കൊച്ചിയിൽ നിന്ന് ഇനി 45 മിനിറ്റ് കൊണ്ട് ലക്ഷദ്വീപിലെത്താം; സീപ്ലെയിൻ സർവീസ് ജൂലൈ 19 മുതൽ
കൊച്ചി: കേരളം കാത്തിരുന്ന കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് ജൂലൈ 19 ഞായറാഴ്‌ച മുതൽ തുടങ്ങും. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ലഭ്യമായ വിവരം. ജൂലൈ 20 മുതല്‍ സാധാരണ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന. പ്രവർത്തനം തുടങ്ങിയാൽ രാജ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ഏക സീ പ്ലെയിന്‍ സര്‍വീസായി ഇതോടെ കൊച്ചി-ലക്ഷദ്വീപ് റൂട്ട് മാറും.
കനേഡിയന്‍ നിര്‍മ്മിത 'വൈക്കിംഗ് ഡിഎച്ച്‌സി6400 ട്വിന്‍ ഓട്ടര്‍' വിമാനമാണ് കൊച്ചി-ലക്ഷദ്വീപ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ലക്ഷദ്വീപിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. ഇന്ത്യയുടെ അയൽ രാജ്യമായ മാലിദ്വീപിന് സമാനമായ സൗകര്യങ്ങൾ ഒരുക്കി കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് എത്തിക്കാനാണ് ശ്രമം.

ലക്ഷദ്വീപിലെ അഗത്തി, കടമത്ത്, കല്‍പ്പേനി, കവരത്തി, കില്‍ത്താന്‍ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചാണ് സർവീസ് നടത്തുന്നത്. 20പേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനമാണ് സര്‍വീസ് നടത്തുക, 45-50 മിനിറ്റാണ് യാത്രാസമയമായി കണക്കാക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലേക്ക് നടത്തിയ പരീക്ഷണപ്പറക്കലുകൾ വിജയകരമായതോടെയാണ് സർവീസിലേക്ക് കടക്കുന്നത്.
നിലവിൽ കേരളത്തിൽ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽ മാർഗമാണ് ആളുകൾ സഞ്ചരിക്കുന്നത്. എന്നാൽ കപ്പൽ മാർഗമുള്ള ദീർഘദൂര യാത്രയെ അപേക്ഷിച്ച് സീപ്ലെയിൻ വലിയ ലാഭമാണ്. നേരത്ത ചില റിപ്പോർട്ടുകൾ പ്രകാരം ടിക്കറ്റ് നിരക്ക് ഒരാൾക്ക് 12,000 രൂപയോളമായിരിക്കും. എന്നാൽ, കേന്ദ്ര സർക്കാരിന്റെ 'ഉഡാൻ' പദ്ധതിയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ടിക്കറ്റ് നിരക്ക് 2,000 രൂപയ്ക്കും 4,000 രൂപയ്ക്കും ഇടയിലാവുമെന്നും സൂചനയുണ്ട്.
രാജ്യത്ത് ഹെലികോപ്‌റ്റർ സർവീസുകൾക്ക് തുല്യമായ സുരക്ഷാമാനദണ്ഡങ്ങളാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം സീപ്ലെയിൻ സർവീസിനും ഏർപ്പെടുത്തുന്നത്. സംസ്ഥാന പോലീസിന്റെ സുരക്ഷയും മേൽനോട്ടവുമാണ് കൊച്ചി-ലക്ഷദ്വീപ് സർവീസിനുണ്ടാകുക. കഴിഞ്ഞ ഏപ്രിലിലാണ് സ്കൈഹോപ്പ് കമ്പനിക്ക് ഡിജിസിഎയുടെ എയർ ഓപറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) ലഭിച്ചത്. ഇതിന് പിന്നാലെ നടപടികൾ ശക്തമാക്കിയിരുന്നു.
തുടർന്ന് മെയ് 13 മുതൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലേക്ക് പരീക്ഷണപ്പറക്കലുകൾ നടത്തിയിരുന്നു. നിലവില്‍ അഗത്തിയിലേക്കുള്ള പരിമിതമായ വിമാന സര്‍വീസുകളെയും കൊച്ചിയില്‍ നിന്നുള്ള നീണ്ട കപ്പല്‍ യാത്രകളെയുമാണ് വിനോദസഞ്ചാരികള്‍ കൂടുതലായി ലക്ഷദ്വീപിലേക്ക് എത്താൻ ആശ്രയിക്കുന്നത്. സീപ്ലെയിൻ സർവീസ് തുടങ്ങിയാൽ ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.


Click it and Unblock the Notifications