Kollam Result 2024: കൊല്ലത്ത് കാറ്റുമാറി വീശുമോ? ജനപ്രീതി പ്രേമചന്ദ്രന്; പ്രതീക്ഷ വെച്ച് മുകേഷ്
കൊല്ലമെന്നാല്‍ ഇപ്പോഴും എന്‍കെ പ്രേമചന്ദ്രനോട് പ്രേമം വിട്ടുപോകാത്ത മണ്ഡലമാണ്. കഴിഞ്ഞ കുറച്ചുകാലമായി അങ്ങനെയാണ്. സാക്ഷാല്‍ പിണറായി വിജയന്‍ വന്ന് പറഞ്ഞിട്ടും പ്രേമചന്ദ്രനെ കൊല്ലത്തുള്ളവര്‍ കൈവിട്ടിട്ടില്ല. ഇത്തവണ പ്രചാരണം നേരത്തെ തുടങ്ങിയ മണ്ഡലങ്ങളിലൊന്നാണിത്. ഇത്തവണ നേട്ടമുണ്ടാകുമെന്ന ഉറച്ച് വിശ്വാസത്തിലാണ് എല്‍ഡിഎഫ്.
സിപിഎം എംഎല്‍എയും നടനുമായ മുകേഷിനെ തന്നെയാണ് മണ്ഡലത്തിലിറക്കിയത്. മുകേഷ് മണ്ഡലത്തില്‍ നേട്ടമുണ്ടാകുമോ? കൊല്ലത്ത് നിന്ന് എംഎല്‍എയായതിന്റെ അനുഭവ പരിജ്ഞാനവുമായിട്ടാണ് മുകേഷ് ലോക്‌സഭയിലേക്ക് കളംമാറ്റി ചവിട്ടിയത്. ബിജെപി നടനായ കൃഷ്ണകുമാറിനെ തന്നെ കളത്തിലിറക്കിയിട്ടുണ്ട്. ആര്‍ക്കാണ് മണ്ഡലത്തില്‍ മുന്‍തൂക്കമെന്ന് പരിശോധിക്കാം.

പ്രേമചന്ദ്രനോട് പ്രിയമേറെ
കൊല്ലത്ത് പ്രേമചന്ദ്രന് വലിയ ആധിപത്യമുണ്ടെന്ന് തന്നെ പറയാം. എല്ലാ വിഭാഗങ്ങളുടെയും ജനപിന്തുണ നേടിയെടുക്കാന്‍ സാധിച്ചതാണ് ഇവിടെ പ്രേമചന്ദ്രന് പ്രിയമേറാന്‍ കാരണം. 2014ല്‍ വിവാദങ്ങള്‍ പ്രേമചന്ദ്രനെ സഹായിച്ചപ്പോള്‍ കഴിഞ്ഞ തവണ യുഡിഎഫ് തരംഗവും അടിസ്ഥാന വോട്ടുകളിലെ വര്‍ധനവുമെല്ലാം റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്കാണ് പ്രേമചന്ദ്രനെ നയിച്ചത്. 1996-1998, 1998-1999 വര്‍ഷങ്ങളിലും പ്രേമചന്ദ്രന്‍ കൊല്ലത്തുകാരുടെ എംപിയായിരുന്നിട്ടുണ്ട്.
അതുകൊണ്ട് പ്രത്യേകമായി പ്രേമചന്ദ്രനെ മണ്ഡലത്തില്‍ ആര്‍ക്കും പരിചയപ്പെടുത്തേണ്ടതില്ല. ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞത് മാത്രമാണ് യുഡിഎഫിന് മണ്ഡലത്തില്‍ ആകെയുള്ള ആശങ്ക. 68.15 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. കൊല്ലത്തിന്റെ വികസനത്തില്‍ അടക്കം മുന്നില്‍ നില്‍ക്കുന്നതും പ്രേമചന്ദ്രന്, നാട്ടുകാര്‍ക്കിടയില്‍ തന്നെ സജീവമാണെന്നതും പ്രേമചന്ദ്രനല്ലാതെ മറ്റൊരു ഓപ്ഷനില്ല എന്ന നിലയില്‍ കാര്യങ്ങള്‍ കൊല്ലത്ത് എത്തിച്ചിട്ടുണ്ട്.
