വിവിധ ഘടകങ്ങളായിരിക്കും ട്രാഫിക് സർവേയുടെ ഭാഗമായി പരിശോധിക്കുക. ആലുവയിൽ നിന്ന് പെരിയാർ വഴി വിമാനത്താവളത്തിലേക്കുള്ള ദൂരം ഏകദേശം എട്ട് കിലോമീറ്ററായാണ് കണക്കാക്കുന്നത്. അത്രയും ദൂരത്തിലായിരിക്കും സർവീസ് നടത്തുക.
പദ്ധതി യാഥാർഥ്യമായാൽ ഇത് ഒരുപാട് യാത്രക്കാർക്ക് ഗുണകരമായി ഭവിക്കുമെന്നാണ് കരുതുന്നത്. പ്രധാനമായി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കും അതുപോലെ തന്നെ കേരളത്തിന് പുറത്ത് നിന്നുൾപ്പെടെ വരുന്ന വിനോദ സഞ്ചാരികൾക്കും ഇത് ഗുണകരമാവും എന്നാണ് വിലയിരുത്തൽ. എങ്കിലും പദ്ധതിക്ക് മുന്നിൽ ഇനിയും ഒട്ടേറെ കടമ്പകൾ ഉണ്ടെന്നതാണ് യാഥാർഥ്യം.
നിലവിൽ 20 ബോട്ടുകളാണ് വാട്ടർ മെട്രോ സർവീസിനായി ഉപയോഗിച്ച് വരുന്നത്. കൂടാതെ മൂന്ന് പുതിയ ബോട്ടുകൾ കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അവയായിരിക്കും പുതിയ റൂട്ടുകളിൽ സേവനത്തിന് ഉപയോഗിക്കുകയെന്നാണ് വിവരം. എയർപോർട്ടിലേക്കുള്ള സർവീസിന്റെ ഭാവി തീരുമാനം ആവും മുൻപ് തന്നെ കൂടുതൽ ഇടങ്ങളിലേക്ക് മെട്രോ വ്യാപിക്കുന്നുണ്ട്.
കൊച്ചി നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും വിനോദസഞ്ചാര റൂട്ടുകൾ അവതരിപ്പിച്ച് വരുമാനം വർധിപ്പിക്കുന്നതിനുമുള്ള കൊച്ചി വാട്ടർ മെട്രോയുടെ തന്ത്രത്തിന്റെ പ്രധാന ഭാഗമാണ് പുതിയ ബോട്ടുകൾ കൊണ്ട് വരുന്നതും ടെർമിനലുകൾ അവതരിപ്പിക്കുന്നതും. ഈ വേനൽക്കാലത്ത് ആരംഭിക്കാനിരിക്കുന്ന കടമക്കുടി, പാളിയംതുരുത്ത് സർവീസുകൾ പ്രധാനമായും ഇത് ലക്ഷ്യമിട്ടുള്ളതാണ്.












Click it and Unblock the Notifications