'രാജ്യത്തെക്കാൾ വലുതാണോ മോദിക്ക് ഗ്യാനേഷ് കുമാർ? ഈ നിലപാടുകൾ അടിമുടി സംശയം ജനിപ്പിക്കുന്നത്'; കെടി ജലീൽ

മലപ്പുറം: സിജെപി പ്രതിഷേധവും ഗ്യാനേഷ് കുമാറിന്റെ രാജിയുമായും ബന്ധപ്പെട്ട് മോദിയോട് ചോദ്യങ്ങളുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ കെടി ജലീൽ. രാജ്യത്തെക്കാൾ വലുതാണോ മോദിക്ക് ഗ്യാനേഷ് കുമാർ എന്നാണ് ജലീൽ ചോദിക്കുന്നത്. മോദിയുടെ ഇപ്പോഴത്തെ നിലപാടുകൾ അടിമുടി സംശയം ജനിപ്പിക്കുന്നതാണെന്നും ജലീൽ ഫേസ്‌ബുക്കിൽ പങ്കുവച്ച പോസ്‌റ്റിൽ ചൂണ്ടിക്കാണിക്കുന്നു.

കെടി ജലീലിന്റെ വാക്കുകൾ

രാജ്യത്തെക്കാൾ വലുതാണോ മോദിക്ക് ഗ്യാനേഷ് കുമാർ? ബി.ജെ.പിയെ തെരഞ്ഞെടുപ്പ് ജയിപ്പിക്കാമെന്നും, ആർ.എസ്.എസിൻ്റെ വംശീയ രാഷ്ട്രീയത്തെ ജീവിതം കൊണ്ട് പ്രതിരോധിക്കുമെന്ന് ശപഥം ചെയ്‌ത മമതാ ബാനർജിയേയും, പിണറായി വിജയനെയും, സ്‌റ്റാലിനെയും അധികാരഭ്രഷ്ടരാക്കാമെന്നും കരാർ ചെയ്‌ത മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറെന്ന ജനാധിപത്യത്തിൻ്റെ ആരാച്ചാരിനെതിരെയുള്ള സമരം നാൾക്കുനാൾ കത്തിപ്പടരുകയാണ്.

kt jaleel

കഴിഞ്ഞദിവസം ആ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൽഹിയിൽ പടനയിച്ചത് രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും എം.എ ബേബിയും, കെ.സി വേണുഗോപാലും ഉൾപ്പടെയുള്ള ഇന്ത്യാസഖ്യ നേതാക്കളാണ്. ലോകം കുലുങ്ങിയാലും ഞങ്ങൾ കുലുങ്ങില്ല എന്ന മട്ടിൽ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ നോക്കുന്ന നരേന്ദ്ര മോദിയുടെ നിലപാടുകൾ അടിമുടി സംശയം ജനിപ്പിക്കുന്നതാണ്. ഒരാൾക്ക് കവചം തീർക്കാൻ ഇത്രമാത്രം കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം എന്തോ വലിയ സഹായം അയാളിൽ നിന്ന് ഭരണകൂടത്തിന് കിട്ടിയിട്ടുണ്ട് എന്നല്ലേ?

ഇന്നലെ ഇന്ദ്രപ്രസ്ഥയിലെ പോരാട്ടത്തിന്റെ ബാറ്റൺ കയ്യിലേന്തി പാറ്റപ്പാർട്ടിയും ഇടതുപക്ഷകക്ഷികളും ക്ഷുഭിത യവ്വനത്തെ തലസ്ഥാനഗരിയിൽ എത്തിച്ച് സമരത്തിന് മൂർച്ചകൂട്ടിയതോടെ പ്രക്ഷോഭത്തിന് ചുവപ്പൻ വിപ്ലവവീര്യം കൈവന്നു. ഡൽഹി അടച്ചുപൂട്ടിയാണ് മോദിയും അമിത്ഷായും യുവസഞ്ചയത്തെ നേരിട്ടത്. കാൽലക്ഷത്തോളം പട്ടാളത്തെയും അർധസൈനിക വിഭാഗങ്ങളെയും പോലീസിനെയും ഇറക്കി കേന്ദ്രസർക്കാർ കെട്ടിയ കോട്ട മലവെള്ളം പോലെ ഇരച്ചെത്തിയ യുവതീയുവാക്കൾ തകർത്തെറിഞ്ഞു.

