കിരണ്‍ കുമാറിന് ജീവപര്യന്തം ശിക്ഷ ലഭിക്കുമോ? വിസ്മയ കേസില്‍ ശിക്ഷാ വിധി ഇന്ന്
കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശിക്ഷ ഇന്ന് വിധിക്കും. കഴിഞ്ഞ ദിവസം കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ കുമാര്‍ ചെയ്തിട്ടുണ്ട് എന്നാണ് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിലയിരുത്തല്‍. കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് വിധിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെ കോടതിയില്‍ ശിക്ഷയെ കുറിച്ചുളള വാദം ആരംഭിക്കും. ഉച്ചയോടെ കോടതി വിധി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിരണിന് ജീവപര്യന്തം ശിക്ഷ നല്‍കണം എന്ന ആവശ്യമാകും പ്രോസിക്യൂഷന്‍ ഉന്നയിക്കുക. എന്നാല്‍ പ്രായവും വൃദ്ധരായ മാതാ പിതാക്കളുടെ ഏക അത്താണി എന്ന സാഹചര്യവും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണം എന്നാകും പ്രതിഭാഗത്തിന്റെ വാദം.

സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉള്‍പ്പെടെ വിസ്മയയുടെ ഭര്‍ത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നില്‍ക്കുന്നു എന്നാണ് കോടതി വിലയിരുത്തല്‍. കിരണ്‍ കുമാറിനെതിരെ പൊലീസ് ചുമത്തിയത് ഏഴ് കുറ്റങ്ങളാണ്. ഇതില്‍ അഞ്ചും നിലനില്‍ക്കുമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ഐ പി സി 304 (ബി), ഗാര്‍ഹിക പീഡനത്തിനെതിരായ 498 (എ), ആത്മഹത്യാ പ്രേരണയ്‌ക്കെതിരായ ഐ പി സി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്.

കിരണ്‍ കുമാറിനെതിരെ ചുമത്തിയ ഐ പി സി 506, 323 വകുപ്പുകള്‍ മാത്രമാണ് തള്ളിക്കളഞ്ഞത്. നേരത്തെ സുപ്രീംകോടതി കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇന്നലെ കുറ്റക്കാരനെന്ന് വിധിച്ചതോടെ കിരണ്‍ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കി. തുടര്‍ന്ന് ഇയാളെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. 2021 ജൂണ്‍ 21 നാണ് ഭര്‍തൃവീട്ടില്‍ വിസ്മയ ആത്മഹത്യ ചെയ്തത്. ആഡംബര കാറും 100 പവനോളം സ്വര്‍ണ്ണവും വസ്തുവും സ്ത്രീധനമായി നല്‍കിയിട്ടും ഇഷ്ടപ്പെട്ട വാഹനം കിട്ടിയില്ല എന്ന് പറഞ്ഞാണ് വിസ്മയയെ കിരണ്‍ കുമാര്‍ ഉപദ്രവിച്ചത്.

ഇത് സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. 42 സാക്ഷികളെ വിസ്തരിച്ച കേസില്‍ 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത് കേസില്‍ ഇന്നലെ വിധി പറഞ്ഞത്. കിരണ്‍ കുമാറിന്റെ വീട്ടുകാര്‍ ഉള്‍പ്പടെയുള്ള സാക്ഷികള്‍ ഇതിനിടെ കേസില്‍ കൂറുമാറിയിരുന്നു. ഇന്നലെ കേസിലെ വിധി കേള്‍ക്കാന്‍ കോടതിയില്‍ കിരണ്‍ കുമാറും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും എത്തിയിരുന്നു.

അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം അച്ഛനുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നും സമര്‍ഥിക്കാനാണ് പ്രതിഭാഗം കോടതിയില്‍ ശ്രമിച്ചത്. വിസ്മയ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് കേസില്‍ വിധി വന്നത്. കേസില്‍ അതിവേഗത്തിലായിരുന്നു കോടതി നടപടികള്‍. കേസിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന കിരണിനെ സസ്‌പെന്റ് ചെയ്തിരുന്നു. ബി എ എം എസ് വിദ്യാര്‍ത്ഥിനിയായിരുന്നു വിസ്മയ. 2020 മേയ് മാസത്തിലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്.
തുര്‍ക്കിയിലായാലും പോസ് ചെയ്യാന്‍ മറക്കരുത്; കനിഹയുടെ കിടിലന്‍ ചിത്രങ്ങള്‍












Click it and Unblock the Notifications