'കഞ്ചാവോളി, തുണിയില്ല ചട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നു'; വേടനെതിരെ കെപി ശശികല
പാലക്കാട്: പ്രമുഖ റാപ്പർ വേടനെതിരെ അധിക്ഷേപ പരാമർശവുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. വേടനെ കഞ്ചാവോളി എന്നാണ് ശശികല വിശേഷിപ്പിച്ചത്. ജാതി അധിക്ഷേപവും അവർ പ്രസംഗത്തിൽ നടത്തുകയുണ്ടായി. റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വർഗ വിഭാഗവുമായി പുലബന്ധമില്ലെന്നും അവർ ചൂണ്ടിക്കാട്ടി. പാലക്കാട് വച്ച് നടന്ന ഹിന്ദു ഐക്യവേദി ധർണ്ണയിൽ ആയിരുന്നു ശശികലയുടെ വിവാദ പരാമർശങ്ങൾ.
വേടൻമാരുടെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുൻപിൽ സമാജം അപമാനിക്കപ്പെടുന്നുവെന്നും കഞ്ചാവോളികൾ പറയുന്നതേ കേൾക്കൂ എന്ന ഭരണകൂടത്തിന്റെ രീതി മാറ്റണമെന്നും അവർ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കെപി ശശികല വിമർശനം ഉന്നയിച്ചു. കഞ്ചാവ് കയ്യിൽ വച്ചവനെ കെട്ടിപ്പിടിച്ചുകൊണ്ട് ഒരു ഭരണാധികാരി നിൽക്കുന്നതൊരു സൂചനയാണെന്ന് ശശികല പറയുന്നു.

സർക്കാർ പട്ടികജാതി, വർഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് ഒരു പരിപാടി നടത്തുമ്പോൾ പട്ടികജാതി വർഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കുകളാണോ അവിടെ അരങ്ങേറേണ്ടത് എന്നും അവർ ചോദിച്ചു. സാധാരണക്കാരന് പറയാനുള്ളത് കാത് തുറന്ന് കേൾക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കഞ്ചാവോളികൾ പറയുന്നതേ കേൾക്കൂ എന്ന ഭരണകൂടത്തിന്റെ രീതി മാറ്റണം. ആടികളിക്കട കുഞ്ചിരാമാ, ചാടികളിക്കടാ കുഞ്ചിരാമാ എന്നു പറഞ്ഞിട്ട് ആ കുഞ്ചിരാമൻമാരെ ചാടികളിപ്പിക്കുകയും ചുടുചോറ് മാന്തിക്കുകയും ചെയ്യുന്ന ഇത്തരം സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്ന് ഭരണകൂടത്തിന് മുന്നിൽ കെഞ്ചാനല്ല, ആജ്ഞാപിക്കാൻ തന്നെയാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നത്; ശശികല പറഞ്ഞു.
കഞ്ചാവ് കയ്യിൽ വച്ചവനെ കെട്ടിപ്പിടിച്ചു കൊണ്ട് ഒരു ഭരണാധികാരി നിൽക്കുന്നത് നിങ്ങളോടൊപ്പം ഞങ്ങളുണ്ട് എന്ന സൂചനയാണ് നൽകുന്നത്. പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് എന്തെല്ലാം തനതായ കലാരൂപങ്ങളുണ്ട്. റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടിക വർഗക്കാരുടെയും പട്ടിക ജാതിക്കാരുടെയും തനതായ കലാരൂപം? എന്നും ശശികല ചോദിച്ചു.
അതേസമയം, ശശികലയുടെ അധിക്ഷേപ പരാമർശത്തിൽ ഡിവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി പോലീസിൽ പരാതി നൽകി. വേടനെ ജാതീയമായി അധിക്ഷേപിക്കുകയും അതിലൂടെ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. ശശികലയുടെ പ്രസംഗം പൊതുവിടങ്ങളിൽ വലിയ വിവാദത്തിന് വഴിയൊരുക്കിയതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ പരാതി നൽകിയത്.
നേരത്തെയും ബിജെപി വേടനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ബിജെപി സംസ്ഥാന ട്രഷറർ ഇ കൃഷ്‌ണദാസാണ് അടുത്തിടെ വേടനെതിരെ രംഗത്ത് വന്നയാൾ. പാലക്കാട്ടെ വേടന്റെ പരിപാടിക്കിടെയുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ബിജെപിയുടെ നടപടി. പരിപാടിക്കിടെ വ്യാപക നാശനഷ്‌ടങ്ങളുണ്ടായതായി എന്നാണ് ബിജെപി ഭരിക്കുന്ന നഗരസഭ ആരോപിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ശശികലയും രംഗത്ത് വരുന്നത്.
അടുത്തിടെ പാലക്കാട്ടെ ട്ടികജാതി, പട്ടികവര്‍ഗ സംസ്ഥാന സംഗമ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വേടനെ നേരിട്ട് കാണുകയും അഭിവാദ്യം ചെയ്യുകയും ചെയ്‌തിരുന്നു. ഡോ. പി. സരിനാണ് മുഖ്യമന്ത്രിക്ക് വേടനെ ചൂണ്ടിക്കാണിച്ചുകൊടുത്തത്. കൈ ഉയര്‍ത്തി മുഖ്യമന്ത്രി വേടനെ അഭിവാദ്യം ചെയ്‌തിരുന്നു. പിന്നാലെ ഇവിടുത്തെ ചടങ്ങ് കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ വേടന് കൈകൊടുക്കാനും പിണറായി മറന്നില്ല.
ഇത് ബിജെപിയുടെ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. കഞ്ചാവ് കേസിലെ പ്രതിക്ക് കൈകൊടുത്ത മുഖ്യമന്ത്രി എന്ത് തരം മാതൃകയാണ് സമൂഹത്തിന് മുന്നിൽ തീർക്കുന്നത് എന്നായിരുന്നു പ്രധാനമായും ഉയർന്ന ചോദ്യം. നേരത്തെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് വേടനെ കഞ്ചാവുമായി പിടികൂടിയത്. കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ സർക്കാർ പരിപാടികളിൽ ഉൾപ്പെടെ വേടൻ സജീവമാവുകയാണ്.












Click it and Unblock the Notifications