പാറ്റപ്പാർട്ടി നേതാക്കളായ അഭിജിത് ദീപ്കെയേയും, സൗരവ് ദാസിനെയും, അഷുതോഷ് രങ്കയേയും വിമാനത്തിനുള്ളിൽ കയറി പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ തടങ്കലിലാക്കി. സമരനായകർ പോരാട്ടഭൂമിയിൽ എത്തുന്നത് തടയലായിരുന്നു ഗ്യാനേഷ് ഭക്തരുടെ ലക്ഷ്യം. അതോടെ സി.ജെ.പിയെ നയിക്കേണ്ട ചുമതല യുവ ഐ.ടി എഞ്ചിനീയർ അജിങ്ക്യ ഷിൻഡെ ഏറ്റെടുത്തു.

CJP, SFl, DYFI, lSA, AlSF സംഘടനകൾ സംയുക്തമായി നയിച്ച സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യാഗേറ്റിൽ തലേദിവസം പ്രത്യക്ഷപ്പെട്ട പ്രമുഖ യുട്യൂബർ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ അദ്ദേഹത്തിന്റെ വസതിയിൽ നിന്നാണ് ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തത്. നേതാക്കൻമാരുടെ അഭാവത്തിൽ യുവചേതന സ്വയം ആ ഉത്തരവാദിത്തം ഏറ്റെടുത്ത് സമരഭടൻമാരായി മാറി.

പുതുമഴക്ക് വെളിച്ചത്തിന് ചുറ്റും പാറ്റകൾ പൊടിയുന്നത് പോലെയാണ് ഡൽഹിയുടെ വിവിധ തെരുവുകളിൽ വിദ്യാർഫിനി-വിദ്യാർത്ഥികൾ ഒത്തുകൂടിയത്. സുർജിത് ഭവനിൽ ഒളിച്ചിരുന്ന അഞ്ഞൂറോളംപേർ മുദ്രാവാക്യങ്ങൾ വിളിച്ച് റോഡിലേക്ക് ഇരച്ചെത്തിയപ്പോൾ മോദിയുടെ 'സൈന്യം' തീർത്ത ഇരുമ്പുമറ തകർന്നു. വൈകാതെ ചെറുപ്പക്കാരികളും ചെറുപ്പക്കാരും ഡൽഹി തെരുവുകൾ പിടിച്ചടക്കി. നിമിഷങ്ങൾക്കുള്ളിൽ തലസ്ഥാനനഗരി മുഴുവൻ ജന്തർമന്ദിറുകളായി രൂപപ്പെട്ടു.

കൊടുംകുറ്റവാളികളെ നേരിടും പോലെയാണ് പോലീസും പട്ടാളവും കുട്ടികളെ നേരിട്ടത്. വെയിലിന് നിറം വെക്കുന്നതിനു മുമ്പുതന്നെ ഇന്ത്യയിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ പ്രമുഖനായ കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും, മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരും, മുൻ ബംഗാൾ മുഖ്യമന്ത്രി മമതാബാനർജിയും, മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയും, സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജയും, സി.പി.ഐ എംഎൽ ജനറൽ സെക്രട്ടറി ദീപാശങ്കർ ഭട്ടാചാര്യയും, പ്രശസ്‌ത അഭിഭാഷകൻ പ്രശാന്ത് ഭൂഷണും, അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ യോഗേന്ദ്ര യാദവും, തുഷാർ ഗാന്ധിയും, നടൻ ഇമ്രാൻഖാനും, ഐസ നേതാവ് നേഹയും വിവിധ കേന്ദ്രങ്ങളിൽ 'ന്യുജെൻ' സമരത്തിൽ കൈമെയ് മറന്ന് ഭാഗഭാക്കാവുകയും അറസ്‌റ്റ് വരിക്കുകയും ചെയ്‌തു.

