കൂലിപ്പണിക്ക് പോവാന്‍ ലീവ് ചോദിച്ചു!! കെഎസ്ആര്‍ടിസി ഡ്രൈവറുടെ കത്ത് വൈറല്‍
കഴിഞ്ഞമാസം 30ന് അയച്ച കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുള്ളത്. കെഎസ്ആര്‍ടിസി കട്ടപ്പുറത്ത് തന്നെയാണെന്ന് തെളിയിക്കുന്നതാണ് ജീവനക്കാരന്റെ കത്ത്.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കട്ടപ്പുറത്ത് തന്നെയാണെന്ന് തെളിയിച്ച് ജീവനക്കാരന്റെ കത്ത്. കൂലിപ്പണിക്ക് പോവാന്‍ അവധി ചോദിച്ചിരിക്കുകയാണ് കിളിമാനൂരിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ പികെ പ്രഭുല്‍കുമാര്‍. നിലവില്‍ കിട്ടുന്ന ശമ്പളം മതിയാവുന്നില്ലെന്നും കൂലിപ്പണിക്ക് പോവുന്നവര്‍ക്ക് ഇതിനേക്കാള്‍ പണം കിട്ടുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
മേലുദ്യോഗസ്ഥര്‍ക്ക് അയച്ചെന്ന് കരുതുന്ന കത്ത് സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്ന കാര്യവും കൃത്യമായി ശമ്പളം കിട്ടാത്തതും ദൈനംദിന കാര്യങ്ങള്‍ക്ക് മതിയാവാത്ത ശമ്പളത്തെ കുറിച്ചുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

ചെയ്യുന്ന ജോലിക്ക് കൃത്യമായി ശമ്പളം കിട്ടാത്തതാണ് നാടന്‍ ജോലിക്ക് പോവാന്‍ പ്രഭുല്‍ കുമാറിനെ പ്രേരിപ്പിച്ചത്. കൈയില്‍ പണമില്ലാത്തതിനാല്‍ സമൂഹത്തില്‍ നിന്ന് നേരിടുന്ന അവഹേളനവും കത്തില്‍ പറയുന്നു.

രണ്ടുമക്കളാണ് പ്രഭുല്‍കുമാറിന്. സ്‌കൂള്‍, ട്യൂഷന്‍ ഫീസുകള്‍ക്ക് പുറമെ സ്‌കൂള്‍ വാഹനത്തിന് നല്‍കുന്ന പണമടക്കം കുട്ടികളുടെ പഠനാവശ്യത്തിന് തന്നെ വലിയൊരു തുക പ്രതിമാസം ചെലവാകുന്നുണ്ട്. കൂടാതെ വീട്ടാവശ്യങ്ങള്‍ വേറെയും. പാല്‍, പത്രം, കറണ്ട്, ടെലിഫോണ്‍ ബില്ലുകള്‍ ഇങ്ങനെ പോവുന്നു കത്തിലെ വിശദീകരണങ്ങള്‍.

ഇതിനെല്ലാം പുറമെയാണ് എസ്ബിടിയില്‍ നിന്നെടുത്ത ലോണിന്റെ തിരിച്ചടവ്. കിട്ടുന്ന ശമ്പളത്തിന്റെ വലിയൊരു ഭാഗം ഇതിനെല്ലാം ചെലവാകും. പക്ഷേ ശമ്പളം കൃത്യമായി കിട്ടാത്തതിനാല്‍ ഇതെല്ലാം അവതാളത്തിലാവുന്നുവെന്നാണ് കത്തില്‍ പറയുന്നത്.

പലചരക്ക് കടക്കാരന്‍ ഇനി തരാനുള്ള സംഖ്യ പൂര്‍ണമായി തന്നാലേ സാധനങ്ങള്‍ തരൂവെന്ന നിലപാടെടുത്തതാണ് ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്ന് പ്രഭുല്‍കുമാര്‍ പറയുന്നു. നിലവില്‍ കടയില്‍ നിന്ന് സാധനങ്ങള്‍ തരുന്നില്ല.

പണിക്ക് വന്നാല്‍ ദിവസവും 700 രൂപ തരാമെന്ന് കല്‍പ്പണിക്കാരന്‍ പറഞ്ഞ സാഹചര്യത്തിലാണ് ഇദ്ദേഹം കടുത്ത ചില തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്. ഫെബ്രുവരി ഒന്ന്, രണ്ട് തിയ്യതികളിലാണ് പണിക്ക് വിളിച്ചത്. അതിനാല്‍ ആ ദിവസങ്ങളില്‍ ലീവ് അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.

കഴിഞ്ഞമാസം 30ന് അയച്ച കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുള്ളത്. കിളിമാനൂര്‍ ഡിപ്പോയിലെ ഡ്രൈവറായ പ്രഭുല്‍കുമാറിന് ലീവ് അനുവദിച്ചോ, കെഎസ്ആര്‍ടിസിയുടെ ദയനീയ അവസ്ഥ, സര്‍ക്കാര്‍ കോര്‍പറേഷനെ രക്ഷിക്കാന്‍ ചെലവഴിക്കുന്ന കോടികള്‍ എവിടെ പോവുന്നു തുടങ്ങിയ ചര്‍ച്ചകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നത്.












Click it and Unblock the Notifications