സതീശന്റെ നേതൃത്വത്തിലുള്ളത് 'അറിഞ്ഞില്ല' മന്ത്രിസഭയോ? ഇവർക്ക് കണ്ണും കാതുമില്ലേ?; ചോദ്യവുമായി കെടി ജലീൽ
മലപ്പുറം: സംസ്ഥാന സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ കെടി ജലീൽ. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചകൾ അക്കമിട്ട് നിരത്തി കൊണ്ടാണ് ജലീൽ പരിഹാസ രൂപേണ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ക്ലിഫ് ഹൗസിലെ അറ്റകുറ്റപണി അടക്കമുള്ള വിഷയങ്ങൾ എടുത്തുകാട്ടിയാണ് ജലീൽ പരിഹാസം കടുപ്പിച്ചിരിക്കുന്നത്.
ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കാൻ വകുപ്പ് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. താൻ അറിയാതെയാണ് ഈ നിർദ്ദേശമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. തുടക്കം മുതൽ ഇത്തരം നവീകരണങ്ങൾക്ക് എതിരെ നിലപാട് എടുത്തിട്ടുള്ള ആൾ കൂടിയായിരുന്നു വിഡി സതീശൻ.

ഇതോടെയാണ് വിഷയം വിവാദമായത്. ഇതിന് പിന്നാലെ ആരോഗ്യ വകുപ്പിലും ഇത്തരത്തിൽ ഉണ്ടായ ചില വിഷയങ്ങൾ കെടി ജലീൽ എടുത്തുപറയുന്നുണ്ട്. പഞ്ഞി തീർന്നു പോയതും മരുന്ന് ഇല്ലാത്തതും മന്ത്രി അറിഞ്ഞില്ലെന്നാണ് ജലീൽ പരിഹസിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി കെ മുരളീധരൻ നടത്തിയ പ്രസ്‌താവനകൾ ചൂണ്ടിക്കാട്ടിയാണ് ജലീലിന്റെ പരിഹാസം.
ബേക്കറികളിലെ "വീഞ്ഞ്'' വിൽപ്പന ലൈസൻസും, വിമാനത്താവളത്തിലെ ബാർ വിൽപ്പനക്കുള്ള ലൈസൻസും നൽകിയതും വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്നും ജലീൽ ചൂണ്ടിക്കാണിക്കുന്നു. സർവകലാശാലകളിൽ സംഘികളെ ഗവർണർ കുത്തിനിറക്കുന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രിയും അറിഞ്ഞില്ലെന്ന് ജലീൽ ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറയുന്നു. നിരന്തരം സർക്കാരിനെ വിമർശിക്കുന്ന ജലീൽ ഇക്കുറി പരിഹാസ രൂപേണയാണ് പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.
കെടി ജലീലിന്റെ വാക്കുകൾ
സതീശന്റെ നേതൃത്വത്തിലുള്ളത് "അറിഞ്ഞില്ല" മന്ത്രിസഭയോ? ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണികൾ നടത്താൻ 1.24 കോടി (പുതിയത് പണിയാനല്ല) ചെലവിട്ടത്: മുഖ്യമന്ത്രി അറിഞ്ഞില്ല! ആശുപത്രികളിൽ പഞ്ഞി തീർന്നതും മരുന്ന് ഇല്ലാത്തതും: ആരോഗ്യമന്ത്രി അറിഞ്ഞില്ല! ബേക്കറികളിലെ "വീഞ്ഞ്'' വിൽപ്പന ലൈസൻസും, വിമാനത്താവളത്തിലെ ബാർ വിൽപ്പനക്കുള്ള ലൈസൻസും നൽകിയത്: എക്സൈസ് മന്ത്രി അറിഞ്ഞില്ല!
കെ-ടെറ്റ് പാസ്സാകാത്ത അദ്ധ്യാപകരെ പിരിച്ചു വിടുമെന്ന ഉത്തരവിറക്കിയത്: പൊതുവിദ്യാഭ്യാസ മന്ത്രി അറിഞ്ഞില്ല! സർവകലാശാലകളിൽ സംഘികളെ ഗവർണർ കുത്തിനിറക്കുന്നത്: ഉന്നതവിദ്യാഭ്യാസ മന്ത്രി അറിഞ്ഞില്ല! ഇതെന്താ കണ്ണും കാതുമില്ലാത്തവരുടെ മന്ത്രിസഭയോ?


Click it and Unblock the Notifications
