കൊച്ചുവേളി സ്‌റ്റേഷൻ ഇനി മുതൽ തിരുവനന്തപുരം നോർത്ത്; നേമത്തിന്റെ പേരും മാറ്റാൻ ഒരുങ്ങി റെയിൽവേ
തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ട് പ്രധാന റെയിൽവെ സ്‌റ്റേഷനുകളുടെ പേര് മാറ്റാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. കൊച്ചുവേളി, നേമം സ്‌റ്റേഷനുകളുടെ പേര് മാറ്റാനാണ് തീരുമാനം. നേമം സ്‌റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും, കൊച്ചുവേളി സ്‌റ്റേഷൻ തിരുവനന്തപുരം നോർത്തുമാകും. ഇരു സ്‌റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷന്റെ ഉപഗ്രഹ ടെർമിനലുകളാക്കുന്നതിന്റെ ഭാഗമാണ് ഈ തീരുമാനം.
തിരുവനന്തപുരം കേന്ദ്രീകരിച്ച് നടപ്പാക്കുന്ന റെയിൽവേ വികസനങ്ങളുടെ ആദ്യപടിയായാണ് ഈ തീരുമാനം. സ്‌റ്റേഷനുകളുടെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ ഡിസംബർ ആദ്യം സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പേര് മാറ്റത്തിന് സർക്കാർ അനുമതി നൽകിയത്. തീരുമാനം അറിയിച്ച് ഗതാഗത സെക്രട്ടറി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയക്കുകയായിരുന്നു.

തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയ സാഹചര്യത്തിലാണ് ഉപഗ്രഹ ടെർമിനലുകൾ വികസിപ്പിക്കാൻ തീരുമാനമായത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു തിരുവനന്തപുരം ഏരിയ വികസന പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തത്. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിൽലേക്ക് ടിക്കറ്റെടുക്കുന്ന ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെയുള്ള യാത്രക്കാർക്ക് അത് ലഭിച്ചില്ലെങ്കിൽ യാത്ര ഉപേക്ഷിക്കുന്നതായിരുന്നു പതിവ്.
യാത്രക്കാർക്ക് സൗകര്യം ലഭിക്കുന്നതോടെ വരുമാന വർധനയും റെയിൽവേ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ യാത്ര ഉപേക്ഷിക്കുന്ന ആളുകളെ കൂടി മുന്നിൽ കണ്ടാണ് തീരുമാനം. കൊച്ചുവേളി എന്നൊരു സ്‌റ്റേഷനുണ്ടെന്നും അത് തിരുവനന്തപുരത്തിന് തൊട്ടടുത്താണെന്നും പലർക്കും അറിയില്ല. തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്‌ത് സ്‌റ്റേഷനുകൾ നവീകരിക്കുന്നതോടെ ഇവ കൂടുതൽ ശ്രദ്ധിക്കപ്പെടും. ഈ സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ചു കൂടുതൽ ട്രെയിനുകൾ അനുവദിച്ചാൽ യാത്രക്കാർക്ക് ഗുണമാവുകയും ചെയ്യും.
തിരുവനന്തപുരം സെൻട്രലിന് വടക്കുള്ള ടെർമിനൽ സംവിധാനമുള്ള ഒരു പ്രധാനപ്പെട്ട റെയിൽവേ സ്‌റ്റേഷനാണ് കൊച്ചുവേളി. തിരക്കേറിയ സമയത്ത് കൊച്ചുവേളി റെയിൽവേ സ്‌റ്റേഷനും പ്രത്യേക ട്രെയിനുകൾ അനുവദിക്കാറുണ്ട്. തലസ്ഥാനത്ത് ഏറ്റവും കൂടുതൽ വികസനം കാത്തിരിക്കുന്ന ഒരു സ്‌റ്റേഷൻ കൂടിയാണ് നേമം.
തിരുവനന്തപുരം സെൻട്രലിൽ നടത്തുന്ന എല്ലാ കോച്ച് മെയിന്റനൻസ് പ്രവർത്തനങ്ങളും ഓപ്പറേറ്റിംഗ് സെന്റർ കമ്മീഷൻ ചെയ്യുന്ന മുറയ്ക്ക് നേമത്തേക്ക് മാറ്റാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. എരുമേലിയിൽ നിന്ന് പത്തനംതിട്ട , പുനലൂർ, നെടുമണങ്ങാട് വഴിയുള്ള നിർദിഷ്‌ട ശബരി റെയിൽ പാത നീട്ടുന്നത് നിർദിഷ്‌ട നേമം ടെർമിനലുമായി ബന്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications