കെഎസ്‌യു-എസ്എഫ്ഐ സംഘർഷം; കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവം നിർത്തിവച്ചു
തൃശൂർ: കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ പരസ്‌പരം ഏറ്റുമുട്ടി കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ. ഇന്ന് പുലർച്ചെയോടെയാണ് കെഎസ്‌യു-എസ്എഫ്ഐ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. മത്സരങ്ങൾ വൈകുന്നതുമായി ബന്ധപ്പെട്ടാണ് ആദ്യം തർക്കം ആരംഭിച്ചത്. സ്‌കിറ്റ് മത്സരത്തിന് പിന്നാലെയാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്.
കലോത്സവത്തിലെ മത്സരങ്ങൾ വളരെ വൈകിയാണ് തുടങ്ങിയിരുന്നത്. ഇത് എസ്എഫ്ഐ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണങ്ങളുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. കേരളാ വർമ്മ കോളേജിലെ എസ്എഫ്ഐ പ്രവർത്തകനെ കെഎസ്‍യു പ്രവർത്തകർ മാരകമായി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

വിദ്യാർത്ഥികൾ തമ്മിൽ പരസ്‌പരം ഏറ്റുമുട്ടുന്ന സാഹചര്യവുമുണ്ടയി. ഇരുവിഭാഗത്തിലുമായി 15ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പരിക്കേറ്റവരെ ചാലക്കുടിയിലെയും മാളയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ മാള പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്.
അതേസമയം, പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ ഞെട്ടിക്കുന്ന രംഗങ്ങളാണ് ഉള്ളത്. നിലത്ത് വീണ വിദ്യാർത്ഥിയെ കസേരകൾ കൊണ്ടും വടികൊണ്ടും വളഞ്ഞിട്ട് അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കെഎസ്‍യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാർത്ഥിയെ ആക്രമിച്ചതെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്.
എന്നാൽ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി കെഎസ്‌യുവും ആരോപിക്കുന്നുണ്ട്. പരിക്കേറ്റ കെഎസ്‌യു വിദ്യാർഥികളുമായി പോയ ആംബുലൻസ്, എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് ആക്രമിച്ചതായാണ് അവരുടെ ആരോപണം. സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഡി-സോൺ കലോത്സവം താൽക്കാലികമായി നിർത്തി വയ്ക്കാനാണ് തീരുമാനം.
പോലീസ് എത്തി ലാത്തി വീശിയപ്പോഴാണ് സംഘർഷത്തിന് അയവുണ്ടായത്. കെഎസ്‍യു-എംഎസ്എഫ് സഖ്യത്തിലുള്ള സർവകലാശാല യൂണിയനാണ് ഡി സോൺ കലോത്സവത്തിന് നേതൃത്വം നൽകുന്നത്. പരിപാടികൾ വൈകി തുടങ്ങുന്നു എന്ന ആരോപണത്തിന് പുറമെ ഫലപ്രഖ്യാപനത്തിലെ അപാകതകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങൾ തുടക്കം മുതൽ ഉണ്ടായിരുന്നു. ഇതിന് പിന്നലെയാണ് ഇത് സംഘർഷത്തിലേക്ക് വഴി മാറിയത്.












Click it and Unblock the Notifications