കൊച്ചി വാട്ടർ മെട്രോ; സ്വന്തമായി യാർഡ് ഇല്ലാത്തത് തിരിച്ചടിയാവുന്നു, ഭാവി വികസനം വരെ തുലാസിൽ

കൊച്ചി: ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമായി സ്വന്തമായി പ്രത്യേക കേന്ദ്രമില്ലാത്തത് കൊച്ചി വാട്ടർ മെട്രോയുടെ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നു. ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ കൂടുതൽ ബോട്ടുകളും പുതിയ പാതകളും ഉൾപ്പെടുത്തി വികസിക്കുന്ന സാഹചര്യത്തിൽ, സ്വന്തമായി അറ്റകുറ്റപ്പണി കേന്ദ്രമില്ലാത്തത് പദ്ധതിയുടെ ദീർഘകാല പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.

നിലവിൽ അഞ്ച് പാതകളിലായി 20 വൈദ്യുത, ഇന്ധന സഹായത്തോടെയുള്ള ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. ഹൈക്കോടതി മുതൽ ഫോർട്ട് കൊച്ചി വരെയും വൈറ്റില മുതൽ കാക്കനാട് വരെയുമുള്ള പാതകൾ ഇതിൽ ഉൾപ്പെടുന്നു. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നിർമിക്കുന്ന മൂന്ന് ബോട്ടുകളിൽ ഒന്ന് ഒരു മാസത്തിനുള്ളിലും ശേഷിക്കുന്നവ അടുത്ത വർഷത്തോടെയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

kochi water metro

ഇതിനുപുറമെ, 100 യാത്രക്കാരെ വീതം വഹിക്കാൻ കഴിയുന്ന 15 ബോട്ടുകൾ കൂടി വാങ്ങാനുള്ള നടപടികളും വാട്ടർ മെട്രോ ആരംഭിച്ചിട്ടുണ്ട്. 2027ൽ ഇവ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, സ്വന്തമായി അറ്റകുറ്റപ്പണി കേന്ദ്രമില്ലാത്തതിനാൽ ബോട്ടുകൾക്ക് സാങ്കേതിക തകരാറുകൾ സംഭവിക്കുമ്പോൾ പുറത്തുള്ള സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ബോട്ടുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഈ രീതി ദീർഘകാലത്തേക്ക് പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ.

തേവര, കിൻഫ്ര, വല്ലാർപാടത്തിന് സമീപമുള്ള രാമൻതുരുത്ത് എന്നിവിടങ്ങളിലാണ് അറ്റകുറ്റപ്പണി കേന്ദ്രം സ്ഥാപിക്കാൻ കൊച്ചി വാട്ടർ മെട്രോ അധികൃതർ സ്ഥലം കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, ഓരോ സ്ഥലത്തും തടസങ്ങൾ നേരിടുകയാണ്. തേവരയിൽ കെഎസ്ആർടിസിയുടെ ജവഹർലാൽ നെഹ്റു നഗര നവീകരണ പദ്ധതി ബസ് സ്‌റ്റേഷന് പിന്നിലുള്ള അഞ്ച് ഏക്കർ സ്ഥലം ഗതാഗത സംവിധാനങ്ങൾ ഏകോപിപ്പിക്കുന്ന കേന്ദ്രവും ബോട്ട് അറ്റകുറ്റപ്പണി ശാലയും നിർമ്മിക്കുന്നതിനായി പരിഗണിച്ചിരുന്നു.

എന്നാൽ, സ്ഥലത്തിന് വിപണിവില നൽകണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം അംഗീകരിക്കാൻ കഴിയാത്തതിനാൽ ചർച്ചകൾ വഴിമുട്ടിയെന്ന് കൊച്ചി വാട്ടർ മെട്രോയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വല്ലാർപാടത്തിന് സമീപമുള്ള അഞ്ച് ഏക്കർ സർക്കാർ ഭൂമിയും മറ്റൊരു സാധ്യതയായി പരിഗണിച്ചിരുന്നു. എന്നാൽ, കൊച്ചിൻ ഷിപ്പ്‌യാർഡിനും ഈ സ്ഥലത്തിൽ താൽപര്യമുണ്ടായതോടെ വിഷയം പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിലെത്തി.