വിവിധ രോഗങ്ങൾ അലട്ടുന്നതൊന്നും വകവെക്കാതെ 80 വയസ്സ് പിന്നിട്ട പിണറായി വിജയൻ, അടിയന്തരാവസ്ഥക്കെതിരെ പൊരുതി മാസങ്ങളോളം ജയിലിൽ കിടന്ന പാരമ്പര്യവുമായാണ് രണ്ടാം അടിയന്തരാവസ്ഥക്കെതിരെ പോരാടുന്ന പുതുതലമുറയുടെ സമരത്തിന് ആവേശം വിതച്ച് ഡൽഹിയിൽ എത്തിയത്. അദ്ദേഹത്തെയും ജോൺബ്രിട്ടാസ് എം.പിയേയും, മുൻ എം.പി ബാലഗോപാലിനേയും അറസ്‌റ്റ് ചെയ്‌ത പോലീസ് ഇടുങ്ങിയ ബൊലേറോ ജീപ്പിൽ കയറ്റി മൂന്നരമണിക്കൂറോളമാണ് ഗല്ലികളും പഴയ ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളും ചുറ്റിച്ച് വാഹനത്തെ "സഞ്ചരിക്കുന്ന ജയിലാക്കി" ബുദ്ധിമുട്ടിച്ചത്. മരുന്നും ഭക്ഷണവും സൂപ്പർ സീനിയറായ പിണറായിക്ക് നിഷേധിച്ച പോലീസ് വൈകുന്നേരത്തോടെ മാത്രമാണ് അവരെ വിട്ടയച്ചത്. പോലീസ് സ്‌റ്റേഷനിൽ വെച്ച് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം പോലും അനുഭവപ്പെടുന്ന സാഹചര്യമുണ്ടായി.

സി.പി.എം നേതാക്കളായ ബൃന്ദാകാരാട്ടും, ജെൻയു മുൻ ചെയർപേഴ്സൺ ഐഷാ ഘോഷും, ഗോവിന്ദൻ മാസ്റ്ററും, ജോൺബ്രിട്ടാസ് എം.പിയും, DYFI അഖിലേന്ത്യാ പ്രസിഡണ്ട് എ.എ റഹീം എം.പിയും, ശിവദാസൻ എം.പിയും, മുൻ എം.പി എളമരം കരീമും, എ വിജയരാഘവനും, തപൻസെന്നും, വിജു കൃഷ്‌ണനും, മുൻമന്ത്രിമാരായ ഡോ: തോമസ് ഐസക്കും, ഇ.പി ജയരാജനും, ഷൈലജ ടീച്ചറും, ശ്രീമതി ടീച്ചറും, ടി.പി രാമകൃഷ്‌ണനും, പി രാജീവും, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനും, മുൻ എം.പിമാരായ സി.എസ് സുജാതതയും, പി സതീദേവിയും, സുഭാഷിണി അലിയും, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് ആദർശ് എം സജിയും, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യയും, സി.പി.ഐ നേതാക്കളായ പി സന്തോഷ് കുമാർ എം.പിയും, പി.പി സുനീർ എം.പിയും, പ്രകാശ് ബാബുവും, എ.ഐ.എസ്.എഫ് അഖിലേന്ത്യാ പ്രസിഡണ്ട് റൗഷൻ കുമാർ സിൻഹയും, ഗോവർധനും ഉൾപ്പടെ പതിനായിരത്തിലധികം നേതാക്കളെയും പ്രവർത്തകരെയുമാണ് കേന്ദ്ര സർക്കാർ കൽതുറുങ്കിൽ അടച്ചത്.

വിവിധ സംസ്ഥാനങ്ങളിലും വിദ്യാർത്ഥി യുവജന നേതാക്കളെ ഡൽഹിയിൽ എത്തുന്നത് തടയാൻ കരുതൽ തടങ്കലിലും വീട്ടുതടങ്കലിലുമാക്കാനും അമിത്ഷാ മറന്നില്ല. ഇതുകൊണ്ടൊന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാരനായ "കൊടുംകുറ്റവാളി'' ഗ്യാനേഷ് കുമാറിനെ അധികകാലം സംരക്ഷിച്ചു നിർത്താൻ മോദി-ഷാ കൂട്ടുകെട്ടിന് കഴിയില്ല. തീർച്ച

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma