കൊച്ചിക്കാർ ഇരുട്ടിൽ തന്നെ തുടരണോ? 30 കോടി മുടക്കി സ്ഥാപിച്ച തെരുവ് വിളക്കുകൾ പലതും തകരാറിൽ, പ്രതിഷേധം
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ, മെട്രോയുള്ള ഏക ഇടമായ കൊച്ചിക്ക് ഇത് ശരിക്കും നല്ല കാലം തന്നെയാണ്. ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ ഇവിടെ നടന്നത്. എന്നാൽ ഇപ്പോഴിതാ കൊച്ചിയുടെ അടിസ്ഥാന സൗകര്യവികസനത്തിൽ കല്ലുകടിയായി മാറുകയാണ് ഇരുട്ട് മൂടുന്ന തെരുവുകൾ. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല മാസങ്ങളായി നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇതാണ് സ്ഥിതി.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ലക്ഷ്യമിട്ട് സ്ഥാപിച്ച 40,000-ത്തിലധികം എൽഇഡി. തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമായിട്ട് നാല് മാസം പിന്നിടുകയാണ്. എന്നാൽ ഇപ്പോൾ അവയിൽ പലതും കത്താതായിട്ട് മാസങ്ങളായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെളിച്ചമില്ലാത്തത് രൂക്ഷമായ ഗതാഗത പ്രശ്‌നങ്ങൾക്കും അപകടങ്ങൾക്കും സുരക്ഷാ ഭീഷണിക്കും ഒക്കെ വഴിവെക്കുന്നുണ്ട്.

കലൂർ, കടവന്ത്ര, സ്‌റ്റേഡിയം ലിങ്ക് റോഡ്, എറണാകുളം നോർത്ത്, വൈറ്റില, പള്ളുരുത്തി, പനമ്പിള്ളി നഗർ തുടങ്ങിയ പ്രധാന മേഖലകളിലെ തകരാറിലായ വിളക്കുകൾ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.
'എൽഇഡി സിറ്റി ലൈറ്റിംഗ് പ്രോജക്റ്റ്' എന്ന് പേരിട്ട ഈ പദ്ധതി പ്രകാരം, കൊച്ചി കോർപ്പറേഷൻ സ്‌മാർട്ട് സിറ്റീസ് മിഷന്റെ പിന്തുണയോടെയാണ് നഗരത്തിൽ പുതിയ ഹൈടെക്, ഊർജ്ജക്ഷമതയുള്ള എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചത്.
2025 ഒക്ടോബർ ഒന്നിന് കമ്മീഷൻ ചെയ്‌ത ഈ വഴിവിളക്കുകൾക്കായി ഏകദേശം 30 കോടി രൂപയാണ് ചെലവഴിച്ചത്. എന്നാൽ, ചുരുങ്ങിയ കാലയളവിനുള്ളിൽത്തന്നെ അവയിൽ പലതും പ്രവർത്തനരഹിതമായത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തെരുവുവിളക്കുകൾ തകരാറിലാകുന്നതിന് പ്രധാന കാരണം ശരിയായ പരിപാലനത്തിന്റെ അഭാവമാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നു.
പലയിടത്തും ദിവസങ്ങൾ കഴിഞ്ഞിട്ടും കേടായ വഴിവിളക്കുകൾ നന്നാക്കാനായി അധികൃതർ നടപടി കൈക്കൊണ്ടിട്ടില്ലെന്നാണ് ആക്ഷേപം. എന്നാൽ പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡിന് നിർദേശം നൽകിയിട്ടുണ്ടെന്ന് പറഞ്ഞ് കൈകഴുകുകയാണ് അധികൃതർ ഇപ്പോഴും. അതിനിടെ ഇവയുടെ നിരീക്ഷണത്തിനും പരിപാലനത്തിനുമായി സോൺ അടിസ്ഥാനമാക്കിയുള്ള സ്ക്വാഡുകൾ രൂപീകരിക്കാനും പട്ടിക തയ്യാറാക്കാനും കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്.
കെഎസ്ഇബിയും സിഎസ്എംഎല്ലും തമ്മിലുള്ള ഏകോപനമില്ലായ്‌മ അറ്റകുറ്റപ്പണിയിലെ കാലതാമസത്തിന് കാരണമാകുന്നുണ്ടെന്നാണ് ആക്ഷേപം. നിലവിൽ കൊച്ചി കോർപ്പറേഷൻ സിഎസ്എംഎല്ലുമായി 2030 വരെ നീണ്ടുനിൽക്കുന്ന അഞ്ച് വർഷത്തെ കരാർ ഒപ്പിട്ടിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. 30 കോടിയുടെ പദ്ധതിയുടെ ഭാഗമായി 40,000 എൽഇഡി ബൾബുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്.
കരാർ പ്രകാരം, ഇന്റഗ്രേറ്റഡ് കമാൻഡ്, കൺട്രോൾ ആൻഡ് കമ്മ്യൂണിക്കേഷൻ സെന്ററിൽ (ഐസി-4) ലൈറ്റുകൾ നിരീക്ഷിക്കണമെന്നും തകരാറുള്ള ലൈറ്റുകൾ രണ്ട് ദിവസത്തിനുള്ളിൽ മാറ്റിസ്ഥാപിക്കണമെന്നുമാണ് ചട്ടം. എന്നാൽ ഒന്നിലധികം പരാതികൾക്ക് ശേഷമാണ് ഈ ലൈറ്റുകൾ പലപ്പോഴും മാറ്റിസ്ഥാപിക്കുന്നത്, അതും ചിലപ്പോൾ രണ്ടോ മൂന്നോ ആഴ്‌ചകൾക്ക് ശേഷം. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.












Click it and Unblock the Notifications