ഇടപ്പള്ളിയിൽ യാത്രക്കാരെ വലച്ച് പണി തീരാത്ത ഫ്ലൈഓവർ കം അണ്ടർപാസ് പദ്ധതി; യാത്ര ദുരിതത്തിൽ
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഗതാഗത ഇടനാഴികളിലൊന്നായ ഇടപ്പള്ളി ബൈപ്പാസിലെ മുടങ്ങിക്കിടക്കുന്ന ഫ്ലൈഓവർ-കം-അണ്ടർപാസ് പദ്ധതി വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതമായി മാറിയിരിക്കുകയാണ്. ലുലു ഹെഡ് ഓഫീസിനും ഒബറോൺ മാളിനും സമീപം ഇടപ്പള്ളി ബൈപ്പാസിലാണ് പൂർത്തിയാകാത്ത രണ്ട് ഘടനകൾ നിലകൊള്ളുന്നത്.
എൻഎച്ച് 66ന്റെ വീതികൂട്ടൽ പദ്ധതിയുടെ ഭാഗമായി നിർദേശിച്ച 50 മീറ്റർ വീതിയുള്ള ഫ്ലൈഓവറുകൾ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനാണ് വിഭാവനം ചെയ്‌തിരുന്നത്. എന്നാൽ നിർമാണം പൂർത്തിയാകാതെ പോയതോടെ ഉപയോഗിക്കാവുന്ന റോഡിന്റെ വീതി കുറഞ്ഞു. റോഡിന്റെ ചില ഭാഗങ്ങൾ ഗതാഗതത്തിന് തടസമായി തുടരുകയും യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ വർധിക്കുകയും ചെയ്‌തു.

ഹൈവേയുടെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന ചാലിന്റെ നിർമ്മാണവും പൂർത്തിയായിട്ടില്ല. ഇതിനകം ഗതാഗതക്കുരുക്ക് രൂക്ഷമായ പ്രദേശത്ത് നിർമാണ സാമഗ്രികൾ കുന്നുകൂടിയിട്ടുണ്ട്. ആഴത്തിലുള്ള കുഴികളും നിരപ്പില്ലാത്ത റോഡും വാഹനമോടിക്കുന്നത് ദുഷ്‌കരമാക്കിയിരിക്കുകയാണ്. മഴ പെയ്യുമ്പോൾ പ്രദേശം ചെളിയും വെള്ളക്കെട്ടുമുള്ള അവസ്ഥയിലാകുന്നതിനാൽ വാഹനയാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും അപകടസാധ്യത വർധിക്കുന്നു.
രാത്രികാലങ്ങളിൽ ട്രാഫിക് നിയന്ത്രണങ്ങൾ വ്യക്തമല്ലാത്തതിനാൽ പ്രശ്‌നം കൂടുതൽ രൂക്ഷമാകുന്നു. റോഡിന്റെ ഒരു ഭാഗം ഇപ്പോഴും ഉപയോഗിക്കാൻ കഴിയാത്തതിനാൽ വാഹനങ്ങൾ ഇടുങ്ങിയ ഭാഗത്തിലൂടെയാണ് കടന്നുപോകേണ്ടത്. കാൽനടയാത്രക്കാരുടെ സ്ഥിതി ഇതിലും ദുരിതത്തിലാണ്. റോഡിന്റെ ചില ഭാഗങ്ങളിൽ നടക്കാൻ പോലും മതിയായ സ്ഥലമില്ല.
എൻഎച്ച് 66നും എൻഎച്ച് 544നും ഇടയിലെ പ്രധാന ജംഗ്ഷനായതിനാൽ ഇടപ്പള്ളിക്ക് വലിയ ഗതാഗത പ്രാധാന്യമുണ്ട്. കാസർഗോഡ് മുതൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള ആറ് വരി ദേശീയപാത എടപ്പള്ളിയിൽ എത്തുമ്പോൾ നാല് വരിയായി ചുരുങ്ങുന്നതും ജംഗ്ഷനിലെ ഗതാഗത സമ്മർദം വർധിപ്പിക്കുന്നു.
നേരത്തെ എറണാകുളം എംപി ഹൈബി ഈഡൻ ലോക്‌സയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി, ഇടപ്പള്ളി ജംഗ്ഷനിലെ രണ്ട് ഫ്ലൈഓവറുകളും മെയ് മാസത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് അറിയിച്ചിരുന്നു. രണ്ട് ഫ്ലൈഓവറുകളുടെയും പ്രധാന ഘടനാ നിർമ്മാണം പൂർത്തിയായെന്നും അപ്രോച്ച് റോഡുകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാൽ ഓഗസ്‌റ്റ് മാസം കഴിഞ്ഞിട്ടും നിർമ്മാണം ഇപ്പോഴും നിലച്ചിരിക്കുകയാണ്. ഇതിന്റെ ബുദ്ധിമുട്ടുകൾ ആവട്ടെ യാത്രക്കാർ തുടർന്നും അനുഭവിക്കുകയാണ്. ഇക്കാര്യത്തിൽ ഇതുവരെയും ദേശീയപാത അതോറിറ്റി അധികൃതർ പ്രതികരണം നടത്തിയിട്ടില്ല. അനുദിനം റോഡിൽ ഇറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം.


Click it and Unblock the Notifications