കൊച്ചി വാട്ടർ മെട്രോ; 7 വർഷം പിന്നിട്ടിട്ടും വിപുലീകരണത്തിന് വെല്ലുവിളി, 1136 കോടിയുടെ പദ്ധതി തുലാസിൽ
കൊച്ചി: വാട്ടർ മെട്രോയുടെ വിപുലീകരണ പദ്ധതികൾക്ക് വെല്ലുവിളിയായി വീണ്ടും കാലതാമസം. നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതി ഏഴ് വർഷം പിന്നിട്ടിട്ടും പൂർണതോതിൽ പ്രവർത്തനക്ഷമമായിട്ടില്ല. 1136 കോടി രൂപ ചെലവിൽ വിഭാവനം ചെയ്‌ത പദ്ധതിയിൽ 78 ബോട്ടുകളും 38 ജെട്ടികളും ഒരുക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇതുവരെ 20 ബോട്ടുകളും 12 ടെർമിനലുകളും മാത്രമാണ് കമ്മീഷൻ ചെയ്‌തിട്ടുള്ളത്.
2015ൽ ആവിഷ്‌കരിച്ച വാട്ടർ മെട്രോ പദ്ധതി 2019ഓടെ പൂർണമായി പ്രവർത്തനക്ഷമമാക്കാനായിരുന്നു ആദ്യ ലക്ഷ്യം. ജർമൻ ധനകാര്യ സ്ഥാപനമായ കെഎഫ്ഡബ്ള്യു ഡെവലപ്മെന്റ് ബാങ്കിൽ നിന്നുള്ള ദീർഘകാല വായ്‌പയാണ് പദ്ധതിയുടെ പ്രധാന ധനസ്രോതസ്സ്. പലതവണ കാലാവധി നീട്ടിയിട്ടും നിർമ്മാണ പ്രവർത്തനങ്ങളിലെ കാലതാമസം തുടരുകയാണ്. നിലവിലെ വായ്‌പാ കാലാവധി 2027 ജൂണിൽ അവസാനിക്കാനിരിക്കെ വീണ്ടും കാലാവധി നീട്ടാനുള്ള നടപടികൾ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആരംഭിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി ഇനി 26 ടെർമിനലുകളും 58 ബോട്ടുകളും ഇനിയും പൂർത്തിയാക്കാനുണ്ട്. ബോട്ടുകളുടെ നിർമ്മാണവും വിതരണവും വൈകിയത്, കരാറുകാരുടെ പ്രവർത്തന സമയക്രമത്തിലെ പ്രശ്‌നങ്ങൾ, കാലവർഷം, തിരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങളാണ് പദ്ധതിയുടെ കാലതാമസത്തിന് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്.
16 റൂട്ടുകളിലായി സർവീസ് വ്യാപിപ്പിക്കുന്ന തരത്തിലായിരുന്നു പദ്ധതിയുടെ രൂപകൽപ്പന. ആദ്യ ഘട്ടത്തിൽ ഏഴ് റൂട്ടുകളിലായി 43 ബോട്ടുകൾ സർവീസ് നടത്താനായിരുന്നു പദ്ധതി. ഇതിൽ 100 യാത്രക്കാരെ ഉൾക്കൊള്ളുന്ന 14 ബോട്ടുകളും 50 യാത്രക്കാരെ ഉൾക്കൊള്ളുന്ന 27 ബോട്ടുകളും രണ്ട് അധിക ബോട്ടുകളും ഉൾപ്പെട്ടിരുന്നു. രണ്ടാം ഘട്ടത്തിൽ ഒമ്പത് പുതിയ റൂട്ടുകൾ കൂടി ഉൾപ്പെടുത്തി ആകെ 16 റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാനായിരുന്നു ലക്ഷ്യം.
38 ജെട്ടികളാണ് പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി വിഭാവനം ചെയ്‌തത്. ഇതിൽ 18 എണ്ണം പ്രധാന ജെട്ടികളും 20 എണ്ണം ചെറിയ ജെട്ടികളുമായിരുന്നു. എളങ്കുന്നപ്പുഴ, കടമക്കുടി, വരാപ്പുഴ എന്നിവിടങ്ങളിലെ പ്രധാന ജെട്ടികൾ ഉൾപ്പെടെ നിരവധി ടെർമിനലുകൾ പിന്നീട് വികസിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ നിലവിൽ ഈ പട്ടികയിലെ ഈലൂർ, ചേരാനല്ലൂർ എന്നീ രണ്ട് ചെറിയ ജെട്ടികൾ മാത്രമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്.
