Kozhikode Corporation Election Result: കോഴിക്കോട് കറുത്ത കുതിരകളായി ബിജെപി; കോർപറേഷനിൽ മുന്നേറ്റം
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോഴിക്കോട് കോർപ്പറേഷനിലും നേട്ടമുണ്ടാക്കി ബിജെപി. രണ്ട് നിർണായക സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തിരിക്കുന്നത്. നിലവിലെ മേയര്‍ ബീന ഫിലിപ്പിന്റെ ഡിവിഷനായ പൊറ്റമ്മല്‍ ബിജെപി പിടിച്ചെടുത്തതാണ് ഇതിലെ ഏറ്റവും നിര്‍ണായകമായ മുന്നേറ്റം. ഇവിടെ കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലറായിരുന്ന ടി രനീഷാണ് വിജയിച്ചത്.
അഡ്വ. അങ്കത്തില്‍ അജയ് കുമാര്‍ ആയിരുന്നു ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. കഴിഞ്ഞ തവണ 652 വോട്ടിനായിരുന്നു ബീന ഫിലിപ്പ് ഇവിടെ നിന്നും വിജയിച്ചത്. ആ ഭൂരിപക്ഷത്തിൽ നിന്നാണ് ബിജെപി ജയിച്ചു കയറിയത് എന്നതിനാൽ തന്നെ വലിയ ആഹ്ളാദത്തിലാണ് ബിജെപി ക്യാമ്പ് ഇവിടെ. ഇവിടെ റനീഷ് 1425 വോട്ടുകൾ നേടിയപ്പോൾ സിപിഎമ്മിന്റെ അഡ്വ. അങ്കത്തിൽ അജയ് കുമാർ 1257 വോട്ടുകൾ നേടിയപ്പോൾ തുവ്വശ്ശേരി ദിനേശൻ മാസ്‌റ്റർ 885 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇക്കുറി കോഴിക്കോട് പുതുതായി നിലവില്‍ വന്ന മാവൂര്‍ റോഡ് ഡിവിഷനിലും ബിജെപിയാണ് വിജയിച്ചത്. ഡിവിഷനില്‍ ശ്രീജ സി നായരായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ഇത്തവണ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന പിഎം നിയാസിന്റെ വാര്‍ഡും ബിജെപി പിടിച്ചെടുത്തു. പാറോപ്പടി ഡിവിഷനിലായിരുന്നു പിഎം നിയാസ് മത്സരിച്ചത്. ഇവിടെ ബിജെപിയടെ ഹരീഷ് പൊറ്റങ്ങാടിയാണ് വിജയിച്ചത്.
ഇരു മുന്നണികളും ഒരുപോലെ ബിജെപി നേട്ടത്തിൽ വിറങ്ങലിച്ചു. ഇതിന് പുറമെ യുഡിഎഫിന്റെ കുത്തക മണ്ഡലമായ ചാലപ്പുറം വാര്‍ഡും ബിജെപി അവരിൽ നിന്ന് പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ഥിയായ അനില്‍കുമാര്‍ കെപിയാണ് ഇവിടെ വിജയിച്ചത്. യുഡിഎഫ് സിഎംപിക്ക് നല്‍കിയ വാര്‍ഡായിരുന്നു ഇത്. നിലവിൽ പന്ത്രണ്ട് ഡിവിഷനുകളിൽ ആണ് എൻഡിഎ മുന്നിട്ട് നിൽക്കുന്നത്.
അതേസമയം, കോണ്‍ഗ്രസ് സ്ഥിരമായി വിജയിച്ചുവരുന്ന ചാലപ്പുറം വാര്‍ഡ് സിഎംപിക്ക് നല്‍കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. കോണ്‍ഗ്രസ് ചാലപ്പുറം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഉള്‍പ്പെടെ 12 പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും ചെയ്‌തത് അവർക്ക് തിരിച്ചടി ആയിരുന്നു. മാത്രമല്ല മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം അയൂബ് വിമതനായും മത്സരിച്ചിരുന്നു.
അതിനിടെ തിരുവനന്തപുരം കോര്‍പ്പറേഷനിൽ ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടമാണ് ഇപ്പോൾ കാണുന്നത്. മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി എൽഡിഎഫിനെ പിന്നിലാക്കി നിലവിൽ 45 വാര്‍ഡുകളിലും മുന്നേറുകയാണെന്നാണ് വിവരം. എൽഡിഎഫ് 22 സീറ്റിലും യുഡിഎഫ് 14 സീറ്റിലുമാണ് മുന്നേറുന്നത്.












Click it and Unblock the Notifications