കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്
കോഴിക്കോട്: ജില്ലയിൽ ഇക്കുറി തീപാറുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കൊടുവള്ളിയെന്ന് നിസംശയം പറയാം. കാരണം നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ഏറ്റവുമധികം സ്ഥാനാർത്ഥികൾ (13 പേർ) മത്സര രംഗത്തുള്ള മണ്ഡലം കൂടിയാണിത്. മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായിരുന്ന മണ്ഡലത്തിൽ കഴിഞ്ഞ ഇരുപത് വർഷത്തിനിടെ രണ്ട് തവണ വിള്ളൽ വീഴ്ത്താൻ ഇടത് പക്ഷത്തിന് കഴിഞ്ഞിരുന്നു.
രണ്ട് തവണയും ഇടത് സ്വാതന്ത്രന്മാർ ആയിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഇക്കുറി അത് ആവർത്തിക്കാൻ സാധിക്കുമോ എന്നാണ് അവർ ഉറ്റുനോക്കുന്നത്. കാരണം ആർജെഡി നേതാവായ സലീം മടവൂരിനെയാണ് ഇടത് പക്ഷം ഇക്കുറി രംഗത്ത് ഇറക്കിയത്. എന്നാൽ ആർജെഡിക്ക് വേണ്ടിയല്ല ഇടത് സ്വതന്ത്രൻ എന്ന നിലയിലാണ് സലീം മടവൂർ മത്സരിക്കുന്നത്.

നേരത്തെ അദ്ദേഹത്തെ വടകരയിൽ പരിഗണിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതിൽ താൽപര്യമില്ലെന്നും കൊടുവള്ളിയിൽ ഇടത് സ്വതന്ത്രനായാണ് മത്സരിക്കാൻ താൽപര്യമെന്നും അറിയിച്ചിരുന്നു. അതിന് പിന്നാലെ മറ്റൊരു പരീക്ഷണത്തിന് കൂടി എൽഡിഎഫ് മുതിരുന്നത്. ഇവിടെ എതിർ സ്ഥാനാർത്ഥിയായി ലീഗിന്റെ യുവ മുഖം പികെ ഫിറോസാണ് രംഗത്തുള്ളത്.
ജയസാധ്യത ഉള്ള സീറ്റ് വേണമെന്ന യൂത്ത് ലീഗിന്റെ ആവശ്യം കണക്കിലെടുത്താണ് കോഴിക്കോടുകാരൻ കൂടിയായ ഫിറോസിനെ ഇവിടെ പരിഗണിച്ചത്. എന്നാൽ ഇക്കുറി ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ലെന്നാണ് വിലയിരുത്തൽ. കാരാട്ട് റസാഖ് അടക്കമുള്ള വിമതർ ലീഗ് പാളയത്തിലേക്ക് തിരികെ എത്തിയത് മാത്രമാണ് ആകെയുള്ള ആശ്വാസം. എങ്കിലും പോരാട്ടം കനക്കുമെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ.
കൊടുവള്ളിയുടെ 20 വർഷത്തെ തിരഞ്ഞെടുപ്പ് ചരിത്രം
2006ൽ അഡ്വ. പിടിഎ റഹീം മണ്ഡലം ലീഗിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.
അന്ന് വിജയിച്ച അദ്ദേഹം 65,302 വോട്ടുകൾ നേടി. കെ മുരളീധരൻ (ഡിഐസി-കെ) ആയിരുന്നു പ്രധാന എതിരാളി. 57,796 വോട്ടുകൾ അദ്ദേഹം നേടി. അതവണത്തെ ഭൂരിപക്ഷം: 7506 വോട്ടുകൾ ആയിരുന്നു. ഇടത് മുന്നണി മണ്ഡലത്തിൽ ആദ്യമായി കരുത്ത് കാട്ടിയത് ഇവിടെ ആയിരുന്നു.
ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പിടിഎ റഹീം, യുഡിഎഫ് പിന്തുണയോടെ മത്സരിച്ച കെ. മുരളീധരനെ പരാജയപ്പെടുത്തിയതോടെ ഇവിടം ബാലി കേറാമല അല്ലെന്ന് ഇടത് പക്ഷം തെളിയിച്ചു. കൊടുവള്ളിയുടെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക തിരഞ്ഞെടുപ്പായിരുന്നു അത്.
പിന്നീടുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ
2011: വിജയി: വിഎം ഉമ്മർ മാസ്‌റ്റർ (മുസ്‌ലിം ലീഗ്) - 60,365 വോട്ടുകൾ.
മുഖ്യ എതിരാളി: എം. മെഹബൂബ് (സിപിഐഎം) - 43,813 വോട്ടുകൾ.
ഭൂരിപക്ഷം: 16,552 വോട്ടുകൾ.
2016: വിജയി കാരാട്ട് റസാഖ് (എൽഡിഎഫ് സ്വതന്ത്രൻ)- 61,033 വോട്ടുകൾ.
മുഖ്യ എതിരാളി: എം.എ. റസാഖ് മാസ്‌റ്റർ (മുസ്‌ലിം ലീഗ്) - 60,460 വോട്ടുകൾ.
ഭൂരിപക്ഷം: 573 വോട്ടുകൾ.
2021: ഡോ. എംകെ മുനീർ (മുസ്‌ലിം ലീഗ്) - 72,336 വോട്ടുകൾ
മുഖ്യ എതിരാളി: കാരാട്ട് റസാഖ് (ഇടതുപക്ഷ സ്വതന്ത്രൻ) - 65,992 വോട്ടുകൾ.
ഭൂരിപക്ഷം: 6,344 വോട്ടുകൾ.












Click it and Unblock the Notifications