'നീക്കത്തിന് പിന്നിൽ ഗൂഢലക്ഷ്യം'; അവസാന ശ്രമവുമായി ഗ്രൂപ്പുകൾ..ഉമ്മൻചാണ്ടിയും ചെന്നിത്തലയും ദില്ലിയിലേക്ക്
തിരുവനന്തപുരം; സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടനയെ ചൊല്ലി വീണ്ടും തർക്കം പുകയുന്നു. കെ പി സി സി,ഡി സി സി പുനഃസംഘടനയാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം. എത്രയും പെട്ടെന്ന് നടപടികൾ പൂർത്തിയാക്കി ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് കെ പി സി സി നേതൃത്വത്തിന്റെ തിരുമാനം. എന്നാൽ സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇനി പുനഃസംഘടന അനുവദിക്കില്ലെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കൾ. തങ്ങളുടെ എതിർപ്പുകൾ ഹൈക്കമാന്റിനെ അറിയിക്കാൻ ഒരുങ്ങുകയാണ് നേതാക്കൾ. വിശദമായി വായിക്കാം

ഒരു മാസത്തിനകം പുതിയ ഭാരവാഹികളെ കണ്ടെത്തി പ്രഖ്യാപനം നടത്താനുള്ള നടപടികൾ കെ പി സി സി നേതൃത്വം ആരംഭിച്ച് കഴിഞ്ഞു. ചെറിയ ജില്ലകളിൽ 30 വീതവും വലിയ ജില്ലകളിൽ 51 വീതവും ഡി സി സി ഭാരവാഹികളെയാണ് കണ്ടെത്തേണ്ടതുള്ളത്. ചെറിയ ജില്ലകളിൽ 15 ജനറൽ സെക്രട്ടറിമാരും 16 നിർവാഹക സമിതിയംഗങ്ങളും വലിയ ജില്ലകളിൽ 25 ജനറൽ സെക്രട്ടറിമാരും 26 നിർവാഹക സമിതിയംഗങ്ങളേയും കണ്ടെത്തണം.

ജില്ലാ തലത്തിൽ കെ പി സി സി ഭാരവാഹികൾ ഉൾപ്പെടുന്ന സമിതിയുമായി ചർച്ച നടത്തി നിയമനം പൂർത്തിയാക്കാനാണ് നേതൃത്വത്തിന്റെ തിരുമാനം. അതേസമയം സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ ഇനി പുനഃസംഘടനയ്ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന കടുത്ത നിലപാടിലാണ് ഗ്രൂപ്പുകൾ. അതിനാൽ പുനഃസംഘടന നടപടികൾ നിർത്തിവെയ്ക്കണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യം ചൂണ്ടികാട്ടി മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ദില്ലിയിൽ ഹൈക്കമാന്റിനെ കാണാൻ ഒരുങ്ങുകയാണ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ അവതരിപ്പിക്കും. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും പുനഃസംഘടനയുമായി മുന്നോട്ട് പോകുന്നതിന് പിന്നിൽ മറ്റ് താത്പര്യങ്ങൾ ഉണ്ടെന്നാണ് ഗ്രൂപ്പുകൾ ആവർത്തിക്കുന്നത്.

കെ പി സി സി അധ്യക്ഷൻ തന്നെ സംഘടന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നിഷ്പക്ഷ നിയമനം നടക്കില്ലെന്നാണ് നേതാക്കളുടെ വാദം. ഗ്രൂപ്പില്ലെന്ന് ആവർത്തിച്ച് പറയുന്ന നേതാക്കൾ കെ പി സി സി,ഡിസിസി പുനഃസംഘടനയിൽ സ്വന്തക്കാരെ തിരികി കയറ്റി. ഇപ്പോഴും തങ്ങൾക്ക് താത്പര്യമുള്ള നേതാക്കളെ ഉൾപ്പെടുത്തി പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള നീക്കങ്ങളാണ് നേതാക്കൾ നടത്തുന്നതെന്നും ഇവർ പറയുന്നു.

മാത്രമല്ല മുതിർന്ന നേതാക്കളെ പരാമവധി മാറ്റിനിർത്താനുള്ള ബോധപൂർവ്വമായ ശ്രമങ്ങളും ഔദ്യോഗിക നേതൃത്വം നടത്തുന്നുണ്ടെന്നും ഗ്രൂപ്പ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഗ്രൂപ്പുകൾ പരാതി ഉയർത്തിയാലും ഹൈക്കമാന്റിൽ നിന്നും അനുകൂല നിലപാട് തന്നെയാകും ഉണ്ടാകുകയെന്ന പ്രതീക്ഷയിലാണ് കെ പി സി സി നേതൃത്വം.

പല തവണയായി പുനഃസംഘടന വിഷയം ഹൈക്കമാന്റുമായി ചർച്ച നടത്തിയതാണെന്നും യാതൊരു എതിർപ്പും എ ഐ സി സി ഉന്നയിച്ചിട്ടില്ലെന്നും കെ സുധാകരൻ നേരത്തേ വ്യക്തമാക്കിയിരുന്നു. മാത്രമല്ല സംഘടന തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങൾ ഉണ്ടെന്നിരിക്കെ പുനഃസംഘടന നിർത്തിവെയ്ക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് നേതൃത്വം.

അതേസമയം ഹൈക്കമാന്റ് അനുകൂല നിലപാട് സ്വീകരിച്ചില്ലേങ്കിൽ പുനഃസംഘടനയുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഗ്രൂപ്പുകൾ. നേതാക്കളുടെ പേരുകൾ നിർദ്ദേശിക്കില്ലെന്ന ധാരണയും ഗ്രൂപ്പുകൾ കൈക്കൊണ്ടിട്ടുണ്ട്. മാത്രമല്ല സംഘടന തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നീങ്ങ് ശക്തി തെളിയിക്കാനുള്ള പ്രവർത്തനങ്ങളും ഗ്രൂപ്പ് നേതാക്കൾ ആരംഭിച്ച് കഴിഞ്ഞു.
'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'












Click it and Unblock the Notifications