'ഇത് അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ, കൊട്ടിഘോഷിച്ച ദേശീയപാതയാണ് തകർന്നുവീണത്'; സണ്ണി ജോസഫ്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക വേളയിൽ രൂക്ഷമായ വിമർശനങ്ങളുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിനെയാണ് നാലാം വാര്‍ഷിക വേളയില്‍ കേരളം കാണുന്നതെന്നാണ് സണ്ണി ജോസഫിന്റെ വിമർശനം. മുഖ്യമന്ത്രിയുടേത് ഉൾപ്പെടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് സണ്ണി ജോസഫിന്റെ പ്രതികരണം.
സർക്കാരിനും മുഖ്യമന്ത്രിക്കും എതിരായ അഴിമതി ആരോപണങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ യാതൊരു സേവനങ്ങളും നല്‍കാതെയാണ് കരിമണല്‍ കമ്പനിയില്‍ നിന്നും 2.7 കോടി രൂപ മാസപ്പടിയായി കൈപ്പറ്റിയത്. കോവിഡ് കാലത്തെ പിപിഇ കിറ്റ് വാങ്ങലുകൾ, കെഎഫ്‌സി നിക്ഷേപം, എഐ ക്യാമറ തുടങ്ങിയ കുംഭകോണങ്ങളാണ് പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്നതെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു.

മാസപ്പടി കേസിൽ ഇതുവരെ അപ്പീൽ നൽകാത്ത വീണ വിജയന്റെ നിലപാടിനെ സണ്ണി ജോസഫ് ചോദ്യം ചെയ്‌തു. എസ്എഫ്‌ഐഒ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കുറ്റപത്രം നല്‍കിയ കേസില്‍ മുഖ്യമന്ത്രിയും മകളും അപ്പീല്‍ നല്‍കുകയോ ഇതുവരെ ഒന്ന് പ്രതികരിക്കുകയോ പോലും ചെയ്‌തിട്ടില്ല എന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്.
പിപിഇ കിറ്റ് അഴിമതിയുൾപ്പെടെ സണ്ണി ജോസഫ് എടുത്തിട്ടു. കോവിഡ് കാലത്ത് 550 രൂപയുടെ കിറ്റ് 1550 രൂപയ്ക്ക് വാങ്ങി അഴിമതി കാണിച്ചെന്ന് ലോകായുക്തയില്‍ കേസും സിഎജി റിപ്പോര്‍ട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പിപിഇ കിറ്റ് വാങ്ങിയെന്ന് അന്നത്തെ ആരോഗ്യമന്ത്രി പറഞ്ഞിട്ടും ഇതുവരെ അതിനോട് മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നായിരുന്നു സണ്ണി ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടിയത്.
കൊട്ടിഘോഷിച്ച ദേശീയപാതയാണ് മലപ്പുറത്ത് ഇടിഞ്ഞുവീണതെന്നും സണ്ണി ജോസഫ് വിമർശിച്ചു. ദേശീയപാതയുടെ ക്രെഡിറ്റ് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. നേരത്തെ ദേശീയപാത തകർന്നതിന് പിന്നാലെ തന്നെ ഈ വിഷയത്തിൽ വലിയ ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷൻ സംസ്ഥാന സർക്കാരിനെതിരെ രംഗത്ത് വന്നത്.
നേരത്തെ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന രമേശ് ചെന്നിത്തലയും സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. അഴിമതി, സ്വജനപക്ഷപാതം, കെടുകാര്യസ്ഥത എന്നിവയാണ് പിണറായി സർക്കാരിന്റെ മുഖമുദ്രയെന്നായിരുന്നു ചെന്നിത്തലയുടെ വിമർശനം. പിണറായി വിജയനെ പാവ എന്നാണ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്.
എന്നാൽ വൈകീട്ട് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഫ് സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞിരുന്നു. വിഴിഞ്ഞം ഉൾപ്പെടെയുള്ള പദ്ധതികളെ കുറിച്ചും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പരാമർശിച്ചിരുന്നു. കൂടാതെ ദേശീയപാത വികസനം, ഗെയ്ൽ പൈപ്പ്ലൈൻ എന്നിവയും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു.












Click it and Unblock the Notifications