കൊച്ചിയുടെ മുഖം മാറും; പുതിയ കെഎസ്ആർടിസി ടെർമിനൽ സൗത്ത് റെയിൽവേ സ്‌റ്റേഷനോട് ചേർന്ന്, കൂടുതൽ സൗകര്യങ്ങൾ
കൊച്ചി: കഴിഞ്ഞ ഒരുപാട് വർഷങ്ങളായി കൊച്ചിക്കാർ ഒരുപോലെ ഉന്നയിച്ച ആവശ്യമായിരുന്നു പുതിയ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് എന്നത്. പല തരത്തിൽ ഈ പദ്ധതി നടപ്പിലാക്കാൻ മുൻപ് ആലോചനകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും നടപ്പിലാവാതെ പോവുകയായിരുന്നു. എന്നാൽ ആയിരക്കണക്കിന് യാത്രക്കാർ പ്രതിദിനം ആശ്രയിക്കുന്ന കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന് ഒടുവിൽ ശാപമോക്ഷം ലഭിക്കുമ്പോൾ എന്തൊക്കെ സൗകര്യങ്ങൾ ഇവിടെ ഉണ്ടാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കാരിക്കാമുറിയിൽ പുതിയ കെഎസ്ആർടിസി ടെർമിനലിനായുള്ള 13 കോടി രൂപയുടെ ഒന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയതോടെ നടപ്പിലാവുന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. കാലപ്പഴക്കം ചെന്ന സൗകര്യങ്ങൾക്ക് പകരം ആധുനികവും സുസ്ഥിരവുമായ ഒരു നിർമ്മിതിയാണ് ഇവിടെ ഒരുങ്ങുന്നതെന്ന് അധികൃതർ തന്നെ പറയുമ്പോൾ യാത്രക്കാർക്ക് പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാവണം എന്നതാണ് ആഗ്രഹം.

നിലവിലെ കെഎസ്ആർടിസി ടെർമിനലിന് തെക്ക് ഭാഗത്തുള്ള 3.5 ഏക്കർ കെഎസ്ആർടിസി ഭൂമിയിലാണ് പുതിയ ടെർമിനൽ നിർമ്മിക്കാൻ ഒരുങ്ങുന്നത്. ഈ മാറ്റം നഗരത്തിലെ റെയിൽ ഗതാഗതത്തെ കൂടി ആശ്രയിക്കുന്ന യാത്രക്കാർക്ക് എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാനുള്ള സൗകര്യം ഉറപ്പാക്കുവാൻ ലക്ഷ്യമിട്ടുള്ളതാണ്. അതിന്റെ ഭാഗമായി ചില മാറ്റങ്ങളും വരാനിരിക്കുന്ന കെഎസ്ആർടിസി ടെർമിനലിൽ ഒരുക്കും.
'പുതിയ ടെർമിനൽ എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനുമായി വളരെ അടുത്തായിട്ടാവും നിർമ്മിക്കുക. സ്‌റ്റേഷന് സമീപം യാത്രക്കാർക്ക് പ്രത്യേക പ്രവേശന/പുറത്തുകടക്കൽ സൗകര്യങ്ങളുമുണ്ടാകും. പഴയ ടെർമിനൽ നിലവിലുള്ളത് പോലെ തുടരും, അതിന്റെ ഭാവി സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും' എന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ട് ഓൺ മനോരമ റിപ്പോർട്ട് ചെയ്യുന്നത്.
ഇത്രയൊക്കെ ആണെങ്കിലും പദ്ധതിക്ക് പലവിധ വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കാരിക്കാമുറിയിലെ ചതുപ്പുനിലം നിർമ്മാണത്തിലെ ഒരു പ്രധാന വെല്ലുവിളിയാണ്. ഇത് നേരിടാൻ നൂതനമായ അടിത്തറ സംവിധാനമാണ് ഒരുക്കാൻ ഉദ്ദേശിക്കുന്നത്. ബസ് ബേ 19 മീറ്റർ ആഴത്തിൽ ഉറപ്പിച്ച 32 അണ്ടർ റീംഡ് പൈലുകളിന്മേലായിരിക്കും. കൂടാതെ പ്രധാന ഓഫീസ് കെട്ടിടം 33 മീറ്റർ ആഴത്തിലുള്ള 44 പൈലുകളിലും നിർമ്മിക്കും. ഭാവി കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള ഒന്നാം ഘട്ടത്തിൽ 465.5 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള ബസ് ബേ, സ്‌റ്റീൽ മേൽക്കൂര, യാത്രക്കാർക്ക് ആധുനിക ഇരിപ്പിട സൗകര്യങ്ങൾ എന്നിവയാണ് ഒരുക്കുക. ജീവനക്കാർക്കുള്ള ഓഫീസുകൾ, എയർകണ്ടീഷൻ ചെയ്‌ത കാത്തിരിപ്പ് കേന്ദ്രം, റിസർവേഷൻ കൗണ്ടറുകൾ, ശുചിമുറികൾ തുടങ്ങിയവ അടങ്ങിയ 472 ചതുരശ്ര മീറ്റർ കെട്ടിടവും പദ്ധതിയുടെ ഭാഗമായി കാരിക്കാമുറിയിലെ സ്ഥലത്ത് നിർമ്മിക്കും.
അതിനിടെ പഴയ കെഎസ്ആർടിസി ടെർമിനലിന് 1.5 കോടി രൂപയുടെ നവീകരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ടിജെ വിനോദ് എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും ബിപിസിഎലിന്റെ സിഎസ്ആർ സംരംഭത്തിൽ നിന്നുമാണ് ഈ പദ്ധതിക്ക് ധനസഹായം ലഭിക്കുക. ഇവിടെ മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് സ്ഥിരമായതിനാൽ അതുൾപ്പെടെ കണക്കിലെടുത്ത് കൊണ്ടാവും നവീകരണം നടത്തുക.












Click it and Unblock the Notifications