'ഇന്നലെ ഞങ്ങളില്ല സർ..'; എമ്പുരാൻ കാണാൻ ജീവനക്കാർക്ക് അവധി നൽകി കമ്പനി..! കൈയ്യടിച്ച് സോഷ്യൽ മീഡിയ
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാൻ വൻ റിലീസിന് തയ്യാറെടുക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പ്രമോഷനുമായുഐ ബന്ധപ്പെട്ട തിരക്കുകളിലാണ് അണിയറ പ്രവർത്തകർ. എന്നാൽ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രം കാണാനായി ഓഫീസിലെ ജീവനക്കാർക്ക് അവധി നൽകിയിരിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി.
എസ്‍തെറ്റ് എന്ന സ്‌റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഇത്തരത്തിൽ എമ്പുരാൻ കാണാനായി ജീവനക്കാർക്ക് അവധി നൽകി വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമാണ് എസ്‍തെറ്റ്. എമ്പുരാൻ റിലീസ് ദിനമായ മാർച്ച് 27ന് ജീവനക്കാര്‍ക്ക് ഹാഫ് ഡേ (ഉച്ചയ്ക്ക് 12 മണി വരെ) ആണ് കമ്പനി മാനേജ്‌മെന്റ് അവധി നൽകിയിരിക്കുന്നത്. ആദ്യ ഷോകളിൽ ചിത്രം കാണാൻ ഇതോടെ ജീവനക്കാർക്ക് സാധിക്കും.

കമ്പനിയുടെ സ്ഥാപകരിൽ ഒരാളെ ഉദ്ധരിച്ച് ഏഷ്യനെറ്റ് ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്. 10 പേർ അടങ്ങുന്ന എസ്‍തെറ്റ് കമ്പനിയുടെ സഹ ഉടമയായ അല്‍ഫോണ്‍സും ഈ തീരുമാനത്തിന് പിന്നിലുണ്ട്. ഇരുവരും കടുത്ത മോഹൻലാല്‍ ആരാധകരായതിനാലാണ് എമ്പുരാന്റെ റിലീസിന് ജീവനക്കാര്‍ക്ക് അവധി നല്‍കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. വാർത്ത പുറത്തുവന്നതിന് പിന്നാലെ ഈ തീരുമാനത്തിന് കൈയടിച്ചും തമാശ ട്രോളുകളുമായി സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തു.
എന്നാൽ ഇതുകൊണ്ടൊന്നും തീരുന്നില്ല കമ്പനിയുടെ ജീവനക്കാരോടുള്ള സ്നേഹം. തങ്ങളുടെ കമ്പനിയിലെ ജീവനക്കാര്‍ക്ക് ചിത്രത്തിന്റെ ടിക്കറ്റ് നല്‍കുമെന്നും ഉടമകളിൽ ഒരാൾ പ്രഖ്യാപിച്ചു കഴിഞ്ഞു. തങ്ങളുടെ ക്ലൈന്റ്‍സിനെ അവധി ഒരു തരത്തിലും ബാധിക്കാതെയിരിക്കാനാണ് നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയതെന്നും കമ്പനി അധികൃതർ എടുത്തുപറയുന്നു.
അതേസമയം, അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് മോഹൻലാൽ-പൃഥ്വിരാജ് ചിത്രമായ എമ്പുരാൻ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് എത്തുന്നത്. തുടക്കത്തിൽ തമിഴിലെ വമ്പൻ പ്രൊഡക്ഷൻ കമ്പനിയായ ലൈക്കയാണ് ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം ചിത്രത്തിന്റെ നിർമ്മാണ പങ്കാളിത്തം കൈകാര്യം ചെയ്‌തത്.
എന്നാൽ ചില അഭിപ്രായഭിന്നതകൾ കാരണം അവർ പിന്നീട് പ്രൊജക്റ്റിൽ നിന്ന് റിലീസിന് തൊട്ട് മുൻപ് പിന്മാറുകയായിരുന്നു. ഇതോടെയാണ് മലയാളത്തിലെ മറ്റൊരു വലിയ നിർമ്മാണ കമ്പനിയായ ശ്രീ ഗോകുലം മൂവീസ് സിനിമയിലേക്ക് എത്തിയിരിക്കുന്നത്. അങ്ങനെയാണ് എല്ലാ തടസങ്ങളും നീങ്ങി ചിത്രം പറഞ്ഞ ദിവസം തന്നെ തിയേറ്ററുകളിലേക്ക് എത്തുന്നത്.
മോഹൻലാലിന് പുറമേ മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു സന്തോഷ്, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിംഗ്, സാനിയ ഇയ്യപ്പൻ, നൈല ഉഷ, നന്ദു, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, എ;അലക്‌സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ എന്നിവർ അണിനിരക്കുന്ന ചിത്രം വലിയ ക്യാൻവാസിലാണ് ഒരുക്കിയത്.
ചിത്രത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത അതിഥി താരങ്ങളുടെ സാന്നിധ്യം ഉണ്ടാവുമെന്ന റൂമറുകളും നിലവിലുണ്ടെങ്കിലും അതിലൊന്നും സ്ഥിരീകരണം വന്നിട്ടില്ല. ഗെയിം ഓഫ് ത്രോൺസിലെ വേഷം കൈകാര്യം ചെയ്‌ത ജെറോം ഫ്ലിനും, പ്രമുഖ ഹോളിവുഡ് നടൻ എറിക് എബോയും ഒക്കെ ഭാഗമായ ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ഉള്ളത്.












Click it and Unblock the Notifications