അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് വൈകുന്നു; ഭൂമിയേറ്റടുക്കൽ വിജ്ഞാപനം ഇറങ്ങിയില്ല? നിലച്ചത് 6000 കോടിയുടെ പദ്ധതി
കൊച്ചി: നഗരവാസികൾ ഏറെക്കാലമായി കാത്തിരിക്കുന്ന അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് പദ്ധതി നിലച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം. പാതയുടെ ഭാഗമായി 3 എ വിജ്ഞാപനം വൈകുന്നതാണ് ഇപ്പോൾ തിരിച്ചടിയാവുന്നത്. ഇതോടെ ഭൂവുടമകളും ആശങ്കയിലാണ്. ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകുന്നത് പദ്ധതിയെ പിന്നോട്ട് വലിക്കുമെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. നഗരവാസികൾ ഒന്നടങ്കം പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന പദ്ധതി എങ്ങുമെത്താതെ നിൽക്കുകയാണ് ഇപ്പോൾ.
നേരത്തെ 3 എ വിജ്ഞാപനം ഇറക്കിയെങ്കിലും ഒരു വർഷത്തിനുള്ളിൽ സർവേ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ അന്തിമവിജ്ഞാപനം പുറത്തിറക്കാനായിരുന്നില്ല. 3 എ വിജ്ഞാപനം വീണ്ടുമിറക്കി സർവേ നടപടികൾ പൂർത്തീകരിച്ച ശേഷം 3ഡി വിജ്ഞാപനവും വന്നാൽ മാത്രമേ പദ്ധതിയുടെ ഭാഗമായി ആവശ്യമുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉൾപ്പെടെ ആരംഭിക്കുകയുള്ളൂ. ഇത് വൈകുന്നതാണ് പദ്ധതി ഇഴയാൻ കാരണമെന്നാണ് വിലയിരുത്തൽ.

അതിനിടെ സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാമെന്നും 3 എ പുനർവിജ്ഞാപനം ഉടൻ ഉണ്ടാകുമെന്നും ദേശീയപാത അതോറിറ്റി അവലോകനയോഗത്തിൽ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ പുനർവിജ്ഞാപനം വന്നിട്ടില്ലെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഇതോടെ പദ്ധതിയുടെ മൊത്തം ഭാവി തുലാസിലായ സാഹചര്യമാണ്.
നേരത്തെ പാതയുടെ വിവരങ്ങൾ സംബന്ധിച്ച പുതിയ ട്രാഫിക് സർവേ നടന്നിരുന്നു. സർവേ നടത്തുന്ന ഏജൻസി ഡിസംബർ 15നകം തന്നെ റിപ്പോർട്ട് ദേശീയപാത അതോറിറ്റിക്കു കൈമാറുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും നൽകിയിരുന്നില്ല. അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് എട്ടുവരി പാതയായി നിർമ്മിക്കണോ എന്നത് സംബന്ധിച്ചായിരുന്നു സർവേ നടത്തിയത്.
5 വർഷം മുൻപ് നടത്തിയ ട്രാഫിക് സർവേയുടെ അടിസ്ഥാനത്തിലായിരുന്നു അങ്കമാലി-കുണ്ടന്നൂർ ബൈപാസ് ആറുവരിപ്പാതയായി നിർമ്മിക്കാൻ അധികൃതർ തീരുമാനിച്ചത്. അതിന്റെ ഭാഗമായി അന്ന് 3എ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്‌തെങ്കിലും ഈ സർവേ കാലഹരണപ്പെട്ടു എന്നാണ് പ്രധാനമായും പല കോണുകളിൽ നിന്നും ഉയരുന്ന ആക്ഷേപം. അതോടെയാണ് വീണ്ടും ട്രാഫിക് സർവേക്ക് വഴിയൊരുങ്ങിയത്.
അങ്കമാലി ബൈപ്പാസും വൈകുന്നു
സമാനമായി ദേശീയപാത 544ൽ നിന്ന് അങ്കമാലി റെയിൽവേ സ്‌റ്റേഷൻ വരെ നിർമിക്കുന്ന അങ്കമാലി ബൈപ്പാസിന് കിഫ്ബി മുഖേനയാണ് ധനസഹായം നൽകാൻ നിശ്ചയിച്ചത്. 275 കോടി രൂപയുടെ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ് നിലവിൽ. കിഫ്ബിയിൽ നിന്നു ഫണ്ട് ലഭ്യമാക്കി ഭൂവുടമകൾക്ക് പണം നൽകി ഭൂമി ഏറ്റെടുത്താൽ നിർമ്മാണ നടപടികളിലേക്ക് ഉൾപ്പെടെ കടക്കാൻ സാധിക്കൂ.
അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ്
ഏകദേശം 6000 കോടിയോളം രൂപ ചിലവ് പ്രതീക്ഷിക്കുന്ന വമ്പൻ പദ്ധതിയാണ് അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ്. അങ്കമാലിക്ക് സമീപമുള്ള കരയാംപറമ്പ് മുതൽ കുണ്ടന്നൂരിന് അടുത്തുള്ള നെട്ടൂർ വരെയാണ് 44.7 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഗ്രീൻഫീൽഡ് ഹൈവേ പണിയാൻ ഉദ്ദേശിക്കുന്നത്. നിലവിൽ പദ്ധതി വൈകുന്നതിന് അനുസരിച്ച് ചിലവും കൂടുമെന്നതാണ് പ്രധാന ആശങ്ക.
ഈ പദ്ധതി പൂർത്തിയാകുന്നതോടെ എറണാകുളം നഗരത്തിലെ തിരക്ക് കുറയ്ക്കാനും എയർപോർട്ടിലേക്കുള്ള യാത്ര സുഗമമാക്കാനും സാധിക്കും. അതുകൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെയാണ് കൊച്ചി നിവാസികളും ഈ ബൈപ്പാസിനെ നോക്കി കണ്ടത്. മാസങ്ങളും വർഷങ്ങളും കടന്നുപോവുമ്പോഴും പദ്ധതി നിലച്ച മട്ടാണ്.












Click it and Unblock the Notifications