കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ്; ഗതാഗത കുരുക്ക് തുടർക്കഥ, ഭൂമി ഏറ്റെടുക്കാൻ ഒരു കിലോമീറ്ററിന് 70 കോടി?
കൊച്ചി: പൊതുവെ ഗതാഗതകുരുക്ക് കൊച്ചി നഗരത്തെ സംബന്ധിച്ച് പുതിയ കാര്യമല്ല. പലയിടങ്ങളിലും റോഡ് നവീകരണം വൈകുന്നതും അശാസ്ത്രീയമായ നിർമ്മാണവും മറ്റ് കാരണങ്ങളാലും ഒക്കെ ഗതാഗത കുരുക്കുകൾ പതിവ് കാഴ്‌ച്ചയാണ്. അത്തരത്തിൽ കൊച്ചിക്കാർ രണ്ട് പതിറ്റാണ്ടിലേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന, ഇപ്പോഴും അത് തുടരുന്ന സീപോർട്ട്-എയർപോർട്ട് റോഡിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്.
അടുത്തിടെയാണ് സീപോർട്ട്-എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതിന്റെ സാങ്കേതിക അനുമതി ലഭ്യമായതോടെയാണ് എയർപോർട്ട്-സീപോർട്ട് റോഡിന് പുതുജീവൻ വച്ചത്. എന്നാൽ പുറമേ നിന്ന് കാണുന്നതിനേക്കാൾ അതിഭീകരമായ സാഹചര്യമാണ് നിലവിൽ ഈ പാതയിലൂടെ യാത്ര ചെയ്യുന്നവർ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ എന്നതാണ് വാസ്‌തവം.

ഏതാണ്ട് രണ്ടര 2പതിറ്റാണ്ട് മുൻപ് നിർമ്മാണം ആരംഭിച്ച സീപോർട്ട്-എയർപോർട്ട് റോഡ് ഇതുവരെയും നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിച്ചിട്ടില്ല. നിർമ്മാണം പൂർത്തിയാക്കി ആർബിഡിസികെ (റോഡ്‌സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള) പിഡബ്ല്യുഡിക്ക് കൈമാറിയ ആദ്യഘട്ടത്തിലെ 11.3 കിലോമീറ്ററിന്റെ തുടർ വികസനവും ഇക്കാലം വരെയും നടപ്പാക്കാൻ സാധിച്ചിട്ടില്ല താനും.
ദിവസേന ഇരുന്നൂറിലധികം ടാങ്കർ ലോറികൾ ഉൾപ്പെടെ കടന്നുപോവുന്ന പാതയാണ് ഇത്. കൊച്ചി എണ്ണ ശുദ്ധീകരണ ശാലയിൽ നിന്നുള്ളവയാണ് ഈ ടാങ്കറുകൾ. നിലവിൽ ഇവിടെ നടപ്പാക്കിയിരിക്കുന്ന ഗതാഗത പരിഷ്‌കാരമാണ് കൂടുതൽ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. എച്ച്എംടി റോഡ് വികസനത്തിന്റെ ഭാഗമായി ആലുവ മേഖലയിൽ നിന്നുള്ള വാഹനങ്ങൾ എച്ച്എംടി ജംക്‌ഷനിൽ തിരിഞ്ഞ് ആ റോഡിലൂടെ വേണം സീപോർട്ട് റോഡിലേക്ക് പ്രവേശിക്കാൻ.
ഇതോടെ ഇവിടുത്തെ മേൽപ്പാലത്തിൽ ഗതാഗത കുരുക്ക് കൂടി. റോഡ് പണി നടക്കുന്ന സമയത്ത് പിന്നെ യാത്ര കൂടുതൽ ദുഷ്‌കരമായി മാറും. എച്ച്എംടി റോഡിൽ നിന്നു സീപോർട്ട് റോഡിലേക്ക് പ്രവേശിക്കുന്ന ജംഗ്‌ഷനിലും സമാന സാഹചര്യമാണ്. അവിടെ താണ്ടി വള്ളത്തോൾ നഗറിലെത്തുമ്പോൾ അവിടെയും ഗതാഗത കുരുക്ക് കാത്തിരിക്കുന്നു. പിന്നെ കാക്കനാട് പാലം കടക്കുന്നതുവരെ ഇതേ സ്ഥിതിയാണ്.
രാവിലെയും വൈകിട്ടും കൊച്ചി പ്രത്യേക സാമ്പത്തിക മേഖല മുതൽ ഭാരതമാത കോളജ് വരെ മിക്കവാറും ട്രാഫിക് ജാം ഉറപ്പാണ്. മെട്രോ റെയിൽ നിർമാണത്തിന്റെ ബാരിക്കേഡുകളും ഇവിടെ തടസമുണ്ടാക്കുന്നുണ്ട്. സെസ് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. അതിനാൽ തന്നെ എത്രയും പെട്ടെന്ന് തന്നെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം.
തൃക്കാക്കര ഭാരതമാത കോളജ് മുതൽ ഇരുമ്പനം വരെ റോഡ് വീതി കൂട്ടാൻ 62 കോടി രൂപയുടെ പദ്ധതി സർക്കാർ പരിഗണിക്കുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ലെന്ന് മാത്രം. ഇതിന് അനുമതി നൽകാനുള്ള നടപടിക്രമങ്ങൾ മെല്ലെപ്പോക്കിലായതിനാൽ ദുരിതം അനുഭവിക്കുന്നത് യാത്രക്കാരാണ്. റോഡിനോടുള്ള ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉള്ളതിനാൽ നാല് വരി പാതയാക്കണം എന്നതാണ് ചിലയിടങ്ങളിൽ നിന്ന് ഉയരുന്ന ആവശ്യം.
ഇത് മാത്രമല്ല വേറെയും ബുദ്ധിമുട്ടുകൾ ഇവിടെ നേരിടുന്നുണ്ട്. പലയിടത്തും സ്ട്രീറ്റ് ലൈറ്റിന്റെ അഭാവം കാൽ നട യാത്രക്കാർക്കും വാഹനത്തിൽ സഞ്ചരിക്കുന്നവർക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മാലിന്യം കൊണ്ട് കളയുന്ന സാമൂഹ്യ വിരുദ്ധരും വേറെ. ഈ റോഡിന്റെ കളമശേരിയിലെ ഒരു കിലോമീറ്റർ ഭാഗം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയത് കിലോമീറ്ററിന് 70 കോടി രൂപയോളമാണ്. എന്നിട്ടും യാത്രക്കാർക്ക് ഇതുവരെയും പ്രയോജനം ലഭിച്ചിട്ടില്ലെന്ന് മാത്രം.












Click it and Unblock the Notifications