വരുമാനം കൂട്ടാൻ കെഎസ്ആർടിസിയുടെ പതിനെട്ടാമത്തെ അടവ്; ഇനി ഇത്തരം റൂട്ടുകളിൽ ബസ് കുറയും
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി നാൾക്കുനാൾ വർധിച്ചു വരുന്നതല്ലാതെ കുറയുന്ന ലക്ഷണമൊന്നുമില്ല. ജീവനക്കാർക്കുള്ള ശമ്പളം കൊടുക്കാൻ പോലും കോർപറേഷൻ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. സർക്കാർ സഹായത്തോടെയാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ട് നീക്കുന്നതും. എന്നാൽ വരുമാനം വർധിപ്പിക്കാൻ കൂടുതൽ പദ്ധതികളുമായി കെഎസ്ആർടിസി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.
ദിവസ വരുമാനം 9 കോടി രൂപയായി ഉയർത്താനാണ് കോർപറേഷന്റെ ഇപ്പോഴത്തെ ശ്രമം. ഇതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ വിവിധ യൂണിറ്റ് മേധാവികള്‍ക്ക് നല്‍കി കഴിഞ്ഞു. നിലവിൽ 7-8 കോടി രൂപ വരെയാണ് കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം. ഇത് 9 കോടിയായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. കോർപറേഷന്റെ വരുമാനത്തിന്റെ 90 ശതമാനവും ടിക്കറ്റിലൂടെയാണ് കിട്ടുന്നത്. കോവിഡിന് ശേഷം വരുമാനത്തിൽ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട്.

വിവിധ തരത്തിലുള്ള ചിലവ് ചുരുക്കൽ പരിപാടികളിലൂടെയാണ് ഈ നേട്ടം കെഎസ്ആർടിസി കൈവരിച്ചത് എന്ന കാര്യം പ്രത്യേകം ഓർക്കണം. സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്താൻ ജനറല്‍ മാനേജര്‍മാരായി മൂന്ന് കെഎഎസുകാരെയും ചീഫ് ഓഫീസില്‍ ജനറല്‍ മാനേജരായി(പ്രോജക്ട്‌സ്) മറ്റൊരു കെഎഎസ് ഓഫീസറെയും നിയമിച്ചിട്ടുണ്ട്.
വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി യാത്രക്കാർ അധികമുള്ള റൂട്ടുകളിലാകും ബസുകള്‍ ഇനി കുടുതലായി ക്രമീകരിക്കുക. ബസ് സ്‌റ്റേഷനുകളില്‍ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാകും അധിക സര്‍വീസ് ഏർപ്പാടാക്കുന്നതും. യാത്രക്കാരില്ലാതെ, ബസുകള്‍ ഒരേ റൂട്ടിൽ ഒന്നിനുപുറകെ മറ്റൊന്നായി ഓടുന്നത് അവസാനിപ്പിക്കാനും തീരുമാനം ആയിട്ടുണ്ട്.
യാതൊരു കാരണവശാലും ട്രിപ്പ് മുടക്കവും സര്‍വീസ് റദ്ദാക്കലും ഉണ്ടാവരുതെന്ന കര്‍ശന നിര്‍ദേശവുമുണ്ട്. ഇക്കാര്യത്തിൽ വീഴ്‌ച വരുത്തുന്നവര്‍ക്കെതിരേയുള്ള കൃത്യമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട മേലധികാരികള്‍ നല്‍കുകയും വേണമെന്ന് നിർദ്ദേശത്തിൽ അറിയിക്കുന്നു.
ഓണ്‍ലൈന്‍ റിസര്‍വേഷനുള്ള സര്‍വീസുകള്‍ റദ്ദാക്കരുതെന്നും അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ പകരം ബസ് ക്രമീകരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. ശബരിമല സീസണിലെ സര്‍വീസുകളുടെ കണക്കെടുക്കുമ്പോള്‍ ഇക്കുറി വരുമാനത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോര്‍പറേഷന്‍.
അതേസമയം, കഴിഞ്ഞ ദിവസം കെഎസ്ആർടിസി എന്ന പേരുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന് തിരിച്ചടി നേരിട്ടിരുന്നു. കർണാടക നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കെഎസ്ആർടിസി എന്ന പേര് രണ്ട് കൂട്ടർക്കും ഉപയോഗിക്കാമെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നത്.












Click it and Unblock the Notifications