കൊവിഡ് നിയന്ത്രണം; പാതിരാ കുര്‍ബാന അനുവദിക്കണം, വിവേചനമരുതെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി രാത്രി കാലങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ സംസ്ഥാനത്ത് നടപ്പാക്കുകയാണ്. രാത്രി പത്ത് മണി മുതല്‍ രാവിലെ അഞ്ചു വരെയാണ് നിയന്ത്രണം. ജനുവരി രണ്ട് വരെ എല്ലാ സാമൂഹിക കൂടിച്ചേരലുകള്‍ക്കും നിരോധനമുണ്ട്. അതേസമയം, ശബരിമല-ശിവഗിരി തീര്‍ഥാടകരെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി. പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ കൈയ്യില്‍ സൂക്ഷിക്കണം. കടകള്‍ പത്ത് മണിക്ക് ശേഷം തുറക്കാന്‍ പാടില്ല. വാഹന പരിശോധന കര്‍ശനമാക്കാനാണ് പോലീസിന് നല്‍കിയ നിര്‍ദേശം.
നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ക്രൈസ്തവരുടെ പുതു വര്‍ഷ പ്രാര്‍ഥനയില്‍ ഇളവ് നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ചിലര്‍ക്ക് ഇളവ് നല്‍കുകയും മറ്റു ചിലര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുന്നത് നീതിയല്ല. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ പ്രാര്‍ഥനയാണിതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ...
കേരളത്തിലെ ക്രൈസ്തവര്‍ സഭാ വ്യത്യാസമില്ലാതെ നൂറ്റാണ്ടുകളായി നടത്തി വരുന്ന ഒന്നാണ് പുതുവര്‍ഷാരംഭ പ്രാര്‍ത്ഥന. ഈ ദിവസം പാതിരാ കുര്‍ബാന ഉള്‍പ്പെടെയാണ് ക്രൈസ്തവ സമൂഹം ആചരിക്കുന്നത്. സര്‍ക്കാര്‍ ഈ പ്രാര്‍ത്ഥന അനുവദിക്കാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ പങ്കെടുക്കുന്ന നിരവധി പരിപാടികള്‍ സംസ്ഥാനത്തുടനീളം യാതൊരു വിധ പ്രോട്ടോക്കോളും പാലിക്കാതെ നടക്കുന്നുണ്ട്. മറ്റ് പല മത ആചാരങ്ങള്‍ക്കും തീര്‍ത്ഥാടനങ്ങള്‍ക്കും ഇളവ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ പ്രാര്‍ത്ഥനകള്‍ക്ക് വിലക്ക് കല്പിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്.
സൗദിയിലേക്ക് ആര്‍ക്കെല്ലാം യാത്ര ചെയ്യാം; ശനിയാഴ്ച മുതല്‍ നേരിട്ട് വിമാനം, വ്യവസ്ഥകള്‍
രാത്രി 10 മണിക്ക് ശേഷം സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണം ആണ് ക്രൈസ്തവസമൂഹത്തിന്റെ പാതിരാ പ്രാര്‍ത്ഥനയ്ക്ക് ഇപ്പോള്‍ തടസ്സമായിരിക്കുന്നത്. ക്രൈസ്തവര്‍ കുടുംബസമേതം പള്ളികളില്‍ പോയി പ്രാര്‍ത്ഥിക്കുന്ന പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണിത്. പല പള്ളികളിലും രാത്രി പത്ത് മണിക്ക് ശേഷം ആണ് പ്രാര്‍ത്ഥന നടക്കുന്നത്.
ക്രൈസ്തവസമൂഹത്തിന് പാതിരാ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണമെന്നും ആചാരപ്രകാരം പ്രാര്‍ത്ഥനകള്‍ നടത്താന്‍ ക്രിസ്തുമത വിശ്വാസികളെ അനുവദിക്കണമെന്നും കെപിസിസി ശക്തമായി ആവശ്യപ്പെടുന്നു.
വഖഫ് നിയമനം; ലീഗ് സമരം ശക്തമാക്കും
ആലപ്പുഴ: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ സമരം തുടങ്ങാന്‍ മുസ്ലിം ലീഗ്. ജനുവരി മൂന്നിന് ഇക്കാര്യത്തില്‍ ലീഗ് തീരുമാനമെടുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. വഖഫ് വിഷയത്തില്‍ സമസ്ത സര്‍ക്കാരിനൊപ്പമല്ല. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ വധഭീഷണിയില്‍ കുറ്റവാളികളെ പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സലാം ആവശ്യപ്പെട്ടു.