'ഗോഡ്സെയെ മഹാത്മാഗാന്ധി എന്നാണോ വിളിക്കേണ്ടത്? ലീഗ്-ബിജെപി ഡീൽ അതാണ്'; ലീഗിനെതിരെ ആഞ്ഞടിച്ച് ജലീൽ
മലപ്പുറം: സിപിഎമ്മിനെതിരായി ലീഗ് നേതാവ് പിഎംഎ സലാമിന്റെ വിമർശനത്തിന് മറുപടിയുമായി മുൻ മന്ത്രി കൂടിയായ കെടി ജലീൽ. ലീഗിനെ വർഗീയവാദികൾ എന്നല്ലാതെ എന്താണ് സിപിഎം വിളിക്കേണ്ടത് എന്നാണ് ജലീലിന്റെ ചോദ്യം. പിഎം ശ്രീക്കു വേണ്ടി വിഡി സതീശൻ ഘോരഘോരം വാദിക്കുന്നത് കേട്ടിട്ടും ഒരക്ഷരം ഉരിയാടാൻ എന്താണ് സലാമിന്റെ പാർട്ടിക്ക് സാധിക്കാത്തത് എന്നും കെടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
കെടി ജലീലിന്റെ വാക്കുകൾ: നാഥുറാം ഗോഡ്സെയെ മഹാത്മാഗാന്ധി എന്നാണോ വിളിക്കേണ്ടത്? പച്ചക്ക് വർഗീയത വിളമ്പുന്നവരെ "വർഗീയവാദികൾ" എന്നല്ലാതെ മറ്റെന്താണ് സി.പി.എം വിളിക്കേണ്ടത്? മുസ്ലിം ബി.ജെ.പിയാണ് മുസ്ലിംലീഗെന്ന കാര്യത്തിൽ പി.എം.എ സലാമിന് സംശയമുണ്ടോ? ഉണ്ടെങ്കിൽ കഴിഞ്ഞ പത്തുവർഷത്തെ ലീഗിൻ്റെ വർഗ്ഗീയ പ്രചരണം മാത്രം പരിശോധിച്ചാൽ മതി.

എന്തിനേയും ഏതിനേയും വർഗീയ പരിപ്രേക്ഷ്യത്തിലൂടെയല്ലാതെ വേറൊരു കണ്ണിലൂടെ പിന്നിട്ട ഒരു ദശകത്തിൽ ലീഗ് കണ്ടിട്ടുണ്ടോ? മതനിരപേക്ഷവാദികളായ സി.പി.എമ്മിലെ ഹിന്ദു പേരുള്ളവരെ മുഴുവൻ ''ഇടതുഹിന്ദുത്വ"ചാപ്പ കുത്തി ബി.ജെ.പിക്കാരെക്കാൾ അപകടകാരികളാക്കിയ ലീഗിൻ്റെ "പച്ചവർഗീയത" ഇനിയും തുറന്നു പറയാതിരുന്നു കൂട. അതിന് സന്നദ്ധമായ സി.പി.എം അഭിനന്ദനമർഹിക്കുന്നു.
മുസ്ലിം പേരുള്ള സ്വർണ്ണക്കള്ളക്കടത്തുകാരെ പിടിച്ചപ്പോഴും, മുസ്ലിം പേരുള്ള മയക്കുമരുന്ന് കച്ചവടക്കാരെ പിടികൂടിയപ്പോഴും, മുസ്ലിം പേരുള്ള പോക്കിരികളെ അകത്താക്കിയപ്പോഴുമെല്ലാം ലീഗ് വിളിച്ചു കൂവിയത് "മുസ്ലിമിനെ മാത്രം ഉന്നമിട്ട് പിടിക്കുന്നേ" എന്നായിരുന്നില്ലെ? അന്യായമായി ഒരു മുസ്ലിമിൻ്റെ പേരിലും UAPA - യോ കാപ്പയോ ചുമത്താത്ത സർക്കാരായിട്ടും ആ ഗവൺമെൻ്റിനെ ''മുസ്ലിംവിരുദ്ധ ചാപ്പ"കുത്തി പാവം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാൻ എന്താവേശമായിരുന്നു ലീഗിന്?
പാലത്തായി കേസിൽ ലീഗ് നടത്തിയ കുപ്രചരണം പി.എം.എ സലാം മറന്നുപോയോ? ഇടതുസർക്കാർ ജീവപര്യന്തം തടവിനു ശിക്ഷിച്ച പാലത്തായി കേസിലെ ഒന്നാം പ്രതിയുടെ ശിക്ഷ സ്റ്റേ ചെയ്യാനും അയാൾക്ക് പരോൾ അനുവദിക്കാനും കളമൊരുക്കിയ യു.ഡി.എഫ് സർക്കാരിൻ്റെ നിലപാടിനെതിരെ ഒരക്ഷരം ലീഗ് മിണ്ടാത്തതിൻ്റെ ''രഹസ്യം" ഒന്നു ചൊല്ലുമോ മിസ്റ്റർ സലാം?
പി.എം.എ സലാം ഉൾപ്പടെയുള്ള പ്രമുഖ ലീഗ് നേതാക്കൾ ED യുടെ റഡാറിൽ ഉണ്ടെന്നുള്ള ഭയമല്ലേ യഥാർത്ഥത്തിൽ ആർ.എസ്.എസ് വിരുദ്ധ നിലപാട് എടുക്കുന്നതിൽ നിന്ന് ലീഗിനെ വിലക്കുന്നത്? പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സമുദായ സംഘടനകളെ കൂട്ടുപിടിച്ച് പള്ളി മിമ്പറുകളിൽ പോലും ലീഗ് ചെയ്യിപ്പിച്ച പ്രസംഗം പി.എം.എ സലാം ഓർക്കുന്നില്ലേ?
