'കെഎസ്ആര്‍ടിസിക്ക് ഒരു ലോൺ പോലും കിട്ടുന്നില്ല, ചെലവ് ചുരുക്കിയേ തീരൂ'; മന്ത്രി കെബി ഗണേഷ് കുമാർ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ ശമ്പളം സമയബന്ധിതമായി കൊടുക്കാനുള്ള ശ്രമത്തിലാണെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ലാഭമല്ലാത്ത റൂട്ടുകൾ റദ്ദാക്കുമെന്നും ശമ്പള-പെൻഷൻ വിഷയവുമായി ബന്ധപ്പെട്ട് ധനവകുപ്പുമായി ചർച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു. ചെലവ് ചുരുക്കി മാത്രമേ മുൻപോട്ട് പോവാൻ കഴിയൂ എന്നാണ് ഗണേഷ് കുമാർ ഇന്ന് ചൂണ്ടിക്കാട്ടിയത്.
'കെഎസ്ആര്‍ടിസിക്ക് ഒരു ലോൺ പോലും കിട്ടുന്നില്ല. ആദ്യ ഘട്ടമെന്ന നിലയിൽ സമ്പൂർണ ചെലവ് ചുരുക്കിൽ നടത്തിയേ തീരൂ. സിറ്റിയിൽ മാത്രം ഒരു ദിവസം 86,000 രൂപയുടെ ഡീസൽ ലാഭിക്കാൻ കഴിയുന്നുണ്ട്. മറ്റ് സർവീസുകളെ ബാധിക്കാതെയാണ് അനാവശ്യ ഓട്ടങ്ങൾ റദ്ദാക്കിയത്.' മന്ത്രി വ്യക്തമാക്കി.

പെട്രോളിനും ശമ്പളത്തിനുമുള്ള വരുമാനം പോലുമില്ലാത്ത ബസുകളുണ്ട്. ഇതിൽ അന്തർ സംസ്ഥാന സർവീസ് ഉൾപ്പെടെ റദ്ദാക്കും. എംഎല്‍എമാര്‍ സഹകരിക്കുന്നുണ്ടെന്നും, പത്തനാപുരത്ത് ഉൾപ്പെടെ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇലക്ട്രിക് ബസിനെ കുറിച്ചുള്ള ചോദ്യത്തിന് അനാവശ്യ ചോദ്യം ചോദിച്ച് വലയിൽ ചാടിക്കാൻ നോക്കണ്ട എന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി.
നേരത്തെ ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്ന നിലപാട് വിവാദമാവുകയും, എന്നാൽ കെഎസ്ആര്‍ടിസി വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിൽ ഇ ബസുകള്‍ ലാഭകരമാണെന്ന കണക്കുകള്‍ പുറത്ത് വരികയും ചെയ്‌തിരുന്നു. ഇത് പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ ഇന്നത്തെ പ്രതികരണം.
ഇലക്ട്രിക് ബസ് വാങ്ങിയ വിലയും കിട്ടുന്ന കളക്ഷനും ഒത്തുനോക്കുമ്പോള്‍ ബസുകള്‍ ലാഭകരമല്ലെന്നായിരുന്നു ഗതാഗത മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം ഗണേഷ് കുമാർ സ്വീകരിച്ച നിലപാട്. കൂടാതെ ഈ നിലയില്‍ സർവീസ് തുടരേണ്ടതില്ലെന്ന അഭിപ്രായം കൂടി പങ്കുവച്ചതോടെ മന്ത്രിക്കെതിരെ വിവിധ കോണുകളിൽ നിന്ന് എതിര്‍പ്പും ശക്തമായിരുന്നു. പിന്നീട് കണക്ക് വന്നപ്പോൾ ഇലക്ട്രിക് ബസുകൾ ലാഭകരമാണെന്ന് തെളിഞ്ഞിരുന്നു.
അതേസമയം, സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ നിന്നും കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു. 2019ല്‍ കേരളം തമിഴ്‌നാടുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വോള്‍വോ ലോ ഫ്‌ളോര്‍ എസി, സൂപ്പര്‍ ഫാസ്‌റ്റ്, ഫാസ്‌റ്റ് പാസഞ്ചര്‍ ബസുകളാണ് സര്‍വീസുകള്‍ക്കായി ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications