തവനൂരില്‍ കെടി ജലീല്‍ തന്നെ; സിപിഎം ആവശ്യപ്പെട്ടു, പൊന്നാനിയിൽ സ്വരാജ്, നിലമ്പൂരിൽ ഷറഫലിയും?
മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഏറെ പ്രതീക്ഷയോടെ വടക്കൻ കേരളത്തിൽ നോക്കി കാണുന്ന ചില സീറ്റുകളുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗ് നേട്ടമുണ്ടാക്കിയ മലപ്പുറത്തെ സീറ്റുകൾ പിടിച്ചെടുത്താൽ ഭരണത്തുടർച്ച ഉറപ്പാക്കാമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ കരുത്തരായ നേതാക്കളെ തന്നെ കളത്തിൽ ഇറക്കി പരമാവധി മണ്ഡങ്ങളിൽ നേടുകയാണ് അവരുടെ ലക്ഷ്യം.
അതിന്റെ ഭാഗമായി കെടി ജലീൽ, എം സ്വരാജ് അടക്കമുള്ള പ്രമുഖരെ തന്നെ ഇക്കുറി മലപ്പുറത്തെ വിവിധ മണ്ഡലങ്ങളിൽ അണിനിരത്തും. വയനാട് ടൗൺഷിപ്പ് ഉദ്‌ഘാടനത്തോടെ ലഭിച്ച ജനപിന്തുണ വരുന്ന തിരഞ്ഞെടുപ്പിൽ വോട്ടാക്കാനും പാർട്ടിയുടെ പ്രമുഖ മുഖങ്ങളെ തന്നെ രംഗത്തിറക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഇപ്പോഴിതാ ജലീൽ, സ്വരാജ് എന്നിവർക്ക് പുറമേ ചില പൊതുസ്വീകാര്യരുടെ പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്.

തവനൂരിൽ ജലീൽ തന്നെ
തവനൂര്‍ മണ്ഡലത്തിൽ മുന്‍ മന്ത്രി കെടി ജലീല്‍ തന്നെ ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായേക്കും. സിപിഎം സംസ്ഥാന നേതൃത്വം കെടി ജലീലിനോട് മണ്ഡലത്തിൽ മത്സരിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം. നേരത്തെ മണ്ഡലത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും എസ്എഫ്‌ഐ ദേശീയ പ്രസിഡന്റുമായ വിപി സാനുവിന്റെ പേര് ആയിരുന്നു ഉയർന്നുകേട്ടത്. ജില്ലാ നേതൃത്വം കൈമാറിയതും സാനുവിന്റെ പേരാണ്.
എന്നാൽ നിർണായകമായ മൂന്നാംഅങ്കത്തിൽ ഒരു പരീക്ഷണത്തിന് തയ്യാറാവേണ്ട എന്നും ഏത് വിധേനയും ജയിക്കുകയെന്നതാണ് മുഖ്യമെന്നുമാണ് പാർട്ടിയുടെ നിലപാട്. ഇതോടെയാണ് മണ്ഡലത്തിൽ ജനകീയനായ കെടി ജലീലിന് തന്നെ നറുക്ക് വീഴുന്നത്. മണ്ഡലം രൂപീകരിച്ചതു മുതല്‍ കെ ടി ജലീലിലൂടെയാണ് സിപിഎം ഇവിടെ ജയം നിലനിർത്തിയത്. മലപ്പുറത്ത് നിന്നുള്ള ഉറച്ച സീറ്റുകളിൽ ഒന്നാണ് തവനൂർ.
രണ്ട് തവണയെന്ന വ്യവസ്ഥ 2021ല്‍ സിപിഎം നടപ്പിലാക്കിയപ്പോഴും കെടി ജലീലിന് ഇളവ് നല്‍കിയിരുന്നു. എന്നാൽ ഇക്കുറി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ജലീല്‍ വ്യക്തമാക്കിയിരുന്നു. എങ്കിലും മണ്ഡലത്തിൽ അദ്ദേഹം തന്നെ ഇറങ്ങണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. ഏറെക്കുറെ മണ്ഡലത്തിൽ ജലീൽ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു.
പൊന്നാനിയിൽ എം സ്വരാജ് അല്ലെങ്കിൽ എംകെ സക്കീർ?
മലപ്പുറത്തെ ഇടത് മുന്നണിയുടെ മറ്റൊരു ഉറച്ച കോട്ടയായ പൊന്നാനിയിൽ എം സ്വരാജിനെ രംഗത്ത് ഇറക്കാനും പാർട്ടി തീരുമാനിച്ചതായാണ് വിവരം. 2006 മുതൽ എൽഡിഎഫിന് ഒപ്പം ഉറച്ച് നിൽക്കുന്ന ഇവിടെ ഇക്കുറിയും അത് സ്വരാജിലൂടെ ആവർത്തിക്കാം എന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർത്ഥി പതിനേഴായിരത്തിൽ അധികം വോട്ടുകൾക്ക് ഇവിടെ ജയിച്ചിരുന്നു. സ്വരാജിനെ സഭയിൽ എത്തിക്കുക എന്ന ലക്ഷ്യം കൂടി ഈ തീരുമാനത്തിന് പിന്നിലുണ്ട്. എന്നാൽ മണ്ഡലത്തിൽ എംകെ സക്കീറിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്.
നിലമ്പൂരിൽ യു ഷറഫലി ഇറങ്ങും
കഴിഞ്ഞ തവണ പിവി അൻവറിലൂടെ ഇടത് പക്ഷം നേടിയെങ്കിലും ഉപതിരഞ്ഞെടുപ്പിൽ അവരെ കൈവിട്ട മണ്ഡലമാണ് നിലമ്പൂർ. ഇവിടെയാണ് പൊതുസമ്മതനായ സ്ഥാനാർത്ഥി എന്ന നിലയിൽ ഫുട്‍ബോൾ താരം കൂടിയായ ഷറഫലിയെ ഇറക്കുന്നത്. ഏറെക്കാലമായി ഷറഫലിയുടെ പേര് ഉയർന്നുകേൾക്കാറുണ്ട്. നിലവിൽ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായ ഷറഫലിയെ ഇറക്കിയാൽ സീറ്റ് പിടിച്ചെടുക്കാമെന്നാണ് ഇടത് മുന്നണിയുടെ കണക്കുകൂട്ടൽ.












Click it and Unblock the Notifications