പദ്ധതിക്കായി അനുവദിച്ച ഫണ്ടിന്റെ ഏകദേശം 40 ശതമാനവും ഇതുവരെ വിനിയോഗിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. പദ്ധതിയുടെ ബോട്ട്, ടെർമിനൽ ലക്ഷ്യങ്ങൾ കൈവരിക്കാത്തതിനാൽ വായ്‌പാ കാലാവധി പലതവണ നീട്ടേണ്ടിവന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. അടുത്ത ജൂണിൽ നിലവിലെ കാലാവധി അവസാനിക്കുന്നതിനാൽ ശേഷിക്കുന്ന ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാനാകുമോ എന്നതാണ് പ്രധാന ചോദ്യം.
യാത്രക്കാരുടെ എണ്ണത്തിലും ചില റൂട്ടുകളിൽ പ്രതീക്ഷിച്ച വളർച്ച ഉണ്ടായിട്ടില്ല. വൈപ്പിൻ, ബോൾഗാട്ടി, ചേരാനല്ലൂർ എന്നിവിടങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറവാണെന്നാണ് കണക്ക്. അതേസമയം, പുതിയ ടെർമിനലുകൾ പൂർത്തിയാകുന്നതോടെ കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
നിലവിൽ കടമക്കുടി, പാളിയംതുരുത്ത് ടെർമിനലുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇവിടങ്ങളിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഒക്ടോബറിൽ 30 പൈലിങ് ജോലികളും അഞ്ച് പൈൽ ചിപ്പിങ് ജോലികളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എടക്കൊച്ചി, വരാപ്പുഴ ടെർമിനലുകൾ, ഹൈക്കോടതി ടെർമിനലിലെ ഓപ്പറേഷൻ കൺട്രോൾ സെന്റർ, ഓഫീസ് സൗകര്യങ്ങൾ എന്നിവയ്ക്കുള്ള കരാറുകളും ഉടൻ നൽകാനാകുമെന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വ്യക്തമാക്കുന്നത്.
ബോൾഗാട്ടി, വൈറ്റില, സൗത്ത് ചിറ്റൂർ, കാക്കനാട്, കടമക്കുടി എന്നിവിടങ്ങളിൽ ബോട്ടുകൾക്കായുള്ള ചാർജിങ് സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികളും ആരംഭിക്കും. കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിന്ന് ലഭിക്കാനുള്ള മൂന്ന് ബോട്ടുകളിൽ ഒന്ന് ഡിസംബറിലും മറ്റ് രണ്ട് ബോട്ടുകൾ 2028 ജൂണിലും ലഭിക്കുമെന്നാണ് നിലവിലെ വിവരം. കൂടാതെ 15 പുതിയ ബോട്ടുകൾക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
ഫ്ലോട്ടിങ് ജെട്ടികളുടെ കാര്യത്തിലും പ്രവർത്തനം പുരോഗമിക്കുകയാണ്. കാസ്‌റ്റിങ് പൂർത്തിയാക്കിയ 16 ഫ്ലോട്ടിങ് ജെട്ടികളിൽ രണ്ടെണ്ണം ഇതിനകം സ്ഥാപിച്ചു. ഡ്രഡ്‌ജിങ് ജോലികൾ പൂർത്തിയാക്കിയ ശേഷം ബാക്കിയുള്ള ജെട്ടികൾ 2026 ഡിസംബറോടെ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നിലവിലെ സ്ഥിതി കണക്കിലെടുക്കുമ്പോൾ വാട്ടർ മെട്രോയുടെ പൂർണമായ വികസനം ഇനിയും സമയമെടുക്കുമെന്നാണ് വിലയിരുത്തൽ.
വായ്‌പ കാലാവധി വീണ്ടും നീട്ടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കി ശേഷിക്കുന്ന ബോട്ടുകളും ടെർമിനലുകളും സമയബന്ധിതമായി പൂർത്തിയാക്കുക എന്നതാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. പ്രത്യേകിച്ച് റോ-റോ, ജലഗതാഗത വകുപ്പ് നടത്തുന്ന ബോട്ട് സർവീസുകൾ എന്നിവ തടസം നേരിടുന്ന സാഹചര്യത്തിൽ കൂടിയാണ് വാട്ടർ മെട്രോയ്ക്ക് പ്രാധാന്യമേറുന്നത്.


Click it and Unblock the Notifications