അതേ പി.എം ശ്രീക്കു വേണ്ടി വി.ഡി സതീശൻ ഘോരഘോരം വാദിക്കുന്നത് കേട്ടിട്ടും ഒരക്ഷരം ഉരിയാടാൻ എന്താണ് സലാമിൻ്റെ പാർട്ടിക്ക് സാധിക്കാത്തത്? വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി 251-ൽ നിന്ന് 120-ലേക്ക് ചുരുക്കിയപ്പോൾ സർക്കാരിന് കയ്യടിച്ചുകൊടുത്ത ലീഗ് എം.എൽ.എമാരെ മദ്യപാനം സാർവത്രികമാക്കാൻ കൂട്ടുനിന്നവർ എന്നല്ലാതെ 'ദീനിനു' വേണ്ടി ശഹീദായവർ എന്നാണോ നാട്ടുകാർ വിളിക്കേണ്ടത്?
സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ പാടിയപ്പോൾ അതിനെതിരെ ഒരു വാക്കുകൊണ്ടെങ്കിലും പ്രതിഷേധിക്കാൻ സലാമിൻ്റെ നാക്ക് പൊങ്ങാതിരുന്നതിൻ്റെ കാരണമെന്താണ്? സംസ്ഥാന സർക്കാർ നടത്തിയ ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉൽഘാടനം ചെയ്യാൻ പ്രതിപക്ഷ നേതാവായ രാഹുൽഗാന്ധിയെ ക്ഷണിക്കുന്നതിന് പകരം പത്തരമാറ്റ് ആർ.എസ്.എസ്സുകാരനായ ഇന്ത്യയുടെ വൈസ് പ്രസിഡണ്ടിനെ ക്ഷണിച്ചു കൊണ്ടു വന്ന് വന്ദേമാതരം മുഴുവൻ പാടിയപ്പോൾ ലീഗിൻ്റെ അണ്ണാക്കിൽ എന്തു മണ്ണാംകട്ടയാണ് തിരുകി വെച്ചിരുന്നത്?
കേന്ദ്രസർക്കാരിൻ്റെ നാമമാത്ര സഹായവും സംസ്ഥാന സർക്കാറിൻ്റെ സഹായവും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും ചേർത്ത് നിർമ്മിക്കുന്ന വീടുകളുടെ മുന്നിൽ കേന്ദ്രസർക്കാരിൻ്റെ "സീലു"കുത്തുമെന്ന് ലീഗിൻ്റെ തദ്ദേശമന്ത്രി അഭിമാനത്തോടെ പറഞ്ഞപ്പോൾ പി.എം.എ സലാമിനെ തിരിയിട്ട് തെരഞ്ഞിട്ട് കണ്ടില്ലല്ലോ? കേരളത്തിലെ സർവകലാശാലകളിൽ ആർ.എസ്.എസ് നോമിനികളെ വീസിമാരാക്കി ചാൻസലർ കൂടിയായ ഗവർണ്ണർ നിയമിച്ചപ്പോൾ ഏത് അടുപ്പിലായിരുന്നു ലീഗും ലീഗ് നേതാക്കളും?
കേരള സർവകലാശാലയിൽ വന്ദേമാതരം മുഴുവൻ ചൊല്ലൽ പതിവാക്കിയ ഗവർണറുടെ നടപടിയെ ഒരു വരികൊണ്ടെങ്കിലും വിമർശിക്കാൻ പി.എം.എ സലാമിന് സാധിക്കാതെ പോയതിൻ്റെ രഹസ്യം എന്താണ്?
കേരളത്തിലെ വിവിധ സർവകലാശാലകളുടെ സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും ആർ.എസ്.എസ്സുകാരെ ഗവർണർ തിരുകിക്കയറ്റിയപ്പോൾ ലീഗിൻ്റെ നാക്ക് ഇറങ്ങിപ്പോയിരുന്നോ?
ലീഗിൻ്റെ പലനേതാക്കളുടെയും നിലവിലെ രാഷ്ട്രീയ ജീവിതം, വ്യക്തിവിരോധം തീർക്കാൻ അധികാരം ദുരുപയോഗിക്കരുതെന്ന ഇടതുപക്ഷ സർക്കാർ നയത്തിൻ്റെ 'ദാന'മാണെന്ന കാര്യം ആരുമറന്നാലും സലാം മറക്കരുതായിരുന്നു. ജോൺബ്രിട്ടാസ് പാർലമെൻ്റിൽ നടത്തുന്ന പ്രസംഗങ്ങളുടെ നാലയലത്തെത്താൻ ലീഗ് എം.പിമാർക്ക് കഴിയാത്തത് അവരുടെ പ്രാപ്തിയില്ലായ്മ കൊണ്ടാണെന്നാണോ പി.എം.എ സലാം ധരിച്ചുവെച്ചിരിക്കുന്നത്? അതിനെയാണ് "ലീഗ്-ബി.ജെ.പി ഡീൽ" എന്നു വിളിക്കുക!


Click it and Unblock the Notifications
