'ഗതികെട്ട മുഖ്യമന്ത്രിയുടെ പ്രതികാരം, തെളിവില്ലാ കേസില്‍ പ്രതിയാക്കാൻ ശ്രമിക്കുന്നു':പരിഹസിച്ച് കെ സുധാകരൻ
1995 ലെ ട്രെയിനിലെ വെടിവെയ്പ് കേസിലും മോൻസൺ മാവുങ്കൽ കേസിലും തന്നെ പ്രതിസ്ഥാനത്ത് നിർത്താനാണ് സർക്കാരും ആഭ്യന്തരവകുപ്പും ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. തെളിവില്ലാത്ത കേസുകളിൽ തന്നെ പ്രതിയാക്കാൻ സർക്കാർ കാട്ടുന്ന ജാഗ്രത പ്രശംസനീയമാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടുനേരിടുന്നതാണ് ജനാധിപത്യ ശൈലി. മറിച്ച് ഗൂഡാലോചന നടത്തിയും വളഞ്ഞ വഴിയിലൂടെയും വേട്ടയാടാൻ ശ്രമിക്കുന്നത് ഭീരുത്വമാണെന്നും കെ സുധാകരൻ പറഞ്ഞു.
കഴിവും പ്രാപ്തിയുമുള്ള മന്ത്രിമാർ കുറവെന്ന് പരസ്യമായി സമ്മതിക്കേണ്ട ഗതികെട്ട മുഖ്യമന്ത്രി, തനിക്കെതിരായ രാഷ്ട്രീയ പ്രതികാര നടപടിയെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും കെ.സുധാകരൻ പറഞ്ഞു.ഭരണഘടനയെ ബഹുമാനിക്കാത്ത,രാജ്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ജനപ്രതിനിധികളുടെ കൂടാരമാണ് എൽഡിഎഫ്. ദേശവിരുദ്ധ പരാമർശം നടത്തിയ കെടി ജെലീലിനെ സിപിഐഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുകയാണ്.

രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ താത്പ്പര്യം കാട്ടുന്ന ആഭ്യന്തരവകുപ്പ് എന്തുകൊണ്ടാണ് എൽഡിഎഫ് നേതാക്കൾക്കെതിരായ കേസ് അന്വേഷണത്തിൽ അലംഭാവം കാണിക്കുന്നത്. വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച എൽഡിഎഫ് കൺവീനർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിട്ടും അതിന് ആഭ്യന്തരവകുപ്പിന് ഒട്ടും താൽപ്പര്യമില്ല.

സിപിഎമ്മിന്‍റെ ആസ്ഥാനമായ എ കെ ജി സെന്‍ററില്‍ പടക്കം എറിഞ്ഞ അജ്ഞാത ശക്തിയെ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും എല്ലാം ഇക്കാര്യത്തില്‍ ഇരുട്ടില്‍ത്തപ്പുകയാണ്. എകെജി സെന്‍ററിലെ പടക്കമേറുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയില്‍ പോയാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ജയിലില്‍ കിടക്കുമെന്ന് സിപിഎമ്മിനും കേരള സര്‍ക്കാരിനും ഉത്തമബോധ്യമുള്ളത് കൊണ്ടാണ് ആ കേസിലെ പ്രതി ഇപ്പോഴും കാണാമറയത്ത് നില്‍ക്കുന്നതെന്നും സുധാകരന്‍ പരിഹസിച്ചു.

കെ.സുധാകരന്റെ ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്നു സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തിരുന്നു. കേസിൽ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ടായിരുന്നു സുധാകരന്റെ ഹർജി.ഈ മാസം 25ന് അന്തിമവാദം കേൾക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. 2016ൽ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയിലാണു നടപടികൾ.

1995ൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ആന്ധ്രയിലെ ഓംഗോളിൽ വച്ചാണു ജയരാജനുനേരെ വെടിവയ്‌പ് ഉണ്ടാകുന്നത്. സുധാകരൻ ഏർപ്പാടാക്കിയ അക്രമികൾ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണു സിപിഎമ്മിന്റെ ആരോപണം. ജയരാജനു ദീര്‍ഘകാലം ചികിത്സ വേണ്ടിവന്നു. അതുമായി ബന്ധപ്പെട്ട് ഇപ്പോഴും ശ്വാസതടസ്സമുണ്ടെന്നും കിടക്കുമ്പോൾ പ്രത്യേക ശ്വസനസഹായ യന്ത്രം വേണമെന്നും ജയരാജൻ വെളിപ്പെടുത്തിയിരുന്നു.
സൂപ്പര്‍ ക്യൂട്ട് ലുക്കില്‍ താര പുത്രി...മാളവിക ജയറാമിന്റെ പുത്തൻ ചിത്രങ്ങളും ഹിറ്റ്..












Click it and Unblock the Notifications