'നമ്മൾ ഒരു ദിവസം കണ്ടുമുട്ടും, ആകാശത്തിലെ വലിയ നക്ഷത്രം നീയാണ്..'; നഷ്‌ടപ്പെട്ട മകളുടെ ഓർമ്മയിൽ കെഎസ് ചിത്ര
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ, വിഖ്യാത ഗായകരിൽ ഒരാളാണ് കെഎസ് ചിത്ര. തന്റെ അഞ്ച് പതിറ്റാണ്ടിൽ അധികം നീണ്ട കരിയറിനിടെ ചിത്രയെ തേടിയെത്തിയ അംഗീകാരങ്ങൾ അനവധിയാണ്. ഈ കാലത്തിനിടയിൽ അവർ കീഴടക്കാത്ത ഉയരങ്ങളില്ലെന്ന് വേണം പറയാൻ. രാജ്യം മുഴുവൻ വാനമ്പാടി എന്ന് വിളിച്ചു അഭിനന്ദിച്ചിരുന്ന ചിത്ര പാടിയ പാട്ടുകൾക്കെല്ലാം എന്നും ഒരു ഫീലാണ്. അവരെ കേൾക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും.
തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം, ഒഡിയ, ബംഗാളി, പഞ്ചാബി, രാജസ്ഥാനി, അവധി, മറാത്തി തുടങ്ങി വിവിധ ഇന്ത്യൻ ഭാഷകളിലായി 20,000ലധികം ഗാനങ്ങൾ അവർ റെക്കോർഡ് ചെയ്‌തിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് കോമ്മൺസിൽ ആദരിക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിതയാണ് കെഎസ് ചിത്ര. അത്തരത്തിൽ എണ്ണമറ്റ ഒട്ടേറെ അവാർഡുകൾ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ ഉൾപ്പെടെ അവർ കരസ്ഥമാക്കിയിട്ടുണ്ട്.

എന്നാൽ ഇത്രയൊക്കെയാണെങ്കിലും കരിയറിലെ നേട്ടങ്ങളിൽ ഉപരി വ്യക്തി ജീവിതത്തിൽ ഒട്ടേറെ ദുരിതങ്ങളിലൂടെയും വേദനകളിലൂടെയും കടന്നുപോവേണ്ടി വന്നിട്ടുള്ള ആൾ കൂടിയാണ് കെഎസ് ചിത്ര എന്ന അനശ്വര ഗായിക. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു നിനച്ചിരിക്കാത്ത നേരത്തെ മകളുടെ വിയോഗം. പതിനാല് വർഷങ്ങൾക്ക് മുൻപാണ് ചിത്രയുടെ മകൾ മരണത്തിന് കീഴടങ്ങിയത്.
അതിന്റെ ആഘാതത്തിൽ നിന്നും ഇതുവരെയും ചിത്ര മുക്തയായിട്ടില്ല. 1987ലാണ് ചിത്ര ബിസിനസുകാരനായ വിദ്യാശങ്കറിനെ വിവാഹം കഴിക്കുന്നത്. എന്നാൽ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർക്ക് ഒരു മകൾ ജനിച്ചത്. അതും 15 വർഷത്തിന് ശേഷമായിരുന്നു മകൾ നന്ദന പിറന്നത്.
എന്നാൽ കണ്ടു കൊതി തീരും മുൻപേ ചിത്രയിൽ നിന്നും മകളെ വിധി തട്ടിയെടുക്കുകയായിരുന്നു. എട്ടാം വയസിലാണ് ചിത്രയുടെ മകൾ നന്ദന ദുബായിൽ ഒരു റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചത്. ഡൗൺ സിൻഡ്രോം എന്ന അവസ്ഥ ഉണ്ടായിരുന്ന കുട്ടിയായിരുന്നു നന്ദന. എന്നാൽ മകളുടെ പെട്ടെന്നുള്ള വിയോഗം ചിത്രയെ മാനസികമായി തളർത്തിയിരുന്നു.
ഇപ്പോഴിതാ പതിനാല് വർഷങ്ങൾക്ക് ശേഷവും മകളുടെ ഓർമ്മകളെ കുറിച്ച് മനസ് തുറക്കുകയാണ് കെഎസ് ചിത്ര. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് മകളെ കുറിച്ച് ചിത്ര ഓർമ്മ പങ്കുവച്ചത്. എന്നെങ്കിലും ഒരിക്കൽ വീണ്ടും കാണാൻ കഴിയുമെന്നാണ് ചിത്ര മകളെ കുറിച്ച് പറയുന്നത്. നിന്നെ നഷ്‌ടമായതിന്റെ വേദന ഒരിക്കലും അളക്കാൻ കഴിയാത്ത ഒന്നാണെന്നും ചിത്ര തന്റെ കുറിപ്പിൽ രേഖപ്പെടുത്തുന്നു.
കെഎസ് ചിത്രയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
എനിക്ക് ഇനി നിന്നെ തൊടാൻ കഴിയില്ല, നിന്നെ കേൾക്കാൻ കഴിയില്ല, നിന്നെ കാണാൻ കഴിയില്ല, പക്ഷേ നീ എന്റെ ഹൃദയത്തിൽ ജീവിച്ചിരിക്കുന്നതിനാൽ എനിക്ക് നിന്നെ എപ്പോഴും അനുഭവിക്കാൻ കഴിയും. എന്റെ പ്രിയേ, നമ്മൾ ഒരു ദിവസം വീണ്ടും കണ്ടുമുട്ടും! നിന്നെ നഷ്‍ടപ്പെടുന്നതിന്റെ വേദന അളക്കാനാവാത്തതാണ്. ആകാശത്തിലെ ഏറ്റവും വലിയ നക്ഷത്രം നീയാണെന്ന് എനിക്കറിയാം. സൃഷ്‌ടാവിന്റെ ലോകത്ത് നീ നന്നായി ജീവിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications