തമിഴ്നാടനല്ല, നല്ല തനിനാടന്‍ ഓണപൂക്കളം ഒരുക്കാം: കൂത്താളി ഫാമില്‍ ചെണ്ടുമല്ലി വിളവെടുപ്പ് തുടങ്ങി
കോഴിക്കോട്: അത്തം പിറന്നതോടെ മലയാളിക്ക് ഓണപ്പൂക്കളം ഒരുക്കാനുള്ള പൂക്കങ്ങള്‍ തമിഴ്നാട്ടില്‍ നിന്നും കർണാടകയില്‍ നിന്നുമൊക്കെ പതിവ് പോലെ എത്തിക്കൊണ്ടിരിക്കുകയാണ്. ഓണം സീസണ്‍ മുന്‍ നിർത്തി മാത്രം ഹെക്ടർ കണക്കിന് പാടങ്ങളിലാണ് അന്യസംസ്ഥാനങ്ങളില്‍ പൂക്കൃഷി ചെയ്യുന്നത്. ഇത്തവണയും അതിന് മാറ്റമൊന്നും ഇല്ല. എന്നാല്‍ അടുത്ത കാലത്തായി നമ്മുടെ നാട്ടിലും വിവിധ ഇടങ്ങളില്‍ ഓണം മുന്നില്‍ കണ്ട് പുഷ്പ കൃഷി നടത്തിവരുന്നുണ്ട്. കോഴിക്കോട് കൂത്താളി ജില്ലാ കൃഷി ഫാമും ഇത്തരത്തില്‍ ഇത്തവണ പൂക്കൃഷി നടത്തി വിളവെടുപ്പ് ആരംഭിച്ചിരിക്കുകയാണ്.
പെരുവണ്ണാമൂഴി മേഖലയില്‍ പെയ്ത കനത്ത മഴ വെല്ലുവിളി ആയെങ്കിലും ചെണ്ടുമല്ലി കൃഷിയില്‍ മികച്ച വിളവ് ലഭിച്ചുവെന്നാണ് കൃഷിഫാം സൂപ്രണ്ട് കെവി നൗഷാദ് വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കിയത്. രണ്ടിടങ്ങളിലായി ആയിരത്തിലേറെ തൈകളായിരുന്നു നട്ടത്. വിളവെടുപ്പും ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. കിലോയ്ക്ക് 70 രൂപയെന്ന ഹോള്‍സെയില്‍ നിരക്കില്‍ പൂജാ സ്റ്റോറുകളിലാണ് നിലവിലെ വില്‍പ്പന. അത്തം തുടങ്ങുന്നതോടെ കൃഷി ഫാമില്‍ തന്നെ സ്റ്റാള്‍ പ്രവർത്തിച്ചായിരിക്കും വില്‍പ്പനയെന്നും അദ്ദേഹം പറയുന്നു.

ഓണക്കാലം പൂക്കൾക്കു വേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറക്കുക, ഫാമിന്റെ തനത് വരുമാനം വർദ്ധിപ്പിക്കുക, എന്നീ ലക്ഷ്യങ്ങളും പൂക്കൃഷിക്ക് പിന്നിലുണ്ട്. വേനൽക്കാലത്ത് പച്ചക്കറി കൃഷി നടത്തിയ വെള്ളം കെട്ടിനിൽക്കാത്ത സ്ഥലങ്ങളാണ് പൂകൃഷിക്ക് തെരെഞ്ഞെടുത്തത്. ഫാമിൽ കൃഷി ചെയ്തത് കൂടാതെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി പുഷ്പകൃഷി ചെയ്യാൻ താല്പര്യം കാണിച്ച ഗ്രാമ പഞ്ചായത്തുകൾക്ക് തൈകളും ഫാം ഉല്പാദിപ്പിച്ചു നൽകി.
ഫാമിന് കീഴിലായി തന്നെ പേരാമ്പ്രയിലും രണ്ടിടത്ത് കൃഷി നടത്തുന്നുണ്ട് മഞ്ഞ , ഓറഞ്ച് ചെണ്ടുമല്ലിയുടേയും , വയലറ്റ് വാടാർ മല്ലിയുടെയും തൈകൾ ഉല്പാദിപ്പിച്ച് വിതരണം നടത്തുന്നുണ്ട്. 2023 ഡിസംബറിൽ ഫാമിലെ 75 സെന്റിൽ സൂര്യകാന്തി കൃഷി ചെയ്തതും ശ്രദ്ധേയമായിരുന്നു. മാർച്ചിൽ നടത്തിയ വിളവെടുപ്പില്‍ 100 കിലോയോളം വിത്താണ് ലഭിച്ചതെന്നും കെവി നൗഷാദ് പറഞ്ഞു.

പൂക്കൃഷി എങ്ങനെ..
ജൂൺ പകുതിയോടെ സ്ഥലം ഉഴുത് കുമ്മായം ചേർത്തിളക്കിയാണ് കൃഷിയുടെ പ്രവർത്തനങ്ങള്‍ ആരംഭിച്ചത്. വെള്ളം വാർന്നു പോകാൻ സൗകര്യപ്പെടും വിധം വാരങ്ങളും എടുത്തു.രണ്ടാഴ്ച്ച കഴിഞ്ഞ് ചാണകപ്പൊടി ഒരു സെന്റിന് 40 മുതൽ 80 കി. ഗ്രാം വരെ ചേർത്തു. കൂടാതെ സെന്റിന് 300 ഗ്രാം യൂറിയ, 1 കി.ഗ്രാം രാജ്ഫോസ്, 500 ഗ്രാം പൊട്ടാഷ് എന്നിവയും അടിവളമായി ചേർത്തു.
നടുന്നതിന് മുമ്പ് തൈകളുടെ വേര് ഭാഗം സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയതിൽ 15 മിനിറ്റ് മുക്കി വെച്ചു. തൈകൾ നട്ട് രണ്ടാഴ്ച്ചയാകുമ്പോൾ 19:19:19 എന്ന വളം 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്തു. വാട്ടരോഗത്തെ പ്രതിരോധിക്കാൻ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ 15 ദിവസത്തിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുത്തു. ഇലതീനിപ്പുഴുക്കൾക്കെതിരെ എക്കാലക്സ് എന്ന രാസ കീടനാശിനിയും ബ്യു വേറിയ എന്ന ജൈവ കീടനാശിനിയും ഉപയോഗിച്ചു.

തൈകൾ നട്ട് 25 ദിവസമായപ്പോൾ തല നുള്ളിക്കൊടുത്തത് കൊണ്ട് ധാരാളം ശാഖകൾ ഉണ്ടായി. ഇത് വിളവ് വർദ്ധിക്കാൻ കാരണമായി.
തൈ നട്ട് 45 ദിവസം പ്രായമായപ്പോൾ 350 ഗ്രാം യൂറിയ ഒരു സെന്റിന് എന്ന തോതിൽ മേൽ വളപ്രയോഗം നടത്തി. നട്ട് 60 ദിവസമാകുമ്പോൾ പൂക്കൾ ഉണ്ടായി തുടങ്ങി. ഒന്നര മാസത്തോളം വിളവെടുക്കാൻ കഴിയും.












Click it and Unblock the Notifications