ലക്ഷ്യം അന്യഗ്രഹ ജീവിതം; അതിനായി തിരഞ്ഞെടുത്തത് പ്രത്യേക രീതിയിലെ മരണം, സ്വാധീനിച്ചത് ഡാർക്ക് വെബ്?
തിരുവനന്തപുരം: ഏറെക്കാലത്തിന് ശേഷം കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിൽ ബ്ലാക്ക് മാജികിന്റെയും, ആഭിചാരത്തിന്റെയും ഒക്കെ ഇരുണ്ട ചർച്ചകൾക്ക് വഴിയൊരുക്കിയ കോട്ടയത്തെ ദമ്പതികളുടെയും സുഹൃത്തിന്റെയും മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇവരുടെ മരണത്തെ സ്വാധീനിച്ചത് ഡാർക്ക് വെബ്ബിൽ നിന്നുള്ള വിചിത്ര ആശയങ്ങൾ ആണെന്നും, അന്യഗ്രഹ ജീവിതമായിരുന്നു ലക്ഷ്യമെന്നുമാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ.
മരണപ്പെട്ട നവീനും ആര്യയുമായി നടത്തിയ ഇമെയിൽ സന്ദേശങ്ങളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. വ്യാജ പേരുകളിലൂടെയാണ് ഇവർ ഇമെയിൽ ഇടപാടുകൾ നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ദമ്പതികളും സുഹൃത്തും മരണത്തിനായി അരുണാചൽ എന്തിന് തിരഞ്ഞെടുത്തു എന്ന കാര്യത്തിൽ ഇതുവരെയും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.

ഇവരുടെ അരുണാചൽ യാത്രയ്ക്ക് പിന്നിൽ നവീനിന്റെ സ്വാധീനമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കൂടുതൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ടോ, മറ്റ് സംഘങ്ങൾക്ക് എന്തെങ്കിലും മരണത്തിൽ പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട സൂചനകൾ ഒന്നും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല.
അന്യഗ്രഹ ജീവിതത്തെ കുറിച്ചും മരിച്ചാൽ അവിടെ എത്തുമെന്നും നവീൻ ഭാര്യയായ ദേവിയെയും, ആര്യയെയും വിശ്വസിപ്പിച്ചു. ഡാർക്ക് നെറ്റിൽ നിന്നാണ് ഇയാൾക്ക് ഇത്തരം ആശയങ്ങൾ ലഭിച്ചതെന്നും പോലീസ് പറയുന്നു. പ്രത്യേക രീതിയിലുള്ള മരണത്തിലൂടെ മാത്രമേ അന്യഗ്രഹ ജീവിതം സാധ്യമാകൂ എന്ന് നവീൻ ഇവരെ ധരിപ്പിച്ചതായും പോലീസ് സംശയിക്കുന്നുണ്ട്.
അടുത്തിടെ കോട്ടയത്ത് നിന്ന് കാണാതായ ദമ്പതികളേയും ഇവരുടെ സുഹൃത്തിനേയുമാണ് അരുണാചൽപ്രദേശ് ഇറ്റാനഗറിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് പേരുടേയും ശരീരത്തില്‍ വ്യത്യസ്‌ത തരത്തിലുള്ള മുറിവുകളാണുണ്ടായിരുന്നത്. ഈ മുറിവിലൂടെ രക്തം വാര്‍ന്നാണ് ഇവര്‍ മരിച്ചത്, ഇതോടെയാണ് പോലീസ് ബ്ലാക് മാജിക് സംശയം ഉൾപ്പെടെ അന്വേഷിക്കാൻ ആരംഭിച്ചത്.
തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായിരുന്നു മരണപ്പെട്ട ആര്യ. 27 വയസായിരുന്നു ആര്യയ്ക്ക്. ഇവരെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണമാണ് കൂട്ടമരണ വാർത്തയിലേക്ക് എത്താൻ ഇടയാക്കിയത്. മാര്‍ച്ച് 27നായിരുന്നു ആര്യ ആരോടും പറയാതെ തന്റെ വീടുവിട്ടത്. ഇവരെ ഫോണിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ നവീന്റെയും ദേവിയുടെയും ഇടപെടൽ വ്യക്തമാവുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ബ്ലാക് മാജിക് ഉൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് കണ്ടെത്തിയത്. ഇതോടെ ദമ്പതികളും സുഹൃത്തും മരണപ്പെട്ട സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.












Click it and Unblock the Notifications