ഭൂമി ഷിപ്പ്‌യാർഡിന് അനുവദിക്കണമെന്ന നിർദേശം വന്നതോടെ വാട്ടർ മെട്രോയുടെ ഈ നീക്കവും ഉപേക്ഷിക്കേണ്ടി വന്നു. കിൻഫ്രയിൽ രണ്ട് ഏക്കർ സ്ഥലത്ത് ബോട്ട് അറ്റകുറ്റപ്പണി കേന്ദ്രം സ്ഥാപിക്കാനായിരുന്നു മറ്റൊരു പദ്ധതി. എന്നാൽ, കടമ്പ്രയാർ നദിയിലെ തടസങ്ങൾ കാരണം ഇത് ഉപേക്ഷിക്കേണ്ടിവന്നു. വർഷത്തിൽ ആറുമാസം അടച്ചിടുന്ന കോഴിച്ചിറ ബണ്ട് ബോട്ടുകൾക്ക് ഈ സ്ഥലത്തേക്ക് എത്തുന്നതിന് തടസ്സമാകുകയാണ്.

കാക്കനാട് വാട്ടർ മെട്രോ ടെർമിനലിൽനിന്ന് ഇൻഫോപാർക്കിലേക്ക് രണ്ടര കിലോമീറ്റർ ദൂരത്തിൽ സർവീസ് നീട്ടാനുള്ള പദ്ധതിയെയും ഇതേ ബുദ്ധിമുട്ട് ബാധിച്ചിട്ടുണ്ട്. ഐടി ജീവനക്കാർക്ക് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്ര ചെയ്യാൻ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നേരിട്ടുള്ള ജലഗതാഗത പാത ആസൂത്രണം ചെയ്‌തത്‌.

എന്നാൽ, രണ്ട് പ്രധാന അടിസ്ഥാനസൗകര്യ പ്രശ്‌നങ്ങൾ പരിഹരിക്കാതെ ഈ പാതയിൽ ബോട്ടുകൾക്ക് സർവീസ് നടത്താനാകില്ല. കോഴിച്ചിറ ബണ്ട് സ്ഥിരമായി നീക്കം ചെയ്യുകയോ വർഷം മുഴുവൻ ബോട്ടുകൾക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിൽ മാറ്റം വരുത്തുകയോ വേണം. കൂടാതെ, ബ്രഹ്മപുരം പാലത്തിന്റെ ഉയരവും വർധിപ്പിക്കേണ്ടതുണ്ട്.

നിലവിൽ പാലത്തിന് താഴെയുള്ള ലംബമായ ഉയരം 2.25 മീറ്ററാണ്. വാട്ടർ മെട്രോ ബോട്ടുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇത് 5.5 മീറ്ററായി ഉയർത്തി പാലം പുനർനിർമ്മിക്കണമെന്നാണ് അധികൃതരുടെ ആവശ്യം.

നിർമ്മാണ തടസങ്ങൾ തുടരുന്നുണ്ടെങ്കിലും എറണാകുളം, നെട്ടൂർ ടെർമിനലുകൾ ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾ പൂർത്തിയാക്കുന്നതിനാണ് കൊച്ചി വാട്ടർ മെട്രോ ഇപ്പോൾ മുൻഗണന നൽകുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണം 7,000 കടന്ന സാഹചര്യത്തിൽ ബോട്ടുകളുടെ പരിപാലനത്തിനായി പ്രത്യേക കേന്ദ്രം സ്ഥാപിക്കേണ്ടത് അടിയന്തര ആവശ്യമായി മാറിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma