കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്‌ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും!
കൊച്ചി: ഏറെക്കാലമായി നഗരവാസികൾ കാത്തിരുന്ന പദ്ധതിയാണ് സീപോർട്ട്-എയർപോർട്ട് റോഡ്. അടുത്തിടെയാണ് അതിന് അധികൃതർ പച്ചക്കൊടി കാട്ടിയത്. ഇപ്പോഴിതാ ഈ റോഡുമായി ബന്ധപ്പെട്ട ചില ആശ്വാസ വാർത്തകൾ കൂടി വരികയാണ്. സീപോർട്ട്-എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ടത്തിലെ തിരക്കേറിയ തോഷിബ ജംഗ്ഷൻ തടസരഹിത യാത്രാമാർഗമാക്കാൻ ഒരുങ്ങുന്നു. ഫ്ലൈഓവറോ റൗണ്ട്എബൗട്ടോ നിർമ്മിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് അധികൃതരുടെ നീക്കം.
കാക്കനാട്, ഇൻഫോപാർക്ക്, കളമശ്ശേരി മെഡിക്കൽ കോളേജ് ഭാഗം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. നിലവിലുള്ള ഗതാഗത തടസങ്ങൾ ഒഴിവാക്കി കൊണ്ടുള്ളതായിരിക്കും ഈ മാറ്റമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വർഷങ്ങളായി, സീപോർട്ട്-എയർപോർട്ട് റോഡിന്റെ ഒന്നാം ഘട്ടം അവസാനിക്കുന്ന ഭാഗം പ്രാദേശിക റോഡുകളുമായി ചേരുന്നൊരു കുരുക്കായി മാറിയ നിലയിലായിരുന്നു.

വരാനിരിക്കുന്ന വികസന പദ്ധതിയിലൂടെ ഈ ജംഗ്ഷനെ, എച്ച്എംടി റോഡിൽ നിന്ന് തുടങ്ങി നെടുമ്പാശ്ശേരിയിൽ അവസാനിക്കുന്ന രണ്ടാം ഘട്ടവുമായി ബന്ധിപ്പിച്ച് തടസരഹിതമായ ഒരു യാത്രാകേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരളയിലെ ഉദ്യോഗസ്ഥർ പറയുന്നു.
രണ്ടാം ഘട്ട പദ്ധതിയുടെ നിർവഹണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരള തോഷിബ ജംഗ്ഷന്റെ വികസനത്തിനായി നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റെറിനെ (നാറ്റ്പാക്) ഗതാഗത പഠനം നടത്താൻ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം.
ഈ പഠനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ഒരു കത്ത് സമർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇവിടെ ഒരു ഫ്ലൈഓവർ, അടിപ്പാത അല്ലെങ്കിൽ ഗതാഗത റൗണ്ട്എബൗട്ട് എന്നിവ നിർമ്മിക്കാൻ നിർദ്ദേശങ്ങളുണ്ട്. നാറ്റ്പാക് അവരുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനുയോജ്യമായ നടപടിയും രൂപകൽപ്പനയും തീരുമാനിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, പാതയുടെ ഒന്നാം ഘട്ടത്തിലെ വെളിച്ചമില്ലാത്ത ഭാഗങ്ങളും നടപ്പാതയുടെ കുറവുകളും കാരണം വിമർശനം ഏറ്റുവാങ്ങിയതിനാൽ, രണ്ടാം ഘട്ടം കൂടുതൽ സ്‌മാർട്ടും സുരക്ഷിതവുമായാണ് ഒരുക്കുന്നത്. ഈ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ആർബിഡിസികെ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.
ആധുനിക രീതിയിലുള്ള തെരുവ് വിളക്കുകൾക്ക് പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. റോഡിന്റെ മുഴുവൻ ഭാഗത്തും ഇവ സ്ഥാപിക്കും. പ്രാദേശിക ഗതാഗതത്തെ അതിവേഗ ഗതാഗതത്തിൽ നിന്ന് വേർതിരിക്കുന്നതിനായി താമസമേഖലകളടക്കം പല ഭാഗങ്ങളിലും സർവീസ് റോഡുകൾ നിർമ്മിക്കും. പദ്ധതിപ്രദേശത്തുകൂടി പോകുന്ന ബിപിസിഎൽ പൈപ്പ് ലൈനിന് സംരക്ഷണ കവചവും പണിയുമെന്നും അധികൃതർ അറിയിച്ചു.
സീപോർട്ട്-എയർപോർട്ട് റോഡ്
ഇരുമ്പനത്ത് നിന്ന് സിയാൽ വരെ 25.7 കിലോമീറ്റർ ദൈർഘ്യമുള്ള സീപോർട്ട്-എയർപോർട്ട് റോഡ് പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ്. 11.3 കിലോമീറ്റർ തെക്കൻ ഭാഗം 2003-ൽ പൂർത്തിയായിയിരുന്നു. ശേഷിക്കുന്ന 14.3 കിലോമീറ്റർ വടക്കൻ ഭാഗം 20 വർഷത്തോളം തടസങ്ങളിൽ കുടുങ്ങുകയായിരുന്നു. ഇതോടെ മേഖലയിൽ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു.
സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസികളുമായി നടത്തിയ നിരന്തര ചർച്ചകളാണ് ഭൂമി ഏറ്റെടുക്കലിന് വഴിത്തിരിവായത്. നിലവിൽ 45 മീറ്റർ വീതിയുള്ള 2.7 കിലോമീറ്റർ റോഡിന്റെ നിർമ്മാണമാണ് എച്ച്എംടി ഭൂമിയിലൂടെ പുരോഗമിക്കുന്നത്. എച്ച്എംടി, എൻഎഡി ഭൂമികൾ ഏറ്റെടുക്കുന്നതായിരുന്നു പ്രധാന തടസം. സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന്, തൃക്കാക്കര നോർത്ത് വില്ലേജിലെ 1.4015 ഹെക്‌ടർ എച്ച്എംടി ഭൂമിക്ക് 37.90 കോടി രൂപ അനുവദിച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.
ഇനി വൈകില്ലെന്ന് ഉറപ്പ്
കൊച്ചിയുടെ വികസന സ്വപ്‍നങ്ങൾക്ക് കരുത്ത് പകരുന്നതാണ് ഈ റോഡിന്റെ നിർമ്മാണം. ഈ പാതയുടെ രണ്ടാംഘട്ടവും പൂർത്തിയാകുന്നതോടെ കൊച്ചിയിലെ പ്രധാന ഭാഗങ്ങളിൽ നിന്ന് എയർപോർട്ടിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കാനും നഗരത്തിലെ ഗതാഗതകുരുക്ക് ഗണ്യമായി പരിഹരിക്കാനും സാധിക്കുമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും പ്രതീക്ഷ.












Click it and Unblock the Notifications