കോതമംഗലം പ്രതിഷേധം; മാത്യു കുഴൽനാടന് ഇടക്കാല ജാമ്യം അനുവദിച്ചു, കേസെടുത്തത് 30 പേർക്കെതിരെ
എറണാകുളം: നേര്യമംഗലം കാഞ്ഞിരവേലിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിൽ അറസ്‌റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് ഇടക്കാല ജാമ്യം. അറസ്‌റ്റിലായി മണിക്കൂറുകൾക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്. പുലർച്ചെ രണ്ടരയോടെ ചാലക്കുടി എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചു.
പ്രതിഷേധത്തിൽ കുഴൽനാടൻ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും കുഴൽനാടനൊപ്പം പോലീസ് കസ്‌റ്റഡിയിലായിരുന്നു. ഷിയാസിനും ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണു പോലീസ് കേസെടുത്തത്.

ആശുപത്രിയിൽ ആക്രമണം നടത്തൽ, മൃതദേഹത്തോട് അനാദരവ് അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റോഡ് ഉപരോധത്തിനെതിരെ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഷിബു തെക്കുംപുറം എന്നിവരെയും പ്രതിചേർത്തു.ഇതിൽ മാത്യു കുഴൽനാടനാണ് ഒന്നാംപ്രതി.
കാട്ടാന കൊലപ്പെടുത്തിയ ഇന്ദിര രാമകൃഷ്‌ണന്റെ മൃതദേഹവുമായി കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മൃതദേഹം വിട്ടുതരില്ലെന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മൃതദേഹത്തിന് മേൽ കിടന്ന് പ്രതിഷേധിച്ചു. എന്നാൽ പോലീസ് അവരെയെല്ലാം ബലമായി തട്ടിമാറ്റുകയായിരുന്നു.
ഇതിന് പിന്നാലെ ജനപ്രതിനിധികളെയും നാട്ടുകാരെയും ബന്ധുക്കളെയുമെല്ലാം ബലം പ്രയോഗിച്ച് നീക്കിയതിനു ശേഷമാണ് പോലീസ് മൃതദേഹം കൊണ്ടുപോയത്. പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉടലെടുത്തതിനെ തുടർന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌ത് നീക്കിയത്. സമരപ്പന്തൽ പോലീസ് ബലമായി പൊളിച്ചു മാറ്റുകയും ചെയ്‌തു.
അതേസമയം, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ കുടുംബത്തിന് പരമാവധി സഹായം ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു. ഇന്ദിരയുടെ കുടുംബത്തെ മന്ത്രിമാരായ പി രാജീവും റോഷി അഗസ്‌റ്റിനും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തി സന്ദർശിച്ചു. കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അടിയന്തര ധനസഹായമായി വനംവകുപ്പിന്റെ 10 ലക്ഷം രൂപയും കൈമാറി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ് ഇന്ദിരയുടെ കുടുംബത്തെ കണ്ടതിന് ശേഷം വ്യക്തമാക്കി. എംഎൽഎമാരായ ആന്റണി ജോൺ, എരാജ, കലക്‌ടർ എൻഎസ്കെ ഉമേഷ്, മുൻ എംപി ജോയ്‌സ് ജോർജ്, എഫ്ഐടി ചെയർമാൻ ആർ അനിൽകുമാർ, യുവജനക്ഷേമ ബോർഡ് ഉപാധ്യക്ഷൻ എസ് സതീഷ് തുടങ്ങിയവരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.












Click it and Unblock the Notifications