കൊടകര കുഴല്‍പ്പണക്കേസ്: വീണ്ടും അന്വേഷിക്കാന്‍ ഡിജിപിയോട് നിര്‍ദേശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഡിജിപി എസ് ദര്‍വേശ് സാഹിബുമായുമായുള്ള കൂടിക്കാഴ്ച്ചയിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴി വിശദമായി രേഖപ്പെടുത്തും. പുതിയ വിവരങ്ങള്‍ കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടാനാണ് തീരുമാനം.
പുനരന്വേഷണം വേണോ തുടരന്വേഷണം വേണോ എന്ന കാര്യത്തില്‍ നിയമപരമായ കാര്യങ്ങള്‍ ആദ്യം പരിശോധിക്കും. തുടര്‍ന്നാണ് കോടതിയെ സമീപിക്കുക. ആദ്യ കുറ്റപത്രത്തില്‍ 22 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. തുടരന്വേഷണത്തില്‍ ഒരു പ്രതിയെ കൂടി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം നല്‍കുകയായിരുന്നു.

തൃശൂര്‍ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കാന്‍ രൂപീകരിക്കുകയും, ഇവര്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തതാണ്. അതുകൊണ്ട് കോടതിയുടെ അനുമതിയോടെ മാത്രമേ തുടരന്വേഷണം നടത്താനാവൂ. നേരത്തെ കേസ് അന്വേഷിച്ചിരുന്ന അന്വേഷണ സംഘം തന്നെ തിരൂര്‍ സതീശന്റെ മൊഴി രേഖപ്പെടുത്തും.
വെളിപ്പെടുത്തിയ കാര്യം സതീശന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ആവര്‍ത്തിച്ചാല്‍ അക്കാര്യം കോടതിയെ അറിയിച്ചാണ് അനുമതി തേടുക. കൊടകര ദേശീയ പാതയില്‍ വെച്ച് കാറില്‍ കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്.
അതേസമയം പുതിയ അന്വേഷണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. പോലീസും സര്‍ക്കാരും കേസ് ഒതുക്കിതീര്‍ക്കാനാണ് ശ്രമിച്ചത്. പോലീസ് അന്വേഷിച്ചപ്പോള്‍ കൊടകര കള്ളപ്പണക്കേസിനെ കുറിച്ച് വിവരം കിട്ടിയിരുന്നു. എന്നാല്‍ രണ്ട് കൂട്ടരും ചേര്‍ന്ന് കേസ് ഒതുക്കാനാണ് ശ്രമിച്ചത്. പോലീസ് കത്തും പുറത്തുവിട്ടില്ല. മൂന്ന് വര്‍ഷം കഴിഞ്ഞാണ് കത്ത് പുറത്തുവരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ രാഷ്ട്രീയമാ ഒരു ആരോപണം പോലും സര്‍ക്കാരോ സിപിഎമ്മോ ഉന്നയിച്ചില്ല. എല്ലാ കേസിലും അന്വേഷണം നടത്തുന്ന ഇഡി ഈ കേസില്‍ അന്വേഷണം നടത്തിയില്ലെന്നും സതീശന്‍ ആരോപിച്ചു.
കേന്ദ്രവും സംസ്ഥാന സര്‍ക്കാരും കേസ് ഒതുക്കീര്‍ക്കാനാണ് ഒത്തുകളിച്ചത്. കുഴല്‍പ്പണക്കസ് ഒതുക്കിയതിന് പകരമായിട്ടാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള കേസുകള്‍ കേന്ദ്രം ഒതുക്കിതീര്‍ത്തത്. എസ്എന്‍എസ് ലാവ്‌ലിന്‍ കേസ്, കരുവന്നൂര്‍ കേസ്, സ്വര്‍ണക്കള്ളക്കടത്ത് കേസ് തുടങ്ങിയതെല്ലാം എവിടെയാണ് അവസാനിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
അതേസമയം കൊടകരയിലേക്ക് കള്ളപണം ഒഴുക്കിയത് കര്‍ണാടകയിലെ ബിജെപി എംഎല്‍എയെന്ന കേരള പോലീസ് വെളിപ്പെടുത്തി. ധര്‍മരാജന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് പോലീസ് ഇഡിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 41.48 കോടി രൂപയാണ് കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് എത്തിച്ചത്.












Click it and Unblock the Notifications