കൊടകര കള്ളപ്പണക്കേസിൽ പുതിയ അന്വേഷണ സംഘം; ഉത്തരവിറക്കി ഡിജിപി, സംഘത്തിൽ എട്ട് ഉദ്യോഗസ്ഥർ
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ എട്ടംഗ സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തി ഡിജിപി. തൃശൂർ ഡിഐജി തോംസൺ ജോസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി പുറത്തിറക്കി. കൊച്ചി ഡിസിപിയായ സുദർശൻ ഐപിഎസാണ് അന്വേഷണത്തിന് നേതൃത്വം നൽകുക.
കൂടാതെ സംഘത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്‌പി രാജു, കൊടകര എസ്എച്ച്ഒ, വലപ്പാട് എസ്‌ഐ എന്നിങ്ങനെ എട്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ഡിജിപി ഉത്തരവിറക്കിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കി കൊണ്ടാണ് കൊടകര കള്ളപ്പണക്കേസ് ഉയർന്നുവന്നത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഉൾപ്പെടെ പ്രതിക്കൂട്ടിൽ നിർത്തി കൊണ്ടായിരുന്നു പിന്നീട് എൽഡിഎഫ്, യുഡിഎഫ് പ്രതികരണങ്ങൾ.

ഇതിന് പിന്നാലെയാണ് ഇപ്പോൾ അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ട് ഡിജിപി തന്നെ രംഗത്ത് വന്നിരിക്കുന്നത്. മുൻപ് കേസ് അന്വേഷിച്ച സംഘത്തിൽ ഉണ്ടായിരുന്ന ഡിവൈഎസ്‌പി രാജു മാത്രമാണ് പുതിയ സംഘത്തിലും ഉൾപ്പെട്ടിരിക്കുന്നത്. തൃശൂർ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി സതീഷിന്റെ വെളിപ്പെടുത്തലാണ് കേസിൽ തുടരന്വേഷണം നടത്താൻ പോലീസിനെ നിർബന്ധിതരാക്കിയത്.
കൊടകര കള്ളപ്പണക്കേസിൽ നേരത്തെ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നു. സതീഷിന്റെ വെളിപ്പെടുത്തൽ വന്നതോടെ കേസിൽ പുനരന്വേഷണത്തിന് സാധ്യത തെളിയുകയായിരുന്നു. നിലവിൽ പുനരന്വേഷണം സംബന്ധിച്ച് ഇരിങ്ങാലക്കുട കോടതിയിൽ സർക്കാർ അനുമതി തേടിയിട്ടുണ്ട്.
ഇക്കാര്യത്തിൽ കോടതിയുടെ അനുമതി ലഭിച്ചാലുടൻ സംഘം അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം. ആദ്യഘട്ടത്തിൽ വെളിപ്പെടുത്തൽ നടത്തിയ സതീഷിന്റെ പ്രാഥമിക മൊഴി ശേഖരിക്കുകയാവും അന്വേഷണ സംഘം ചെയ്യുക. ബിജെപി നേതാക്കൾക്ക് ഉൾപ്പെടെ എതിരെ ഗുരുതരമായ വെളിപ്പെടുത്തലാണ് സതീഷ് നടത്തിയത്.
ബിജെപി നേതാക്കളുടെ സമ്മർദ്ദം കാരണം നേരത്തെ കേസിൽ താൻ വ്യാജ മൊഴിയാണ് നൽകിയത് എന്നായിരുന്നു സതീഷ് പറഞ്ഞിരുന്നത്. കൊടിതോരണങ്ങൾ എന്ന പേരിൽ മൂന്നരക്കോടിയോളം രൂപ ബിജെപി ഓഫീസിൽ എത്തിച്ചുവെന്നാണ് സതീഷ് വെളിപ്പെടുത്തിയത്. ആറ് ചാക്കുകളിലാക്കി പണം ഓഫീസിൽ എത്തിച്ചുവെന്നും സതീഷ് ആരോപിച്ചിരുന്നു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. കൊടകരയിലെ ദേശീയ പാതയിൽ വച്ച് കാറിൽ കൊണ്ട് പോവുകയായിരുന്ന മൂന്നരക്കോടി രൂപയോളം ക്രിമിനൽ സംഘം തട്ടിയെടുത്തുവെന്നായിരുന്നു കേസ്. ഇത് ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടായി എത്തിച്ച കള്ളപ്പണം ആണെന്നായിരുന്നു തുടക്കം മുതൽ ഉയർന്ന ആരോപണം.












Click it and Unblock the Notifications