മുകേഷ് ചെങ്കൊടി ഉയര്‍ത്തുമോ?
മുകേഷിന് പക്ഷേ മണ്ഡലത്തില്‍ കാര്യമായ ജനപ്രീതിയുണ്ടെന്ന് പറയാനാവില്ല. എംഎല്‍എയായിരുന്നപ്പോള്‍ മുകേഷിനെ ജനങ്ങള്‍ക്കിടയില്‍ അധികം കാണാനില്ലായിരുന്നുവെന്ന് ആക്ഷേപമുണ്ടായിരുന്നു. രണ്ടാം തവണയും അത് നിലനിന്നിരുന്നു. കൊല്ലത്ത് ബിജെപിക്കും നല്ല സ്ഥാനാര്‍ത്ഥി തന്നെയാണ്. കൃഷ്ണകുമാര്‍ വോട്ട് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. 2019ല്‍ പ്രേമചന്ദ്രന് 499,667 വോട്ടുകളാണ് ലഭിച്ചത്.
മൊത്തം പോള്‍ ചെയ്തതിന്റെ 51.61 ശതമാനം വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി സ്വന്തമാക്കി. 1,48869 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പ്രേമചന്ദ്രന്റെ ജയം. സിപിഎമ്മിന്റെ കെഎന്‍ ബാലഗോപാലിന് ലഭിച്ചത് 3,50821 വോട്ടായിരുന്നു. 36.24 ശതമാനം വോട്ടും ലഭിച്ചിരുന്നു.
ബിജെപിയുടെ അഡ്വ കെവി സാബു ഒരുലക്ഷത്തില്‍ അധികം വോട്ട് നേടിയിരുന്നു. ഇത്തവണ കൃഷ്ണകുമാര്‍ വോട്ട് ശതമാനം ഉയര്‍ത്തിയേക്കും. പ്രേമചന്ദ്രന്റെ ഭൂരിപക്ഷത്തിലും കുറവ് വരാം. 20 ശതമാനത്തിന് മുകളില്‍ എന്‍ഡിഎ വോട്ട് നേടാന്‍ സാധ്യതയുണ്ട്.
എക്‌സിറ്റ് പോളുകള്‍ പറയുന്നത്
എക്‌സിറ്റ് പോളുകളെല്ലാം യുഡിഎഫിന് അനുകൂലമാണ്. 45.33 ശതമാനം വോട്ട് നേടി പ്രേമചന്ദ്രന്‍ തന്നെ വീണ്ടും വിജയം നേടുമെന്നാണ് മനോരമ ന്യൂസ്-വിഎംആ്# സര്‍വേ പ്രവചിക്കുന്നത്. മുകേഷ് രണ്ടാം സ്ഥാനത്ത് എത്തും. 34.42 ശതമാനം പേര്‍ മുകേഷിനെ പിന്തുണച്ചു. കൃഷ്ണകുമാറിന് 18.03 ശതമാനം പേരാണ് വോട്ട് ചെയ്തത്.
എല്‍ഡിഎഫിനേക്കാള്‍ 10.91 ശതമാനം കൂടുതല്‍ വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കും. എല്‍ഡിഎഫിനും യുഡിഎഫിനും 2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കുറയും. എല്‍ഡിഎഫിന് 1.78 ശതമാനം വോട്ടാണ് കുറയുക. യുഡിഎഫിന് 6.32 ശതമാനവും വോട്ട് കുറയുമെന്നും സര്‍വേ പറഞ്ഞു.












Click it and Unblock the Notifications